
















വെസ് സ്ട്രീറ്റിംഗ് ഹെല്‍ത്ത് സെക്രട്ടറി പദം രാജിവെച്ച് പ്രധാനമന്ത്രി പദത്തിലെത്താനുള്ള നെട്ടോട്ടത്തിലാണ്. ഇതിനായി താന്‍ ആരോഗ്യ മന്ത്രാലയത്തിന്റെ നേതൃത്വം വഹിച്ച ഘട്ടത്തിലെ നേട്ടങ്ങള്‍ എടുത്ത് പറഞ്ഞാണ് രാജിക്കത്ത് പോലും തയ്യാറാക്കിയത്. എന്നാല്‍ സ്ട്രീറ്റിംഗ് സ്വയം വാഴ്ത്തുന്ന ഈ അവകാശവാദങ്ങള്‍ എത്രത്തോളം ശരിയാണ്?
സ്ട്രീറ്റിംഗിന്റെ അവകാശവാദങ്ങള്‍ക്ക് അപ്പുറത്ത് എന്‍എച്ച്എസിന്റെ സ്ഥിതി ഇപ്പോഴും മോശമായി തുടരുന്നുവെന്നാണ് കണക്കുകള്‍ പറയുന്നത്. മൂന്നില്‍ രണ്ട് എന്‍എച്ച്എസ് സ്ഥാപനങ്ങളും സേവനങ്ങള്‍ വെട്ടിക്കുറയ്ക്കുകയോ, ചുരുക്കുകയോ ചെയ്യുന്ന അവസ്ഥയിലാണ്. പകുതിയിലേറെ ട്രസ്റ്റുകളും തൊഴിലുകള്‍ വെട്ടിക്കുറയ്ക്കാനും നിര്‍ബന്ധിതമായിക്കഴിഞ്ഞു.
എന്നാല്‍ എന്‍എച്ച്എസ് ചരിത്രത്തിലെ ഏറ്റവും വേഗതയേറിയ നിലയില്‍ വെയ്റ്റിംഗ് സമയം കുറയ്ക്കാന്‍ തനിക്ക് സാധിച്ചെന്നാണ് വെസ് സ്ട്രീറ്റിംഗ് രാജിക്കത്തില്‍ അവകാശപ്പെടുന്നത്. 'സമരങ്ങള്‍ നടന്നിട്ടും വെയ്റ്റിംഗ് സമയം മെച്ചപ്പെടുത്താനുള്ള ലക്ഷ്യം നമ്മള്‍ മറികടന്നു. മാര്‍ച്ചില്‍ വെയ്റ്റിംഗ് ലിസ്റ്റ് 110,000 എന്ന നിലയില്‍ കുറഞ്ഞു. 2008ന് ശേഷം കൊവിഡ് കാലത്തിന് പുറത്തെ ഏറ്റവും വലിയ ഇടിവാണിത്. ഇത് ചരിത്രത്തിലെ അതിവേഗ വെയ്റ്റിംഗ് സമയം മെച്ചപ്പെടലാണ്', സ്ട്രീറ്റിംഗ് കുറിച്ചു.
പക്ഷെ സ്ട്രീറ്റിംഗ് വരിച്ചിടുന്ന ശുഭകരമായ ചിത്രത്തിന് അപ്പുറം കാര്യങ്ങള്‍ മെച്ചമല്ലെന്ന് എന്‍എച്ച്എസ് സ്ഥാപനങ്ങള്‍ ഒരു സര്‍വ്വെയില്‍ വ്യക്തമാക്കി. തങ്ങളുടെ ഡിപ്പാര്‍ട്ട്‌മെന്റുകളില്‍ സേവനങ്ങളും, തൊഴിലവസരങ്ങളും വെട്ടിക്കുറയ്ക്കുന്നതിലേക്കാണ് ശ്രദ്ധ മാറുന്നതെന്ന് അവര്‍ പറയുന്നു. സാമ്പത്തിക ലാഭം മാത്രം ശ്രദ്ധിക്കുമ്പോള്‍ ഇത് രോഗികളെയും, ജീവനക്കാരെയും ബാധിക്കുന്നതായി എന്‍എച്ച്എസ് അലയന്‍സ് ചൂണ്ടിക്കാണിച്ചു.