
















തൊഴിലില്ലാത്ത തലമുറകളെ സൃഷ്ടിക്കുന്ന ഭരണകൂടമെന്ന ചീത്തപ്പേര് കരസ്ഥമാക്കി ലേബര്‍ ഗവണ്‍മെന്റ്. തൊഴിലില്ലായ്മ കുതിച്ചുയര്‍ന്നതോടെ ആനുകൂല്യങ്ങള്‍ കൈപ്പറ്റി ജീവിക്കുന്ന യുവതലമുറയാണ് രൂപമെടുക്കുന്നതെന്നാണ് മുന്നറിയിപ്പ്.
നാഷണല്‍ സ്റ്റാറ്റിസ്റ്റിക്‌സ് ഓഫീസ് കണക്കുകള്‍ പുറത്തുവന്നതോടെ തൊഴിലില്ലായ്മ അഞ്ച് വര്‍ഷത്തെ ഉയര്‍ന്ന നിരക്കായ 5.2 ശതമാനത്തിലേക്ക് ഉയര്‍ന്നതായാണ് വ്യക്തമായത്. പൊതുതെരഞ്ഞെടുപ്പ് നടക്കുന്ന സമയത്ത് 4.1 ശതമാനം മാത്രമായിരുന്ന നിരക്കാണ് 18 മാസത്തെ ലേബര്‍ ഭരണത്തില്‍ കുതിച്ചുയര്‍ന്നത്.
യുവാക്കള്‍ക്കിടയിലെ തൊഴിലില്ലായ്മ 16.1 ശതമാനത്തിലാണ്. നികുതി വര്‍ദ്ധനവുകളും, പണപ്പെരുപ്പം മറികടന്നുള്ള മിനിമം വേജ് വര്‍ദ്ധനവുകളും യുവാക്കളെ ജോലിക്കാരായി എടുക്കുന്നതിന് എംപ്ലോയേഴ്‌സിനിടയില്‍ വിമുഖത സൃഷ്ടിക്കാനാണ് ഉപകാരപ്പെട്ടത്.
16 മുതല്‍ 24 വയസ്സ് വരെയുള്ളവരിലെ തൊഴിലില്ലായ്മ 2014-ന് ശേഷം ആദ്യമായി ഏറ്റവും ഉയര്‍ന്ന നിലയിലെത്തി. യൂറോപ്യന്‍ യൂണിയന്റെ ശരാശരിക്കും മുകളിലേക്ക് ഒരു നൂറ്റാണ്ടിനിടെ ആദ്യമായാണ് യുകെ ഇടംപിടിക്കുന്നത്.
കീര്‍ സ്റ്റാര്‍മറും, റേച്ചല്‍ റീവ്‌സും ചുക്കാന്‍ പിടിക്കുന്ന ഭരണത്തില്‍ കാര്യങ്ങള്‍ അത്ര ശുഭമല്ലെന്ന് കണക്കുകള്‍ വിരല്‍ചൂണ്ടുന്നു. ബെനഫിറ്റുകളില്‍ ജീവിക്കുന്ന ഒരു യുവതലമുറയെ സൃഷ്ടിക്കുകയാണ് ഗവണ്‍മെന്റ് ചെയ്യുന്നതെന്ന് ലേബര്‍ ഗ്രാന്‍ഡി അലന്‍ മില്‍ബേണ്‍ കുറ്റപ്പെടുത്തി. കീര്‍ സ്റ്റാര്‍മര്‍ വിവാദങ്ങള്‍ മൂലം ശ്രദ്ധയില്ലാത്ത അവസ്ഥയിലാണ്, ഇതിന്റെ ശിക്ഷ കുടുംബങ്ങളാണ് അനുഭവിക്കുന്നത്, ടോറി നേതാവ് കെമി ബാഡെനോക് ആരോപിച്ചു.