CURRENCY RATE -
1 GBP :
0.00 INR
1 EUR :
0.00 INR
1 USD :
0.00 INR
Last Updated :
12 Minutes 34 Seconds Ago
Breaking Now

'ആമിര്‍ ഖാന്‍ ഹിന്ദു സ്ത്രീകളെ വിവാഹം കഴിക്കുന്നു;കുട്ടികള്‍ക്ക് മുസ്ലിം പേരുകള്‍ നല്‍കുന്നു'; കോലം കത്തിച്ച് ബജ്‌റംഗ്ദള്‍

നടന്‍ 'ലവ് ജിഹാദ്' പ്രോത്സാഹിപ്പിക്കുന്നുവെന്ന് ആരോപിച്ചാണ് പ്രവര്‍ത്തകര്‍ ആമിര്‍ ഖാന്റെ കോലം കത്തിച്ചത്

ബോളിവുഡ് താരം ആമിര്‍ ഖാനും ഗൗരി സ്പ്രാറ്റും വിവാഹിതരായെന്ന വാര്‍ത്തകള്‍ പുറത്തുവന്നതിന് പിന്നാലെ നടന്റെ കോലം കത്തിച്ച് ബജ്‌റംഗ്ദള്‍ പ്രവര്‍ത്തകര്‍. ചൊവ്വാഴ്ച ബിഹാറിലെ ഫോര്‍ബ്‌സ് ഗഞ്ചിലാണ് ബജ്‌റംഗ്ദള്‍ പ്രവര്‍ത്തകര്‍ കോലം കത്തിച്ചത്.

നടന്‍ 'ലവ് ജിഹാദ്' പ്രോത്സാഹിപ്പിക്കുന്നുവെന്ന് ആരോപിച്ചാണ് പ്രവര്‍ത്തകര്‍ ആമിര്‍ ഖാന്റെ കോലം കത്തിച്ചത്. ആമിര്‍ ഖാന്‍ ഹിന്ദു സ്ത്രീകളെ ആവര്‍ത്തിച്ച് വിവാഹം കഴിക്കുന്നുണ്ടെന്നും അദ്ദേഹം ഹിന്ദു സമൂഹത്തെ അപമാനിക്കുകയാണെന്നും ബജ്‌റംഗ്ദള്‍ നേതാവ് മനോജ് സോണി രോപിക്കുന്ന ഒരു വീഡിയോയും പുറത്തുവന്നിട്ടുണ്ട്. നിയമവും നിയമവ്യവസ്ഥയും കോടതികളും എവിടെയാണെന്നും പ്രവര്‍ത്തകര്‍ ചോദിക്കുന്നു.

'അദ്ദേഹം ഹിന്ദു സ്ത്രീകളെയാണ് വിവാഹം കഴിക്കുന്നത്, പക്ഷേ കുട്ടികള്‍ക്ക് മുസ്ലിം പേരുകള്‍ നല്‍കുന്നു. എന്തുകൊണ്ടാണ് അദ്ദേഹം മുസ്ലിം സമുദായത്തില്‍ നിന്നുള്ള സ്ത്രീകളെ വിവാഹം കഴിക്കാത്തത്? നടനെതിരെ സര്‍ക്കാര്‍ കര്‍ശന നടപടി സ്വീകരിക്കണം?, മനോജ് സോണി ആവശ്യപ്പെട്ടു.

ദീര്‍ഘനാളത്തെ സുഹൃത്തായ ഗൗരി സ്പ്രാറ്റിനെ മുംബൈയിലെ ബാന്ദ്രയിലുള്ള വസതിയില്‍ വച്ചായിരുന്നു ആമിര്‍ ഖാന്‍ രജിസ്റ്റര്‍ വിവാഹം ചെയ്തത്. അടുത്ത ബന്ധുക്കളും സുഹൃത്തുക്കളും മാത്രമാണ് ചടങ്ങില്‍ പങ്കെടുത്തത്. സംവിധായകന്‍ രാജ്കുമാര്‍ ഹിറാനിയുടെ പുതിയ വെബ് സീരീസിന്റെ പ്രീമിയര്‍ ചടങ്ങില്‍ ജൂലൈ 5-ന് വിവാഹിതരാകുമെന്ന് ആമിര്‍ മാധ്യമങ്ങളോട് സ്ഥിരീകരിച്ചിരുന്നു. ഒപ്പം തന്റെ നാലുമക്കളും വിവാഹച്ചടങ്ങിന് സാക്ഷിയാകുമെന്നും ആമിര്‍ പറഞ്ഞിരുന്നു.

ബെംഗളൂരു സ്വദേശിനിയാണ് ഗൗരി സ്പ്രാറ്റ്. ലിങ്ക്ഡ് ഇന്‍ പ്രൊഫൈല്‍ പ്രകാരം ബ്ളൂ മൗണ്ടെയ്ന്‍ സ്‌കൂളില്‍ പഠിച്ച ഗൗരി 2004-ല്‍ ലണ്ടനിലെ യൂണിവേഴ്സിറ്റി ഓഫ് ആര്‍ട്സില്‍ നിന്ന് എഫ്ഡിഎ സ്‌റ്റൈലിങ് ആന്‍ഡ് ഫോട്ടോഗ്രഫി കോഴ്സ് പൂര്‍ത്തിയാക്കി. ഇപ്പോള്‍ മുംബൈയില്‍ ബിബ്ലണ്ട് എന്ന സലോണ്‍ നടത്തുന്നു. ബാല്യകാല സുഹൃത്തായ റീന ദത്തയെയാണ് ആമിര്‍ ഖാന്‍ ആദ്യം വിവാഹം ചെയ്തത്.

1986-ല്‍ വിവാഹിതരായ ഇവര്‍ 2002-ല്‍ വേര്‍പിരിഞ്ഞു. യുവ നടന്‍ ജുനൈദ്, ഐറ എന്നിവര്‍ മക്കളാണ്. 2005-ല്‍ ആമിര്‍ സംവിധായിക കിരണ്‍ റാവുവിനെ വിവാഹം ചെയ്തു. 2001-ല്‍ പുറത്തിറങ്ങിയ ആമിര്‍ ചിത്രം ലഗാന്റെ സഹസംവിധായികയായിരുന്നു കിരണ്‍ റാവു. സിനിമയുടെ സെറ്റില്‍വെച്ചാണ് ഇവര്‍ കണ്ടുമുട്ടിയത്. 2021-ല്‍ വേര്‍പിരിഞ്ഞ ഇവര്‍ക്ക് വാടകഗര്‍ഭധാരണത്തിലൂടെ പിറന്ന ആസാദ് എന്ന മകനുണ്ട്.

 




കൂടുതല്‍വാര്‍ത്തകള്‍.