CURRENCY RATE -
1 GBP :
0.00 INR
1 EUR :
0.00 INR
1 USD :
0.00 INR
Last Updated :
58 Minutes 57 Seconds Ago
Breaking Now

കുടിയേറ്റക്കാര്‍ക്ക് ആശ്വാസമേകാന്‍ ഇമിഗ്രേഷന്‍ പദ്ധതിയില്‍ പ്രധാനമന്ത്രി ഇടപെട്ടേക്കും; സെറ്റില്‍മെന്റിന് ആളുകള്‍ 10 വര്‍ഷം കാത്തിരിക്കുന്നതില്‍ ഇളവ് വരും; ലേബര്‍ എംപിമാരുടെ വിമര്‍ശനം പരിഗണിച്ച് ഇളവിന് സാധ്യത

റെക്കോര്‍ഡ് തോതില്‍ ഇമിഗ്രേഷന്‍ ലെവല്‍ ഉയര്‍ന്നതോടെയാണ് ഇമിഗ്രേഷന്‍ സിസ്റ്റം നിയന്ത്രിക്കേണ്ടി വന്നതെന്ന് പ്രധാനമന്ത്രിയുടെ വക്താവ്

ഇമിഗ്രേഷന്‍ സിസ്റ്റത്തിലെ പരിഷ്‌കാരങ്ങള്‍ ബ്രിട്ടനിലെ കുടിയേറ്റക്കാരെ ആശങ്കയുടെ മുള്‍മുനയില്‍ നിര്‍ത്തുന്നതിനിടെ ആഘാതം കുറയ്ക്കാന്‍ പ്രധാനമന്ത്രി ഇടപെടുന്നു. ഹോം ഓഫീസ് വരുത്തുന്ന മാറ്റങ്ങള്‍ നിലവില്‍ രാജ്യത്തുള്ളവരെ സാരമായി ബാധിക്കുന്നതില്‍ ലേബര്‍ എംപിമാരും, മുന്‍ ഉപപ്രധാനമന്ത്രി ആഞ്ചെല റെയ്‌നറും രൂക്ഷവിമര്‍ശനം ഉയര്‍ത്തിയതോടെയാണ് ഇടപെടല്‍. 

പ്രഖ്യാപിത മാറ്റങ്ങളില്‍ നിന്നും വന്‍തോതില്‍ ആളുകള്‍ക്ക് ഇളവ് നല്‍കാനാണ് പ്രധാനമന്ത്രി ആലോചിക്കുന്നത്. ഹോം സെക്രട്ടറി പ്രഖ്യാപിച്ച പദ്ധതികള്‍ യുകെയില്‍ സെറ്റില്‍ഡ് സ്റ്റാറ്റസ് ലഭിക്കുന്നത് ഏറെ ബുദ്ധിമുട്ടാക്കുന്ന സ്ഥിതിയാണ്. പാര്‍ട്ടിയുടെ നില മോശമാകാതിരിക്കാന്‍ കൂടിയാണ് ഇടപെടലെന്നാണ് സൂചന. 

നിലവില്‍ അഞ്ച് വര്‍ഷം കൊണ്ട് ഇന്‍ഡെഫനിറ്റ് ലീവ് ടു റിമെയിന്‍ ലഭിക്കുന്നത് പത്ത് വര്‍ഷമാക്കാനാണ് നിര്‍ദ്ദേശം. ഇതില്‍ പബ്ലിക് സെക്ടറില്‍ ഉള്‍പ്പെടെ ജോലി ചെയ്യുന്ന കുടിയേറ്റക്കാര്‍ക്ക് ഇളവ് നല്‍കാനാണ് ഗവണ്‍മെന്റ് കണ്‍സള്‍ട്ടേഷനില്‍ നിര്‍ദ്ദേശമുള്ളത്. സെറ്റില്‍മെന്റിന്റെ തൊട്ടരികില്‍ എത്തിയവര്‍ക്കും ഇളവ് ലഭിക്കാനാണ് സാധ്യത. 

എത്രത്തോളം ഇളവ് നല്‍കണമെന്ന കാര്യത്തിലാണ് ഇപ്പോള്‍ മന്ത്രിമാര്‍ ചര്‍ച്ച നടത്തുന്നത്. എന്നിരുന്നാലും രാജ്യത്ത് ഇതിനകം പ്രവേശനം ലഭിച്ച എല്ലാവര്‍ക്കും ഇളവ് നല്‍കില്ലെന്ന് ഡൗണിംഗ് സ്ട്രീറ്റ് വ്യക്തമാക്കി. 

റെക്കോര്‍ഡ് തോതില്‍ ഇമിഗ്രേഷന്‍ ലെവല്‍ ഉയര്‍ന്നതോടെയാണ് ഇമിഗ്രേഷന്‍ സിസ്റ്റം നിയന്ത്രിക്കേണ്ടി വന്നതെന്ന് പ്രധാനമന്ത്രിയുടെ വക്താവ് പറഞ്ഞു. എന്നാല്‍ ഹോം സെക്രട്ടറി ഷബാന മഹ്മൂദിന്റെ പദ്ധതികള്‍ ഇമിഗ്രേഷന്‍ വിരുദ്ധ വോട്ടുകള്‍ റിഫോം പാര്‍ട്ടിയെ ശക്തിപ്പെടുത്തുന്നത് തടയാന്‍ കൂടി ഉദ്ദേശിച്ചുള്ളതാണ്. ഇതിനിടെ ഗ്രീന്‍ പാര്‍ട്ടി ഇടത് വോട്ടുകള്‍ കവരുന്ന സാഹചര്യത്തിലാണ് പുനരാലോചനയെന്നാണ് കരുതുന്നത്. 




കൂടുതല്‍വാര്‍ത്തകള്‍.