
















പ്രധാനമന്ത്രി പദത്തില്‍ പിടിച്ചുതൂങ്ങാനായി നടത്തിയ പ്രസംഗവും തിരിച്ചടിച്ചതോടെ കീര്‍ സ്റ്റാര്‍മര്‍ പ്രതിസന്ധിയില്‍. ക്യാബിനറ്റ് മന്ത്രിമാര്‍ നേരിട്ട് രാജി ആവശ്യപ്പെട്ടതോടെയാണ് സ്റ്റാര്‍മര്‍ക്ക് കുരുക്ക് മുറുകുന്നത്. ഡസന്‍ കണക്കിന് ലേബര്‍ എംപിമാരും ഈ ആവശ്യം ഉന്നയിച്ച് രംഗത്ത് വന്നിട്ടുണ്ട്.
വിമതനീക്കം ഒതുക്കാനായി ലക്ഷ്യമിട്ടാണ് പ്രധാനമന്ത്രി അഭിസംബോധന ചെയ്തത്. എന്നാല്‍ 'റീസെറ്റ്' ബട്ടണ്‍ പോലും കേടായെന്ന വിമര്‍ശനമാണ് ഇതിന് കേള്‍ക്കേണ്ടി വന്നത്. സീനിയര്‍ മന്ത്രിമാര്‍ നം.10-ലെത്തി സമയം കഴിഞ്ഞെന്ന് ബോധ്യപ്പെടുത്തിയിട്ടുണ്ടെന്നാണ് റിപ്പോര്‍ട്ട്.
ഹോം സെക്രട്ടറി ഷബാന മഹ്മൂദും, ഫോറിന്‍ സെക്രട്ടറി വെറ്റ് കൂപ്പറും പ്രധാനമന്ത്രിയുടെ രാജി ആവശ്യപ്പെട്ടവരുടെ കൂട്ടത്തിലുണ്ടെന്നാണ് വിവരം. തിങ്കളാഴ്ച രാത്രി ഗവണ്‍മെന്റിലെ പല മുതിര്‍ന്ന അംഗങ്ങളും നം.10ല്‍ എത്തിയിരുന്നു. ഡിഫന്‍സ് സെക്രട്ടറി ജോണ്‍ ഹീലിയും പ്രധാനമന്ത്രിയുടെ രാജി ആവശ്യപ്പെട്ടിട്ടുണ്ട്. ഇന്ന് ക്യാബിനറ്റ് യോഗം ചേരുമ്പോള്‍ ആവശ്യം ശക്തമാകുമെന്ന് തന്നെയാണ് പ്രതീക്ഷ. 
പ്രധാനമന്ത്രി അദ്ദേഹത്തിന്റെ ഭാഗം പറഞ്ഞു, ആളുകള്‍ അത് കേട്ടെങ്കിലും അത് അവരുടെ മനസ്സ് മാറ്റാന്‍ പര്യാപ്തമല്ല. ആട്ടിന്‍കൂട്ടം നീങ്ങുകയാണ്, ഒരു ശ്രോതസ്സ് സംഭവവികാസങ്ങളെ കുറിച്ച് പ്രതികരിച്ചു. എന്നാല്‍ തനിക്ക് പകരം നേതാവിനെ കണ്ടെത്താന്‍ ഇറങ്ങിത്തിരിച്ചാല്‍ ഗവണ്‍മെന്റും, രാജ്യവും പ്രതിസന്ധിയിലാകുമെന്നാണ് സ്റ്റാര്‍മറുടെ മുന്നറിയിപ്പ്.
ഇതൊന്നും പരിഗണിക്കാതെ ഹെല്‍ത്ത് സെക്രട്ടറി വെസ് സ്ട്രീറ്റിംഗും, ഗ്രേറ്റര്‍ മാഞ്ചസ്റ്റര്‍ മേയര്‍ ആന്‍ഡി ബേണ്‍ഹാമും പിന്തുണ നേടാനുള്ള ശ്രമങ്ങള്‍ നടത്തുകയാണ്. 79 എംപിമാരാണ് സ്റ്റാര്‍മറോട് പുറത്തുപോകാനുള്ള നീക്കങ്ങള്‍ നിശ്ചയിക്കാന്‍ ആവശ്യപ്പെട്ടിരിക്കുന്നത്. നാല് മന്ത്രിതല സഹായികള്‍ ഇപ്പോള്‍ രാജിവെച്ചിട്ടുണ്ട്.