
















കര്‍ണാടകയിലെ ധാര്‍വാഡിലുള്ള ഫ്‌ലാറ്റില്‍ 45 വയസുകാരനായ അനസ്തേഷ്യോളജിസ്റ്റിനെ കുത്തേറ്റു മരിച്ച നിലയിലും, എട്ട് വയസുകാരനായ മകനെ മറ്റൊരു മുറിയില്‍ ഗുരുതരമായി കുത്തേറ്റ പരിക്കുകളോടെയും കണ്ടെത്തി. കുടുംബവഴക്കാണ് സംഭവത്തിന് പിന്നിലെന്ന നിഗമനത്തില്‍ പോലീസ് അന്വേഷണം ആരംഭിക്കുകയും ഡോക്ടറുടെ ഭാര്യയെ ചോദ്യം ചെയ്യാനായി കസ്റ്റഡിയിലെടുക്കുകയും ചെയ്തിട്ടുണ്ട്.
വാര്‍ത്താ ഏജന്‍സിയായ എഎന്‍ഐ റിപ്പോര്‍ട്ട് ചെയ്യുന്നത് അനുസരിച്ച്, ബുധനാഴ്ച രാത്രിയാണ് ഡോ. കിരണ്‍ ഹൊന്നന്നനവര്‍ തന്റെ താമസസ്ഥലത്ത് കുത്തേറ്റു മരിച്ചത്. ഇതേ വീട്ടില്‍ വെച്ച് തന്നെയാണ് അദ്ദേഹത്തിന്റെ എട്ട് വയസുകാരനായ മകനും ഗുരുതരമായി പരിക്കേറ്റതെന്ന് പോലീസ് പറഞ്ഞു. കുട്ടിയെ ഉടന്‍ തന്നെ ഒരു സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. പോലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.
അതേസമയം, ഡോ. കിരണിന്റെ ഭാര്യയും നേത്രരോഗവിദഗ്ദ്ധയുമായ ഡോ. പ്രിയങ്ക കാടനഹള്ളിയെ സംഭവവുമായി ബന്ധപ്പെട്ട് ചോദ്യം ചെയ്യാനായി പോലീസ് കസ്റ്റഡിയിലെടുത്തു. പ്രാഥമിക അന്വേഷണത്തില്‍ പുറത്തുനിന്നുള്ള ആരും ഫ്‌ലാറ്റില്‍ പ്രവേശിച്ചിട്ടില്ലെന്നാണ് സൂചനയെന്ന് ഹുബ്ബള്ളി-ധാര്‍വാഡ് പോലീസ് കമ്മീഷണര്‍ എന്‍ ശശികുമാര്‍ പറഞ്ഞു.
'ഉയര്‍ന്ന സുരക്ഷയുള്ള ഒരു റെസിഡന്‍ഷ്യല്‍ കോംപ്ലക്‌സിലാണ് ഈ ഫ്‌ലാറ്റ് സ്ഥിതി ചെയ്യുന്നത്. സംഭവം നടക്കുമ്പോള്‍ ഭര്‍ത്താവും ഭാര്യയും മകനും മാത്രമാണ് ഫ്‌ലാറ്റിനുള്ളില്‍ ഉണ്ടായിരുന്നതെന്നാണ് അന്വേഷണ ഉദ്യോഗസ്ഥര്‍ കരുതുന്നത്,' - പോലീസ് കമ്മീഷണറെ ഉദ്ധരിച്ച് എന്‍ഡിടിവി റിപ്പോര്‍ട്ട് ചെയ്തു.
ഡോ. പ്രിയങ്ക നിലവില്‍ കടുത്ത മാനസിക ആഘാതത്തിലാണെന്നും പരസ്പരവിരുദ്ധവും അസ്വാഭാവികവുമായ പ്രസ്താവനകളാണ് നടത്തുന്നതെന്നും കമ്മീഷണര്‍ കൂട്ടിച്ചേര്‍ത്തു. അവരുടെ മൊഴികള്‍ പരിശോധിക്കുന്നതിനൊപ്പം, കുറ്റകൃത്യത്തിന് പിന്നിലെ കാരണം കണ്ടെത്താനായി ഇരു കുടുംബങ്ങളിലെയും അംഗങ്ങളുമായി അന്വേഷണ ഉദ്യോഗസ്ഥര്‍ സംസാരിച്ചുവരികയാണ്.
പകല്‍ സമയത്ത് ഡോ. കിരണിന്റെ ബന്ധുക്കള്‍ അദ്ദേഹത്തെ ഫോണില്‍ വിളിക്കാന്‍ ആവര്‍ത്തിച്ച് ശ്രമിച്ചെങ്കിലും കിട്ടിയില്ല. അദ്ദേഹം വിശ്രമിക്കുകയാണെന്നും പിന്നീട് പുറത്തുപോയെന്നുമാണ് ഭാര്യ ബന്ധുക്കളോട് പറഞ്ഞിരുന്നത്. എന്നാല്‍ വൈകുന്നേരമായിട്ടും അദ്ദേഹത്തെ ബന്ധപ്പെടാന്‍ കഴിയാതെ വന്നതോടെ സംശയം തോന്നിയ കുടുംബാംഗങ്ങള്‍ ഫ്‌ലാറ്റില്‍ നേരിട്ടെത്തുകയായിരുന്നു.
അവിടെ ഒരു മുറിയില്‍ ചോരയില്‍ കുളിച്ചുകിടക്കുന്ന ഡോ. കിരണിനെയും, മറ്റൊരു മുറിയില്‍ പരിക്കേറ്റ നിലയില്‍ മകനെയും അവര്‍ കണ്ടെത്തുകയായിരുന്നു. പോലീസ് എത്തുമ്പോള്‍ കുട്ടിക്ക് ജീവനുണ്ടായിരുന്നുവെന്നും ഉടന്‍ തന്നെ ആശുപത്രിയിലേക്ക് മാറ്റിയെന്നും പോലീസ് അറിയിച്ചു.