
















പലിശ നിരക്കുകള്‍ സമ്മറില്‍ 3 ശതമാനത്തിലേക്ക് താഴാന്‍ സാധ്യതയെന്ന് റിപ്പോര്‍ട്ട്. ബ്രിട്ടീഷ് സമ്പദ് വ്യവസ്ഥ വളര്‍ച്ചയുടെ പടികാണാതെ നില്‍ക്കുന്ന അവസ്ഥയില്‍ രക്ഷാപ്രവര്‍ത്തനത്തിനായി ബാങ്ക് ഓഫ് ഇംഗ്ലണ്ട് ഇറങ്ങിയാല്‍ മോര്‍ട്ട്‌ഗേജ് വിപണിക്ക് ആശ്വാസമാകുന്ന ആ വാര്‍ത്ത ലഭ്യമാകും.
രാജ്യത്ത് തൊഴിലില്ലായ്മ അഞ്ച് വര്‍ഷത്തെ ഉയര്‍ന്ന നിലയില്‍ എത്തിയതായി വെളിപ്പെട്ട് ഒരു ദിവസം പിന്നിടുമ്പോഴാണ് ഈ സാധ്യത തെളിയുന്നത്. യുവാക്കള്‍ക്കിടയില്‍ തൊഴിലില്ലായ്മ 11 വര്‍ഷത്തെ ഉയര്‍ന്ന നിലയിലാണെന്നും നാഷണല്‍ സ്റ്റാറ്റിസ്റ്റിക്‌സ് ഓഫീസ് കണ്ടെത്തിയിരുന്നു. ഇതിനൊപ്പം ജനുവരി മാസത്തെ പണപ്പെരുപ്പം 3 ശതമാനത്തിലേക്ക് താഴ്ന്നതും ഗുണമാകും.
ഡിസംബറില്‍ 3.4 ശതമാനത്തിലേക്ക് ഉയര്‍ന്ന ശേഷമാണ് പത്ത് മാസത്തിനിടെ താഴ്ന്ന നിരക്കിലേക്ക് പണപ്പെരുപ്പം തലകുനിച്ചത്. ഇതോടെ ഈ വര്‍ഷം കൂടുതല്‍ പലിശ നിരക്ക് കുറയാനുള്ള സാധ്യതകളും ഉറപ്പായി. മോര്‍ട്ട്‌ഗേജ് ഡീലുകള്‍ക്ക് ചെലവ് കുറയാന്‍ കാത്തിരിക്കുന്ന കുടുംബങ്ങളെ സംബന്ധിച്ച് ഇത് പ്രതീക്ഷയേകുന്ന വാര്‍ത്തയാണ്.
പണപ്പെരുപ്പം 2 ശതമാനത്തിലേക്ക് താഴ്ത്താനാണ് ബാങ്ക് ഓഫ് ഇംഗ്ലണ്ടിന്റെ പ്രഖ്യാപിത നയം. ലേബറിന്റെ ഉയര്‍ന്ന നികുതി പ്രഖ്യാപനങ്ങള്‍ക്കും, വേതന, എനര്‍ജി ബില്‍ പരിഷ്‌കാരങ്ങള്‍ക്കുമിടയിലും പണപ്പെരുപ്പം കുത്തനെ ഉയരുകയാണ് ചെയ്തത്. ചാന്‍സലറുടെ ആദ്യ ബജറ്റ് അവതരണത്തിന് മുന്‍പ് ഇത് 1.7 ശതമാനത്തിലാണ് നിലനിന്നത്.
പണപ്പെരുപ്പം താഴ്ന്നതോടെ ഇതാണ് ബജറ്റിലൂടെ താന്‍ ലക്ഷ്യമിട്ടതെന്ന് റേച്ചല്‍ റീവ്‌സ് അവകാശപ്പെട്ടു. അതേസമയം ലേബറിന് വളര്‍ച്ച ഉത്തേജിപ്പിക്കാന്‍ പദ്ധതിയില്ലെന്ന വെസ് സ്ട്രീറ്റിംഗിന്റെ പരാമര്‍ശം ചൂണ്ടിക്കാണിച്ച് കണ്‍സര്‍വേറ്റീവുകള്‍ ഇതിനെ പ്രതിരോധിക്കുകയാണ്. സമ്പദ് വ്യവസ്ഥ ദുര്‍ബലമാകുകയാണ് ചെയ്തതെന്നും ഷാഡോ ചാന്‍സലര്‍ ചൂണ്ടിക്കാണിച്ചു. ഈ സാഹചര്യത്തില്‍ അടുത്ത മാസം പലിശ നിരക്ക് താഴുമെന്നാണ് വിപണിയുടെ പ്രതീക്ഷ.