
















റേച്ചല്‍ റീവ്‌സിന്റെ നികുതി വര്‍ദ്ധനവുകള്‍ ഖജനാവിലേക്ക് പണമൊഴുക്കുമ്പോഴും പല ബിസിനസ്സ് സ്ഥാപനങ്ങള്‍ക്കും അന്തകനായി മാറുന്നുണ്ട്. ഇതിനൊപ്പമാണ് ജോലി കിട്ടുകയെന്ന സ്വപ്‌നം കൊണ്ട് നടക്കുന്ന യുവാക്കള്‍ക്ക് തൊഴിലില്ലായ്മ സമ്മാനിക്കാന്‍ റീവ്‌സിന്റെ നികുതി വര്‍ദ്ധനവുകള്‍ ഇടയാക്കിയത്.
റീവ്‌സിന്റെ നികുതി വര്‍ദ്ധനവുകള്‍ യുവാക്കളെ ജോലിക്കെടുക്കുന്നത് സ്ഥാപനങ്ങള്‍ക്ക് വലിയ ഭാരമായി മാറിയതാണ് പ്രതിസന്ധി സൃഷ്ടിച്ചതെന്ന് എംപിമാര്‍ കുറ്റപ്പെടുത്തുന്നു. ഉയര്‍ന്ന മിനിമം വേജ്, നാഷണല്‍ ഇന്‍ഷുറന്‍സ് വര്‍ദ്ധന, എംപ്ലോയ്‌മെന്റ് അവകാശ ബില്‍ എന്നിവയാണ് ബിസിനസ്സുകള്‍ക്ക് ഷോക്കായി മാറിയത്.
വിദ്യാഭ്യാസം, ജോലി, ട്രെയിനിംഗ് എന്നിവയില്ലാതെ നില്‍ക്കുന്ന യുവാക്കളുടെ എണ്ണം ഇപ്പോള്‍ ഒരു മില്ല്യണ് അരികിലേക്കാണ് എത്തിയത്. 'ബില്‍ഡേഴ്‌സിന് യുവാക്കളെ ജോലിക്കെടുക്കാന്‍ ആഗ്രഹമുണ്ട്. എന്നാല്‍ ലേബര്‍ ചുമത്തിയ ചെലവുകള്‍ ഇവര്‍ക്ക് അവസരം നല്‍കുന്നത് വലിയ ഭാരമാക്കി മാറ്റുകയാണ്. യുവാക്കള്‍ക്ക് ജോലി ലഭിക്കുന്ന പ്രശ്‌നം മാറ്റാന്‍ അതിന് മേല്‍ നികുതി ചുമത്തിയാല്‍ ശരിയാകില്ല. കുട്ടികള്‍ സമ്പാദിക്കണമെങ്കില്‍ ചെലവുകള്‍ കുറച്ച് കൊടുക്കണം', ടോറി ഷാഡോ ചാന്‍സലര്‍ മെല്‍ സ്‌ട്രൈഡ് ചൂണ്ടിക്കാണിച്ചു.
തൊഴില്‍ വിപണി നശിപ്പിക്കുന്നതിലാണ് ലേബര്‍ വിജയിച്ചത്. യുവാക്കള്‍ക്ക് ഒരു ജോലി കിട്ടാന്‍ പോലുമില്ലാത്ത അവസ്ഥയാണ്, റിഫോമിന്റെ ലീ ആന്‍ഡേഴ്‌സണ്‍ പറഞ്ഞു.