
















മലയാളികള്‍ക്ക് അഭിമാനിക്കാവുന്ന നേട്ടമായി യുകെയിലെ രാഷ്ട്രീയ രംഗത്ത് ശ്രദ്ധ നേടുകയാണ് ജയ ജോര്‍ജി.. കാഞ്ഞങ്ങാട് സ്വദേശിയായ ജയ, സഫോള്‍ക്ക് കൗണ്ടി കൗണ്‍സില്‍ തിരഞ്ഞെടുപ്പില്‍ മത്സരിക്കുന്നതിലൂടെ ശ്രദ്ധേയമായ ചരിത്ര നേട്ടത്തിനാണ് തുടക്കമിടുന്നത്.
സഫോള്‍ക്ക് കൗണ്ടി കൗണ്‍സില്‍ തിരഞ്ഞെടുപ്പില്‍ മത്സരിക്കുന്ന ആദ്യ ഏഷ്യന്‍ വനിതകളില്‍ ഒരാളായ ജയയുടെ സ്ഥാനാര്‍ത്ഥിത്വം വലിയ പ്രാധാന്യമര്‍ഹിക്കുന്നു. ലേബര്‍ പാര്‍ട്ടിയുടെ സജീവ പ്രവര്‍ത്തകയായ അവര്‍ക്കു പാര്‍ട്ടി സുരക്ഷിത സീറ്റാണ് നല്‍കിയിരിക്കുന്നത്. ഇത് പാര്‍ട്ടിയിലെയും പൊതുസമൂഹത്തിലെയും അവരുടെ വിശ്വാസ്യതയും സ്വാധീനവും വ്യക്തമാക്കുന്നു.
എന്‍എച്ച്എസി ല്‍ ജോലി തുടരുന്നതിനൊപ്പം സജീവ രാഷ്ട്രീയ പ്രവര്‍ത്തനവും ജയ മുന്നോട്ടുകൊണ്ടുപോകുന്നു. പ്രാദേശികവും ദേശീയതലത്തിലും പാര്‍ട്ടിക്ക് വേണ്ടി പ്രവര്‍ത്തിച്ച് അവര്‍ ഇതിനകം തന്നെ ശ്രദ്ധ നേടിയിട്ടുണ്ട്. നിലവില്‍ കണ്‍സര്‍വേറ്റീവ് സ്വാധീനമുള്ള പ്രദേശമായതിനാല്‍ ഈ സീറ്റ് രാഷ്ട്രീയമായി ഏറെ നിര്‍ണായകമാണ്.
കേംബ്രിഡ്ജില്‍ മികച്ച നഴ്സിനുള്ള പുരസ്‌കാരം നേടിയ ജോര്‍ജി എബ്രഹാമിന്റെ ഭാര്യയാണ് ജയ. അഭിഭാഷകനായിരുന്ന പിതാവ് ജോസും, കോളജ് പ്രൊഫസറായിരുന്ന മാതാവ് മേരിക്കുട്ടിയും അവരുടെ ജീവിതത്തിലും രാഷ്ട്രീയ വളര്‍ച്ചയിലും വലിയ പിന്തുണയായി നിന്നവരാണ്.
''ഇത് യുകെ മലയാളി സമൂഹത്തിനാകെ ലഭിക്കുന്ന അംഗീകാരമാണ്'' എന്ന് ജയ പ്രതികരിച്ചു. സഫോള്‍ക്ക് കാന്‍സര്‍ സപ്പോര്‍ട്ട് അംബാസഡറായും ഇംപ്‌സ്വിച്ച് മലയാളി അസോസിയേഷന്‍ ജോയിന്റ് സെക്രട്ടറിയായും അവര്‍ പ്രവര്‍ത്തിക്കുന്നു. കൂടാതെ സ്ത്രീശക്തീകരണത്തിനായി പ്രവര്‍ത്തിക്കുന്ന ഫ്യൂച്ചര്‍ ഫിമെയില്‍ സൊസൈറ്റിയിലും അവര്‍ സജീവ സാന്നിധ്യമാണ്.