
















പീറ്റര്‍ മണ്ടേല്‍സണ്‍ വിവാദം ലേബര്‍ ഗവണ്‍മെന്റിനെ വിടാതെ പിടിച്ചിരിക്കുകയാണ്. എപ്സ്റ്റീനുമായി അടുത്ത സൗഹൃദം പുലര്‍ത്തിയ മണ്ടേല്‍സനെ കണ്ണുംപൂട്ടി യുഎസിലേക്കുള്ള ബ്രിട്ടീഷ് അംബാസിഡറാക്കിയ നടപടിയാണ് പ്രധാനമന്ത്രിയെയും, ഗവണ്‍മെന്റിനെയും തിരിഞ്ഞുകൊത്തുന്നത്. ഇയാള്‍ ഔദ്യോഗിക രേഖകള്‍ പോലും ചോര്‍ത്തിയെന്ന സംശയത്തില്‍ അന്വേഷണം നേരിടുമ്പോള്‍ ന്യായീകരിക്കാന്‍ പാടുപെടുകയാണ് കീര്‍ സ്റ്റാര്‍മര്‍.
തനിക്ക് ഒന്നും അറിയില്ലെന്ന പതിവ് പല്ലവിയാണ് ഇക്കുറിയും സ്റ്റാര്‍മര്‍ പുറത്തെടുക്കുന്നത്. എന്നാല്‍ വിവാദം പൊട്ടിപ്പുറപ്പെടുന്നതിന് ആഴ്ചകള്‍ക്ക് മുന്‍പ് തന്നെ സ്റ്റാര്‍മറുടെ രണ്ട് ഉന്നത സഹായികള്‍ക്ക് ഇതേക്കുറിച്ച് അറിവുണ്ടായിരുന്നുവെന്നാണ് ഇപ്പോള്‍ വ്യക്തമാകുന്നത്. ഗവണ്‍മെന്റിന് മേല്‍ സ്റ്റാര്‍മര്‍ക്ക് നിയന്ത്രണമില്ലെന്ന ആരോപണങ്ങള്‍ ശക്തമാകുന്നതിനിടെയാണ് ഈ വെളിപ്പെടുത്തല്‍.
മണ്ടേല്‍സണ്‍ സുരക്ഷാ വെറ്റിംഗില്‍ പരാജയപ്പെട്ട ശേഷമാണ് യുഎസ് അംബാസിഡറാകാനുള്ള ഗ്രീന്‍ സിഗ്നല്‍ ലഭിച്ചതെന്ന് കഴിഞ്ഞ മാസം തന്നെ രാജ്യത്തെ ഉന്നത സിവില്‍ സെര്‍വന്റ് ആന്റോണിയാ റോമിയോ, ക്യാബിനറ്റ് ഓഫീസിലെ കാറ്റ് ലിറ്റില്‍ എന്നിവര്‍ക്ക് അറിവുണ്ടായിരുന്നുവെന്നാണ് ഇപ്പോഴത്തെ വെളിപ്പെടുത്തല്‍. ഇതിനിടെ വെറ്റിംഗ് പ്രശ്‌നത്തില്‍ ദിവസങ്ങളോളം സ്റ്റാര്‍മര്‍ ഒരു മറുപടിയും നല്‍കാതെ നിശബ്ദത പാലിച്ചതും ചോദ്യത്തിന് ഇടയാക്കുന്നു.
പുതിയ വിവാദം സംബന്ധിച്ച് വേഗത്തില്‍ എംപിമാരെ അറിയിക്കാതെ മന്ത്രിതല നിയമങ്ങള്‍ ലംഘിച്ചുവെന്നാണ് പ്രധാനമന്ത്രി നേരിടുന്ന ആരോപണം. സുരക്ഷാ പരിശോധനയില്‍ പരാജയപ്പെട്ട ശേഷവും മുതിര്‍ന്ന ലേബര്‍ അംഗത്തെ അംബാസിഡറാക്കാനുള്ള നീക്കവുമായി മുന്നോട്ട് പോയെന്ന് ചൊവ്വാഴ്ച മാത്രമാണ് താന്‍ അറിഞ്ഞതെന്ന് പ്രധാനമന്ത്രി പറയുന്നു. എന്നാല്‍ വാര്‍ത്ത ചോര്‍ന്ന് ദിവസങ്ങളോളം സ്റ്റാര്‍മര്‍ ഇതേക്കുറിച്ച് സംസാരിച്ചില്ല.