
















369 ദശലക്ഷം പൗണ്ട് (ഏകദേശം 4,200 കോടി) ചെലവില്‍ നടക്കുന്ന ബക്കിങ്ഹാം കൊട്ടാരത്തിന്റെ വന്‍ നവീകരണ പ്രവര്‍ത്തനങ്ങള്‍ അടുത്ത വര്‍ഷം പൂര്‍ത്തിയാകുമെങ്കിലും,കിങ്ങ് ചാള്‍സും കാമില്ലയും അവിടെ സ്ഥിരതാമസമാക്കില്ലെന്ന് രാജകുടുംബത്തിന്റെ ഔദ്യോഗിക വക്താക്കള്‍ അറിയിച്ചു.
1837 മുതല്‍ ബ്രിട്ടീഷ് രാജകുടുംബത്തിന്റെ ഔദ്യോഗിക ലണ്ടന്‍ വസതിയായിരുന്ന ബക്കിങ്ഹാം പാലസ് രാജഭരണത്തിന്റെ ഭരണകാര്യ കേന്ദ്രമായി തുടരുമെങ്കിലും, ക്ലാരന്‍സ് ഹൗസ് തന്നെയായിരിക്കും രാജാവിന്റെയും രാജ്ഞിയുടെയും ഔദ്യോഗിക വസതി.
കൊട്ടാരം പൊതുജനങ്ങള്‍ക്ക് കൂടുതല്‍ തുറന്നുകൊടുക്കുക എന്നതാണ് ഈ തീരുമാനത്തിന് പ്രധാന കാരണമെന്ന് കൊട്ടാര വൃത്തങ്ങള്‍ വ്യക്തമാക്കി. രാജാവ് ബക്കിങ്ഹാം കൊട്ടാരത്തില്‍ സ്ഥിരതാമസമാക്കിയാല്‍ സുരക്ഷാ നിയന്ത്രണങ്ങള്‍ ശക്തമാകുകയും സന്ദര്‍ശകര്‍ക്കുള്ള പ്രവേശനം പരിമിതപ്പെടുകയും ചെയ്യുമെന്ന വിലയിരുത്തലും തീരുമാനത്തിന് പിന്നിലുണ്ട്.
പഴകിയ വൈദ്യുത കേബിളുകള്‍, ലീഡ് പൈപ്പുകള്‍, ബോയിലറുകള്‍ എന്നിവ മാറ്റിസ്ഥാപിക്കുന്ന പത്ത് വര്‍ഷം നീണ്ടുനിന്ന നവീകരണ പദ്ധതി അടുത്ത മാര്‍ച്ചോടെ പൂര്‍ത്തിയാകും. എന്നാല്‍ കൊട്ടാരത്തില്‍ രാജകീയ വിരുന്നുകള്‍, ഉദ്യാന വിരുന്നുകള്‍, പ്രധാനമന്ത്രിയുമായുള്ള പ്രതിവാര കൂടിക്കാഴ്ചകള്‍ ഉള്‍പ്പെടെയുള്ള എല്ലാ പ്രധാന ഔദ്യോഗിക ചടങ്ങുകളും പതിവുപോലെ തുടരുമെന്ന് അധികൃതര്‍ അറിയിച്ചു.