
















ലേബര്‍ നേതൃപോരാട്ടത്തിനായി ഇറങ്ങുമെന്ന് പ്രഖ്യാപിച്ചതിന് പിന്നാലെ വെസ് സ്ട്രീറ്റിംഗിന്റെ മോഹങ്ങള്‍ക്ക് മേല്‍ കരിനിഴല്‍ വീഴ്ത്തി സര്‍വ്വെ. പാര്‍ട്ടി അംഗങ്ങള്‍ക്കിടയില്‍ നടത്തിയ സര്‍വ്വെയില്‍ അടുത്ത ലേബര്‍ പ്രധാനമന്ത്രിയാകാന്‍ സ്റ്റാര്‍മര്‍ക്ക് പിന്തുണയില്ലെന്നാണ് വ്യക്തമാകുന്നത്.
പാര്‍ട്ടി നേതാവാകാന്‍ ഹെല്‍ത്ത് സെക്രട്ടറി പദത്തില്‍ നിന്നും വെസ് സ്ട്രീറ്റിംഗ് രാജിവെച്ചത് തെറ്റായി പോയെന്ന് ഭൂരിപക്ഷവും സര്‍വ്വെയില്‍ അറിയിച്ചു. പത്തില്‍ ആറ് പാര്‍ട്ടി അംഗങ്ങളാണ് സ്ട്രീറ്റിംഗ് ചെയ്തത് തെറ്റായി പോയെന്ന് അഭിപ്രായപ്പെട്ടത്.
ലോക്കല്‍ തെരഞ്ഞെടുപ്പില്‍ ലേബര്‍ പാര്‍ട്ടി തോറ്റ് തുന്നംപാടിയതോടെ സ്റ്റാര്‍മര്‍ പ്രധാനമന്ത്രി പദം ഒഴിയണമെന്ന് ആവശ്യപ്പെടുന്ന എംപിമാരുടെ എണ്ണം നൂറ് കടന്നിട്ടുണ്ട്. എന്നിട്ടും നേതൃപോരാട്ടം സ്റ്റാര്‍മര്‍ക്കും, സ്ട്രീറ്റിംഗിനും ഇടയിലാണെങ്കില്‍ വിജയം പ്രധാനമന്ത്രിക്ക് തന്നെയാകുമെന്ന് പത്തില്‍ ഏഴ് അംഗങ്ങള്‍ യൂഗോഗ് സര്‍വ്വെയില്‍ വ്യക്തമാക്കി.
കേവലം 15% പാര്‍ട്ടി അംഗങ്ങള്‍ സ്ട്രീറ്റിംഗിനെ പിന്തുണയ്ക്കുമ്പോള്‍ ആന്‍ഡി ബേണ്‍ഹാം, ആഞ്ചെല റെയ്‌നര്‍, എഡ് മിലിബന്ദ് എന്നിവര്‍ക്ക് ഇതിലേറെ പിന്തുണയുണ്ട്. 47% പാര്‍ട്ടി അംഗങ്ങള്‍ ബേണ്‍ഹാമിനെ നേതൃസ്ഥാനത്തേക്ക് പിന്തുണയ്ക്കുന്നുണ്ട്. ഇദ്ദേഹം തന്നെയാണ് പാര്‍ട്ടി അംഗങ്ങളുടെ 'ഫസ്റ്റ് ചോയ്‌സ്'. സ്റ്റാര്‍മര്‍ക്ക് 31% പിന്തുണ മാത്രമാണുള്ളത്.
സ്ഥിതിഗതികള്‍ ഈ വിധത്തില്‍ പോകുമ്പോഴും കസേര വിടില്ലെന്നാണ് സ്റ്റാര്‍മറുടെ നിലപാട്. അടുത്ത പൊതുതെരഞ്ഞെടുപ്പില്‍ മത്സരിക്കാനുണ്ടാകുമെന്നും, സ്ഥാനം രാജിവെച്ച് ഇറങ്ങിപ്പോകിലെന്നും പ്രധാനമന്ത്രി ആവര്‍ത്തിക്കുന്നു. മേക്കര്‍ഫീല്‍ഡിലെ ഉപതെരഞ്ഞെടുപ്പില്‍ ജയിച്ച് വരുന്ന ആള്‍ക്ക് തന്റെ 100% പിന്തുണ ഉണ്ടാകുമെന്നും കീര്‍ സ്റ്റാര്‍മര്‍ വ്യക്തമാക്കി.