
















ഇറാന്‍ യുദ്ധത്തില്‍ കൈപൊള്ളിയിരിക്കുന്ന അമേരിക്കന്‍ പ്രസിഡന്റ് തങ്ങളെ സഹായിക്കാന്‍ തയ്യാറാകാത്ത യൂറോപ്യന്‍ നേതാക്കളുടെ നിലപാടിലുള്ള രോഷം തീര്‍ത്തത് പ്രധാനമന്ത്രി കീര്‍ സ്റ്റാര്‍മറുടെ മുകളില്‍. ഓവല്‍ ഓഫീസില്‍ നിന്നുള്ള പത്രസമ്മേളനത്തില്‍ ബ്രിട്ടീഷ് പ്രധാനമന്ത്രിയുടെ നിലപാട് നിരാശാജനകമാണെന്ന് യുഎസ് പ്രസിഡന്റ് കുറ്റപ്പെടുത്തി.
സ്റ്റാര്‍മര്‍ 'ചര്‍ച്ചില്‍' ഒന്നുമല്ലെന്ന വിമര്‍ശനമാണ് ഇക്കുറിയും ട്രംപ് ആവര്‍ത്തിച്ചത്. തന്റെ ടേബിളിന് പിന്നില്‍ വെച്ചിട്ടുള്ള ബ്രിട്ടന്റെ യുദ്ധകാല പ്രധാനമന്ത്രിയുടെ ചിത്രം ചൂണ്ടിക്കാണിച്ച് കൊണ്ടാണ് പ്രസിഡന്റ് വിമര്‍ശനത്തിന്റെ കൂരമ്പുകള്‍ തൊടുത്തത്. 
ലേബറിന്റെ നയങ്ങള്‍ എടുത്ത് വിമര്‍ശിച്ച് ബ്രിട്ടന്റെ രാഷ്രീയത്തില്‍ ഉള്‍പ്പെടെ അഭിപ്രായം പറയാനും പ്രസിഡന്റ് തയ്യാറായി. ഇമിഗ്രേഷന്‍ നയങ്ങള്‍ പൊളിവാണെന്നും, വിന്‍ഡ് ടര്‍ബൈനുകള്‍ പക്ഷികളെ കൊല്ലുമെന്നുമാണ് ട്രംപിന്റെ വിമര്‍ശനം. ഇമ്മാനുവല്‍ മാക്രോണിനെയും ട്രംപ് വെറുതെവിട്ടില്ല.
ഫ്രഞ്ച് പ്രസിഡന്റ് അധികം വൈകാതെ ഓഫീസില്‍ നിന്നും പുറത്താകുമെന്ന് പ്രസിഡന്റ് വിമര്‍ശിച്ചു. ഹോര്‍മുസ് കടലിടുക്ക് തുറന്ന് പ്രവര്‍ത്തിക്കാന്‍ സഹായം തേടിയ യുഎസിനെ ഫ്രാന്‍സ് അപ്പാടെ തള്ളിയതിന്റെ രോഷമാണ് ഇതില്‍ പ്രകടമായത്.
പേര്‍ഷ്യന്‍ ഗള്‍ഫിലെ കടലിടുക്ക് ആഗോള എണ്ണ വിതരണത്തില്‍ സുപ്രധാനമാണ്. മിസൈല്‍, ഡ്രോണ്‍ അക്രമണങ്ങളിലൂടെ ഇത് തടഞ്ഞ് നിര്‍ത്തുകയാണ് ഇറാന്‍ ചെയ്യുന്നത്. എന്നാല്‍ വിഷയത്തില്‍ ഇടപെടാന്‍ യൂറോപ്യന്‍ നേതാക്കള്‍ തയ്യാറാകാത്തത് ട്രംപിനെ ചൊടിപ്പിക്കുകയാണ്. 'ഒരാളുടെയും സഹായം വേണ്ട' എന്ന് ട്രംപ് തന്റെ ട്രൂത്ത് സോഷ്യല്‍ സൈറ്റില്‍ കുറിച്ചത് ഇതിന്റെ ഭാഗമാണ്.