
















ഇതുവരെ ആന്‍ഡ്രൂവിന്റെ കൊള്ളരുതായ്മകള്‍ കണ്ടില്ലെന്ന് നടിച്ചും, അവഗണിച്ചും, തള്ളിക്കളഞ്ഞും ശീലിച്ച ബക്കിംഗ്ഹാം കൊട്ടാരത്തിന് പുതിയ എപ്സ്റ്റീന്‍ ഫയലുകള്‍ വലിയ ക്ഷീണമാണ് സമ്മാനിച്ചത്. പഴയത് പോലെ വെറും നുണയെന്ന് പറഞ്ഞ് തള്ളാന്‍ കഴിയാത്ത തെളിവുകള്‍ കണ്‍മുന്നില്‍ വന്നതോടെ ഒന്നും മിണ്ടാതെ മൂലയിലിരുപ്പാണ് നാഴികയ്ക്ക് നാല്‍പ്പത് വട്ടം പ്രസ്താവന ഇറക്കുന്ന കൊട്ടാര വക്താക്കള്‍. ഹാരി രാജകുമാരനെ പല ഭാഗത്ത് നിന്നും അക്രമിക്കാന്‍ ഒരുക്കം കൂട്ടിയ കൊട്ടാര വക്താക്കള്‍ക്കും, രാജഭക്തര്‍ക്കും, രാജകീയ വിദഗ്ധര്‍ക്കും ഇപ്പോള്‍ വായില്‍ നാക്കില്ലാത്ത അവസ്ഥയാണ്.
എന്നാല്‍ ആന്‍ഡ്രൂവിന്റെ പെരുമാറ്റങ്ങള്‍ ഇക്കുറി പിടിച്ചാല്‍ കിട്ടില്ലെന്ന് രാജാവ് ഏറെക്കുറെ മനസ്സിലാക്കിയിട്ടുണ്ട്. ആരോപണങ്ങളില്‍ കടുത്ത ആശങ്കയുള്ളതായാണ് ചാള്‍സ് രാജാവ് വ്യക്തമാക്കുന്നത്. പോലീസ് തങ്ങളെ 'സമീപിച്ചാല്‍' അന്വേഷണത്തിന് 'പിന്തുണ' നല്‍കുമെന്നാണ് കൊട്ടാരം ഇപ്പോള്‍ പറയുന്നത്. 
2010, 2011 കാലത്ത് യുകെയുടെ ട്രേഡ് എന്‍വോയി ആയി സേവനം നല്‍കവെ നിക്ഷേപ സാധ്യതകളെ കുറിച്ചുള്ള ഔദ്യോഗിക റിപ്പോര്‍ട്ടുകള്‍ ആന്‍ഡ്രൂ എപ്സ്റ്റീന് ചോര്‍ത്തിയെന്ന് വ്യക്തമായതോടെയാണ് രാജാവ് സംസാരിക്കാന്‍ നിര്‍ബന്ധിതനായത്. എപ്സ്റ്റീനുമായുള്ള സൗഹൃദത്തിന്റെ പേരില്‍ ആന്‍ഡ്രൂവിനെ ഇതുവരെ പ്രതിരോധിച്ച് വരികയായിരുന്നു കൊട്ടാരം.
എപ്സ്റ്റീന്‍ മനുഷ്യക്കടത്തിന് വിധേയമാക്കിയ തന്നെ ആന്‍ഡ്രൂ പീഡിപ്പിച്ചതായി ആരോപണം ഉന്നയിച്ച വിര്‍ജിനിയ ജിഫ്രെ നല്‍കിയ കേസ് പണം കൊടുത്ത് കോടതിക്ക് പുറത്ത് ഒത്തുതീര്‍പ്പാക്കുകയാണ് ചെയ്തത്. ആന്‍ഡ്രൂ താന്‍ തെറ്റ് ചെയ്തിട്ടില്ലെന്ന് ആവര്‍ത്തിച്ചു. എന്നാല്‍ ഇപ്പോള്‍ രണ്ടാമതൊരു സ്ത്രീ കൂടി ആന്‍ഡ്രൂവിനെതിരെ പീഡന ആരോപണം ഉന്നയിച്ചു. ലൈംഗികതയ്ക്കായി തന്നെ റോയല്‍ ലോഡ്ജില്‍ എത്തിച്ചെന്ന് ഇവര്‍ പറയുന്നു.
ആന്‍ഡ്രൂവിന് എതിരായ ആരോപണങ്ങളില്‍ ഉത്തരം പറയേണ്ടത് അയാള്‍ തന്നെയാണെന്നും കൊട്ടാര വക്താവ് കൂട്ടിച്ചേര്‍ത്തു. തെയിംസ് വാലി പോലീസ് സമീപിച്ചാല്‍ പിന്തുണയ്ക്കും. മുന്‍പ് പറഞ്ഞത് പോലെ രാജാവും, രാജ്ഞിയും ചൂഷണത്തിന് ഇരയായ ഇരകള്‍ക്കൊപ്പമാണ്, വക്താവ് അവകാശപ്പെട്ടു.