
















ബ്രിട്ടനില്‍ വാടകക്കാര്‍ക്കുള്ള അവകാശങ്ങള്‍ വിപുലപ്പെടുത്തി നടപ്പിലാക്കിയ റെന്റേഴ്‌സ് റൈറ്റ്‌സ് ആക്ട് വാടക വിപണിയില്‍ പോരാട്ടത്തിന് വേദിയൊരുക്കുന്നു. നിയമം പ്രാബല്യത്തില്‍ വന്നതോടെ വാടകക്കാര്‍ക്ക് നോട്ടീസ് നല്‍കുന്നത് കുതിച്ചുയരുമെന്നാണ് ലാന്‍ഡ്‌ലോര്‍ഡ്‌സും, ലെറ്റിംഗ് ഏജന്റുമാരും കരുതുന്നത്.
നിലവിലെ ടെനന്‍സി അവസാനിപ്പിക്കാന്‍ അഞ്ചില്‍ രണ്ട് വാടകക്കാര്‍ നോട്ടീസ് നല്‍കാന്‍ ഒരുങ്ങുന്നുവെന്ന് ദിസ് ഈസ് മണിക്ക് ലഭിച്ച ഡാറ്റ വ്യക്തമാക്കുന്നു. മേയ് 1 മുതലാണ് റെന്റേഴ്‌സ് റൈറ്റ്‌സ് ആക്ട് നിലവില്‍ വന്നത്. 1980-കള്‍ക്ക് ശേഷം ഈ മേഖലയിലെ ഏറ്റവും വലിയ പരിഷ്‌കാരങ്ങള്‍ മൂലം ലാന്‍ഡ്‌ലോര്‍ഡ്‌സിനേക്കാള്‍ അധികാരങ്ങള്‍ റെന്റേഴ്‌സിന് ലഭിക്കുന്ന നില വന്നിട്ടുണ്ട്.
ഫിക്‌സഡ് ടേം കോണ്‍ട്രാക്ടുകള്‍ അവസാനിപ്പിച്ചതാണ് ഏറ്റവും വലിയ മാറ്റം. ഇതുവരെ ഒരു വര്‍ഷത്തെ ഫിക്‌സഡ് ടെനന്‍സ് എഗ്രിമെന്റാണ് വാടകക്കാര്‍ പൊതുവെ ഒപ്പുവെച്ചിരുന്നത്. ഇത് പ്രകാരം വീട് വിട്ടുപോയാലും 12 മാസത്തെ വാടക നല്‍കണമെന്നായിരുന്നു നിബന്ധന. ഇത് ഇപ്പോള്‍ നിയമവിരുദ്ധമാണ്.
എല്ലാത്തരം ഫിക്‌സഡ് ടേം അഷ്വേഡ് ടെനന്‍സികളും, അഷ്വേഡ് ഷോര്‍ട്ട്‌ഹോള്‍ഡ് ടെനന്‍സികളും നിര്‍ത്തലാക്കുകയും, പീരിയോഡിക് ടെനന്‍സികളിലേക്ക് മാറുകയും ചെയ്തിട്ടുണ്ട്. നിയമം മാറുന്നതിന് മുന്‍പ് ഒപ്പുവെച്ച ഫിക്‌സഡ് ടെനന്‍സികളിലും ഇതിന് പ്രാബല്യമുണ്ട്. ഇതോടെ ദൈര്‍ഘ്യമേറിയ കരാറുകളില്‍ വാടകക്കാരെ കുരുക്കിയിടാന്‍ ലാന്‍ഡ്‌ലോര്‍ഡ്‌സിന് സാധിക്കില്ല. കൂടാതെ രണ്ട് മാസത്തെ നോട്ടീസ് നല്‍കി കരാര്‍ അവസാനിപ്പിക്കാനും അവകാശമുണ്ട്.