CURRENCY RATE -
1 GBP :
0.00 INR
1 EUR :
0.00 INR
1 USD :
0.00 INR
Last Updated :
41 Minutes 37 Seconds Ago
Breaking Now

ദാ മോര്‍ട്ട്‌ഗേജ് വിപണി കാത്തിരുന്ന ആശ്വാസ വാര്‍ത്ത! മൂന്ന് പ്രധാനപ്പെട്ട ലെന്‍ഡര്‍മാര്‍ നിരക്കുകള്‍ കുറച്ചു; മിഡില്‍ ഈസ്റ്റ് സംഘര്‍ഷത്തില്‍ അയവ് വരുന്നതിന്റെ ചുവടുപിടിച്ചുള്ള നീക്കം; മോര്‍ട്ട്‌ഗേജ് എടുക്കാന്‍ ആഗ്രഹിക്കുന്നവര്‍ക്കും, റീമോര്‍ട്ട്‌ഗേജ് ചെയ്യുന്നവര്‍ക്കും ആശ്വാസം

നിലവിലെ ആഗോള രാഷ്ട്രീയ സാഹചര്യം ചാഞ്ചാടുന്നതിനാല്‍ സ്ഥിതി എപ്പോള്‍ വേണമെങ്കിലും മാറിമറിയാം

മോര്‍ട്ട്‌ഗേജ് വിപണി ഒട്ടും ആഗ്രഹിക്കാത്ത വാര്‍ത്തയായിരുന്നു ഇറാനിലെ യുഎസ്-ഇസ്രയേല്‍ യുദ്ധം. ബ്രിട്ടനില്‍ പലിശ നിരക്ക് കുറയ്ക്കാനുള്ള സാധ്യതകള്‍ തെളിഞ്ഞ സമയത്തായിരുന്നു യുദ്ധത്തിന്റെ ആരംഭം. ഇതോടെ എണ്ണ വിപണിക്ക് തീപിടിക്കുകയും, ഇത് പണപ്പെരുപ്പ ഭീഷണി ഉയര്‍ത്തുകയും, മോര്‍ട്ട്‌ഗേജ് നിരക്കുകള്‍ ഉയരാന്‍ ഇടയാക്കുകയും ചെയ്തു.

ഇപ്പോള്‍ യുദ്ധ സാഹചര്യത്തില്‍ അയവ് വരികയും, വെടിനിര്‍ത്തല്‍ പ്രഖ്യാപിക്കുകയും ചെയ്തിട്ടുണ്ട്. ഒപ്പം ലോകത്തിലെ എണ്ണ വിതരണത്തില്‍ സുപ്രധാനമായ ഹോര്‍മുസ് കടലിടുക്ക് തുറന്നിടുകയും ചെയ്തിരിക്കുന്നു. ഇന്ധനവിപണിയിലെ ആഘാതം കുറയ്ക്കുന്ന നടപടികളുടെ പ്രതിഫലനം ബ്രിട്ടനിലെ മോര്‍ട്ട്‌ഗേജ് വിപണിയിലും എത്തുന്നുവെന്നത് സമാശ്വാസമാണ്. 

ഭവനഉടമകള്‍ക്ക് അധികം വൈകാതെ ആശ്വാസം ലഭിക്കുമെന്ന സൂചന നല്‍കി രാജ്യത്തെ മൂന്ന് സുപ്രധാന ലെന്‍ഡര്‍മാര്‍ മോര്‍ട്ട്‌ഗേജ് നിരക്കുകള്‍ കുറച്ചിരിക്കുകയാണ്. മിഡില്‍ ഈസ്റ്റ് സംഘര്‍ഷത്തിനിടെ വര്‍ദ്ധിപ്പിച്ച ശേഷമാണ് ഈ തിരിച്ചിറക്കം. എച്ച്എസ്ബിസി, സാന്‍ടാന്‍ഡര്‍, ടിഎസ്ബി എന്നിവരാണ് ഈയാഴ്ച നിരക്ക് കുറയ്ക്കാന്‍ തയ്യാറായത്. വിപണിയിലേക്ക് ആത്മവിശ്വാസം തിരിച്ചെത്തുന്നതിന്റെ സൂചന കൂടിയാണിത്. 

തെരഞ്ഞെടുക്കപ്പെട്ട ഫിക്‌സഡ് റേറ്റ് മോര്‍ട്ട്‌ഗേജുകളില്‍ 0.45 ശതമാനം പോയിന്റ് കുറവാണ് ടിഎസ്ബി വരുത്തിയിരിക്കുന്നത്. എച്ച്എസ്ബിസി തങ്ങളുടെ ചില ഡീലുകള്‍ക്ക് 0.34 ശതമാനം പോയിന്റും, സാന്‍ടാന്‍ഡര്‍ 0.28 ശതമാനം പോയിന്റും നിരക്ക് കുറച്ചു. എച്ച്എസ്ബിസി ഉള്‍പ്പെടെ നിരക്ക് കുറച്ചതോടെ മറ്റ് ബാങ്കുകളും ഈ വഴി പിന്തുടരുമെന്ന് ഉറപ്പായി. 

എന്നിരുന്നാലും നിലവിലെ ആഗോള രാഷ്ട്രീയ സാഹചര്യം ചാഞ്ചാടുന്നതിനാല്‍ സ്ഥിതി എപ്പോള്‍ വേണമെങ്കിലും മാറിമറിയാം. ഇതിന്റെ ഫലമായി മോര്‍ട്ട്‌ഗേജ് നിരക്കും വര്‍ദ്ധിക്കാമെന്ന് വിദഗ്ധര്‍ മുന്നറിയിപ്പ് നല്‍കുന്നു. 




കൂടുതല്‍വാര്‍ത്തകള്‍.