
















ലണ്ടനിലെ മേഫെയറിലുള്ള ക്ലബില്‍ അടുത്തിരുന്ന സ്ത്രീയുടെ മദ്യത്തില്‍ മയക്കുമരുന്ന് കലര്‍ത്തി ചൂഷണത്തിന് വിധേയനാക്കാന്‍ ശ്രമിച്ച ഇന്ത്യന്‍ വംശജന്‍ കുരുക്കില്‍. മിഷേലിന്‍ സ്റ്റാര്‍ ലഭിച്ചിട്ടുള്ള റെസ്റ്റൊറന്റ് മേധാവിയാണ് ആരോപണം നേരിടുന്നത്. എക്‌സ്‌ക്ലൂസീവ് പ്രൈവറ്റ് അംഗങ്ങള്‍ക്കുള്ള ക്ലബില്‍ വെച്ചാണ് മയക്കുമരുന്ന് കലര്‍ത്തിയതിന് 63-കാരന്‍ വികാസ് നാഥ് പിടിക്കപ്പെട്ടത്.
സ്ത്രീയെ വരുതിയിലാക്കാനുള്ള ക്ഷമയില്ലാത്തതിനാല്‍ എളുപ്പപ്പണിക്ക് മയക്കുമരുന്ന് കലര്‍ത്തിയെന്നാണ് ആരോപണം. ക്ലബിലെ റൂഫ്‌ടോപ് ഗാര്‍ഡന്‍ ബാറില്‍ സ്ത്രീയ്ക്ക് നല്‍കിയ സ്‌പൈസി മാര്‍ഗറിറ്റ ഡ്രിങ്കിലാണ് 63-കാരന്‍ ഗാമാ-ബുട്ടിറോലാക്ടോണ്‍ കലര്‍ത്തിയെന്ന് പരാതിയുള്ളത്.
എന്നാല്‍ ബാറിലെ ജീവനക്കാരുടെ ശ്രദ്ധ പദ്ധതി പൊളിച്ചു. നാഥ് പോക്കറ്റില്‍ നിന്നും എടുത്ത ചെറിയ ബോട്ടിലില്‍ സ്‌ട്രോ മുക്കിയ ശേഷം മാര്‍ഗറിറ്റയില്‍ ഇടുന്നത് ജീവനക്കാരുടെ കണ്ണില്‍ പെട്ടിരുന്നു. ഇതുകൊണ്ട് തന്നെ സ്ത്രീ തന്റെ ഡ്രിങ്ക് കുടിക്കുന്നതിന് മുന്‍പ് ജീവനക്കാര്‍ ഇത് മാറ്റിനല്‍കി. പോലീസ് സ്ഥലത്തേക്ക് എത്തുന്നതായി മനസ്സിലാക്കിയ നാഥ് ജിപിഎല്‍ ബോട്ടില്‍ ടോയ്‌ലറ്റ് സിസ്‌റ്റേണില്‍ ഉപേക്ഷിച്ചു. 
യുകെയിലും, സ്‌പെയിനിലുമായി മുന്‍നിര റെസ്റ്റൊറന്റുകള്‍ സ്വന്തമായുള്ള നാഥ് മദ്യത്തില്‍ മയക്കുമരുന്ന് കലര്‍ത്തിയതായി സമ്മതിച്ചിട്ടുണ്ട്. എന്നാല്‍ ഇവരുമായി സെക്‌സില്‍ ഏര്‍പ്പെടാനുള്ള ഉദ്ദേശത്തോടെയല്ലെന്നും, മറിച്ച് ഇവരെ റിലാക്‌സ് ചെയ്യിക്കാന്‍ വേണ്ടി ആയിരുന്നുവെന്നുമാണ് വാദം. എന്നാല്‍ കാര്യങ്ങള്‍ നടക്കുന്നതിന്റെ വേഗത പോരാതെ വന്നതോടെയാണ് നാഥ് ഈ പ്രയോഗം നടത്തിയതെന്നാണ് പ്രോസിക്യൂട്ടര്‍ വാദിക്കുന്നത്.
വീട്ടിലെത്തിച്ച് സെക്‌സില്‍ ഏര്‍പ്പെടുന്നത് ചിത്രീകരിക്കാന്‍ ക്യാമറയും തയ്യാറാക്കി വെച്ചിരുന്നതായി കണ്ടെത്തിയിട്ടുണ്ട്. ലൈംഗികതയില്‍ ഏര്‍പ്പെടുന്നത് രഹസ്യമായി ചിത്രീകരിക്കാന്‍ ഇത് ഉപയോഗിച്ചിട്ടുള്ളതായി നാഥ് സമ്മതിച്ചു. കേസില്‍ വിചാരണ തുടരുകയാണ്.