
















നോര്‍ത്ത് ലണ്ടനിലെ പല സ്‌കൂളുകളിലായി മീസില്‍സ് രോഗം അതിവേഗം പടര്‍ന്നുപിടിക്കുന്നു. ഇതിനകം 34 കുട്ടികള്‍ക്കെങ്കിലും രോഗം പിടിപെട്ടതായി ആരോഗ്യ വകുപ്പ് അധികൃതര്‍ അറിയിക്കുന്നു. എന്‍ഫീല്‍ഡില്‍ നിന്നുള്ള കേസുകള്‍ ജനുവരിയില്‍ ലാബ് ടെസ്റ്റുകള്‍ വഴി സ്ഥിരീകരിച്ചതാണെന്നും യുകെ ഹെല്‍ത്ത് സെക്യൂരിറ്റി ഏജന്‍സി റിപ്പോര്‍ട്ട് ചെയ്യുന്നു.
രോഗം പിടിപെടുന്ന അഞ്ചിലൊന്ന് കുട്ടികളെയും ആശുപത്രിയില്‍ പ്രവേശിപ്പിക്കുന്നതായി പ്രാദേശിക ജിപി സര്‍ജറി വ്യക്തമാക്കി. ഇവര്‍ക്ക് പ്രതിരോധ കുത്തിവെയ്പ്പ് എടുത്തിട്ടുമില്ല. കുട്ടികളുടെ കുത്തിവെയ്പ്പുകള്‍ കൃത്യമായി എടുക്കുന്നുവെന്ന് ഉറപ്പാക്കാന്‍ കുടുംബങ്ങളോട് അധികൃതര്‍ അഭ്യര്‍ത്ഥിച്ചു. ഗുരുകര ആരോഗ്യ പ്രശ്‌നങ്ങള്‍ സൃഷ്ടിക്കുന്ന രോഗങ്ങള്‍ക്കെതിരായ കുത്തിവെയ്പ്പുകള്‍ മുടക്കരുതെന്നാണ് നിര്‍ദ്ദേശം.
സ്‌കൂളുകളില്‍ വാക്‌സിനേഷന്‍ എടുക്കാതെ പോയവര്‍ക്ക് സൗജന്യമായി ഇത് ലഭ്യമാക്കുന്ന ക്ലിനിക്കുകള്‍ യുകെയില്‍ വിവിധ ഭാഗങ്ങളില്‍ പ്രവര്‍ത്തിക്കുന്നുണ്ട്. എന്‍ഫീല്‍ഡില്‍ മീസില്‍സ് അതിവേഗം പടര്‍ന്നുപിടിക്കുന്നതായി എന്‍എച്ച്എസ് ഓര്‍ഡ്‌നന്‍സ് യൂണിറ്റി സെന്റര്‍ ഫോര്‍ ഹെല്‍ത്ത് പറഞ്ഞു. എന്‍ഫീല്‍ഡിലും, സമീപത്തെ ഹാറിംഗെയിലും ഏഴ് സ്‌കൂളുകളിലെങ്കിലും രോഗം പടരുന്നുണ്ട്.
ഇംഗ്ലണ്ടില്‍ ജനുവരിയില്‍ 96 കേസുകളാണ് സ്ഥിരീകരിച്ചതെന്ന് യുകെഎച്ച്എസ്എയുടെ പുതിയ ഡാറ്റ പറയുന്നു. യുകെയ്ക്ക് മീസില്‍സിനെ തുരത്തിയെന്ന സ്ഥാനം 2024-ഓടെ നഷ്ടമായിരുന്നു.