
















കവന്‍ട്രി: ഇന്ത്യന്‍ ഓവര്‍സീസ് കോണ്‍ഗ്രസ് (യു കെ) - കേരള ചാപ്റ്റര്‍ കവന്‍ട്രി യൂണിറ്റിന്റെ ആഭിമുഖ്യത്തില്‍ സംഘടിപ്പിച്ച ''മീറ്റ് & ഗ്രീറ്റ് വിത്ത് ഡോ. മറിയ ഉമ്മന്‍'' പരിപാടി ശ്രദ്ധേയമായി. വിവിധ മേഖലകളില്‍ നിന്നുള്ള മലയാളികളുടെ പങ്കാളിത്തവും സജീവമായ സംവാദങ്ങളും പരിപാടിയെ ശ്രദ്ധേയമാക്കി.

യൂണിറ്റ് പ്രസിഡന്റ് ഡോ. ജോബിന്‍ സെബാസ്റ്റ്യന്‍ സ്വാഗതം ആശംസിച്ചു. ഐ ഒ സി (യു കെ) - കേരള ചാപ്റ്റര്‍ പ്രസിഡന്റ് ഷൈനു ക്ലെയര്‍ മാത്യൂസ് അധ്യക്ഷത വഹിച്ചു. കേരള ചാപ്റ്റര്‍ ജനറല്‍ സെക്രട്ടറി റോമി കുര്യാക്കോസ് മുഖ്യപ്രഭാഷണം നടത്തി. യൂണിറ്റ് ജനറല്‍ സെക്രട്ടറി അശ്വിന്‍ രാജ് നന്ദി രേഖപ്പെടുത്തി. ട്രഷറര്‍ ജയ്‌മോനും എക്‌സിക്യൂട്ടീവ് കമ്മിറ്റി അംഗം ദീപേഷ് സ്‌കറിയയും പരിപാടിക്ക് നേതൃത്വം നല്‍കി.

പരിപാടിയുടെ ഭാഗമായി കവന്‍ട്രി യൂണിറ്റിന്റെ നേതൃത്വത്തില്‍ രൂപീകരിച്ച സിറ്റിസണ്‍സ് ഗൈഡന്‍സ് ഹബ്ബിന്റെ ഉദ്ഘാടനം ഡോ. മറിയ ഉമ്മന്‍ നിര്‍വഹിച്ചു. പ്രവാസി സമൂഹത്തിനും പ്രത്യേകിച്ച് വിദ്യാര്‍ത്ഥികള്‍ക്കും കരിയര്‍ ഗൈഡന്‍സ് ഉള്‍പ്പെടെയുള്ള വിഷയങ്ങളില്‍ മാര്‍ഗനിര്‍ദേശവും സഹായവും ലഭ്യമാക്കുക എന്ന ലക്ഷ്യത്തോടെയാണ് ഹബ്ബ് പ്രവര്‍ത്തനം ആരംഭിക്കുന്നത്. ഹബ്ബിന്റെ സേവനങ്ങളെക്കുറിച്ചുള്ള കൂടുതല്‍ വിവരങ്ങള്‍ ഉടന്‍ പ്രഖ്യാപിക്കുമെന്ന് സംഘാടകര്‍ അറിയിച്ചു.
കവന്‍ട്രി യൂണിറ്റ് വനിതാ വിങ് പ്രതിനിധി ജോസ്‌ഫൈന്‍, ഡോ. മറിയ ഉമ്മന് യൂണിറ്റിന്റെ ഉപഹാരം സമര്‍പ്പിച്ചു.
യു കെയിലെ മുതിര്‍ന്ന മാധ്യമപ്രവര്‍ത്തകന്‍ ഷൈജുമോന്‍ മോഡറേറ്റ് ചെയ്ത സംവാദത്തില്‍ രാഷ്ട്രീയം, സാമൂഹിക പ്രവര്‍ത്തനം, ജീവകാരുണ്യ മേഖല, പ്രൊഫഷണല്‍ ജീവിതം തുടങ്ങി വിവിധ വിഷയങ്ങള്‍ ചര്‍ച്ചയായി. പങ്കെടുത്തവര്‍ക്ക് ഡോ. മറിയ ഉമ്മനുമായി നേരിട്ട് ആശയവിനിമയം നടത്താനും ചോദ്യങ്ങള്‍ ഉന്നയിക്കാനും അവസരം ലഭിച്ചു.

കേരളത്തിന്റെ മുന്‍ മുഖ്യമന്ത്രിയും തന്റെ പിതാവുമായ ഉമ്മന്‍ ചാണ്ടിയെക്കുറിച്ചുള്ള ഓര്‍മ്മകള്‍ ഡോ. മറിയ ഉമ്മന്‍ പങ്കുവെച്ചത് സദസ്സിനെ വികാരഭരിതമാക്കി. ജനങ്ങളോടൊപ്പം ജീവിച്ച നേതാവിന്റെ സേവനപാതയും ജീവിതമൂല്യങ്ങളും അവര്‍ അനുസ്മരിച്ചത് ശ്രോതാക്കളുടെ മനസില്‍ ആഴത്തിലുള്ള സ്വാധീനം ചെലുത്തി.

സമൂഹസേവനത്തിനും പൊതുപ്രവര്‍ത്തനത്തിനും പുതിയ പ്രചോദനവും ദിശാബോധവും പകരുന്ന വേദിയായാണ് പരിപാടിയെ പങ്കെടുത്തവര്‍ വിലയിരുത്തിയത്.
റോമി കുര്യാക്കോസ്