CURRENCY RATE -
1 GBP :
0.00 INR
1 EUR :
0.00 INR
1 USD :
0.00 INR
Last Updated :
55 Minutes 51 Seconds Ago
Breaking Now

വാത്സിങ്ഹാം തീര്‍ത്ഥാടനം നാളെ; സ്വാഗതമോതി സീറോമലബാര്‍ എപ്പാര്‍ക്കി

വാല്‍സിങ്ങാം: ആഗോള തലത്തില്‍ മരിയന്‍ പുണ്യകേന്ദ്രങ്ങളില്‍ ഏറെ വിഖ്യാതവും, അനുഗ്രഹങ്ങളുടെ പറുദീസയും,  ഇംഗ്‌ളണ്ടിലെ നസ്രത്തെന്നും  പ്രശസ്തവുമായ വാല്‍സിംഗ്ഹാമില്‍ ഗ്രേറ്റ് ബ്രിട്ടന്‍ കാത്തലിക്ക് സീറോമലബാര്‍ എപ്പാര്‍ക്കിയുടെ നേതൃത്വത്തില്‍ ആഘോഷിക്കുന്ന പത്താമത് തീര്‍ത്ഥാടനം നാളെ  പ്രൗഢവും,ഭക്ത്യാഘോഷപൂര്‍വ്വവും കൊണ്ടാടും.

ഗബ്രിയേല്‍ മാലാഖ ഉണ്ണിയേശുവിന്റെ ജനനത്തെ കുറിച്ച്, മംഗള വാര്‍ത്ത നല്‍കിയ നസ്രത്തിലെ ഭവനത്തിന്റെ തനി പകര്‍പ്പ് ഇംഗ്ലണ്ടില്‍ നിര്‍മ്മിക്കണമെന്ന പരിശുദ്ധ അമ്മയുടെ ഇംഗിതത്തില്‍ ഇംഗ്ലണ്ടിലേക്ക് നസ്രേത്ത് അത്ഭുതകരമായി പറിച്ചു നടപ്പെട്ടു എന്ന് വിശ്വസിക്കുന്ന പ്രശസ്ത ആഗോള മരിയന്‍ തീര്‍ത്ഥാടന കേന്ദ്രമാണ് വാത്സിങ്ങാം. വാല്‍ത്സിങ്ങാമില്‍ എത്തി പ്രാര്‍ത്ഥിക്കുന്നവര്‍ക്ക് ഫലസിദ്ധിയും മറുപടിയും ലഭിക്കുമെന്നും, പ്രിയപുത്രന്റെ  സാന്നിദ്ധ്യം സദാ ഉണ്ടായിരിക്കുമെന്നും പരിശുദ്ധ അമ്മ വാഗ്ദാനം നല്‍കിയിരുന്നു. ഇവിടെയെത്തി വാല്‍ത്സിങ്ങാം അമ്മയുടെ മാദ്ധ്യസ്ഥം വഴി പ്രാര്‍ത്ഥിച്ചു രോഗ ശാന്തി, സന്താന ലബ്ദി അടക്കം നിരവധിയായ ഉദ്ദിഷ്ഠ കാര്യങ്ങള്‍  സാധിച്ചവരുടെ വിശ്വാസ ജീവിത സാക്ഷ്യങ്ങള്‍ ഏറെയാണ്.

ജൂലൈ 18 നു ശനിയാഴ്ച നടക്കുന്ന തീര്‍ത്ഥാടനത്തില്‍  ഗ്രേറ്റ് ബ്രിട്ടന്‍ സീറോ മലബാര്‍ രൂപതയുടെ അഭിവന്ദ്യ അദ്ധ്യക്ഷന്‍  മാര്‍ ജോസഫ് സ്രാമ്പിക്കല്‍ മുഖ്യകാര്‍മ്മികത്വം വഹിക്കും. ഗ്രേറ്റ് ബ്രിട്ടന്‍ സീറോമലബാര്‍ എപ്പാര്‍ക്കിയുടെ വികാരിജനറാളും, പ്രോട്ടോ സെഞ്ചുലോസും, സഭാ പണ്ഡിതനുമായ റവ. ഡോ. ആന്റണി ചുണ്ടെലിക്കാട്ട് മരിയന്‍ സന്ദേശം നല്‍കും.

ഫാ. ജിനു മുണ്ടുനടക്കലിന്റെ അജപാലന നേതൃത്വത്തില്‍, കേംബ്രിഡ്ജ് റീജിയണിലെ സീറോ മലബാര്‍ വിശ്വാസ സമൂഹം, തീര്‍ത്ഥാടകര്‍ക്ക് വേണ്ടിയുള്ള സൗകര്യങ്ങള്‍ ക്രമീകരിച്ച് , അലങ്കാരങ്ങളും, തിരുന്നാള്‍ ഒരുക്കങ്ങളുംപൂര്‍ത്തിയാക്കി മാതൃഭക്ത ജനസാഗരത്തെ വരവേല്‍ക്കുവാന്‍ സജ്ജമായിരിക്കുകയാണ്.തീര്‍ത്ഥാടനത്തിന്റെ വിജയത്തിനായി ഭവനങ്ങള്‍ കേന്ദ്രീകരിച്ച്  മദ്ധ്യസ്ഥ പ്രാര്‍ത്ഥനകള്‍ നടത്തിവരുന്ന കേംബ്രിഡ്ജ് റീജണല്‍ സീറോമലബാര്‍ സമൂഹമാണ് തീര്‍ത്ഥാടനത്തിന് ആതിഥേയത്വം വഹിക്കുന്നതും.

ഗ്രേറ്റ് ബ്രിട്ടന്‍ രൂപതയിലെ എല്ലാ മിഷനുകളില്‍ നിന്നും തന്നെ തിരുന്നാള്‍ ഏറ്റെടുത്തു നടത്തുന്നതിനായി പ്രസുദേന്തിമാരായി ചേരുവാന്‍ രൂപത അവസരം ഒരുക്കിയിരുന്നു. പ്രസുദേന്തിമാരാകുവാന്‍  ആഗ്രഹിക്കുന്നവര്‍ക്കായുള്ള അവസരം നീട്ടി നല്‍കിയിട്ടുണ്ട്. https://forms.office.com/e/5CmTvcW6p7  

വാത്സിങ്ഹാം അധികൃതര്‍ നല്കിയ ഗതാഗത നിയന്ത്രണങ്ങളും,   റൂട്ടു മാപ്പുകളും  മനസ്സിലാക്കി വോളണ്ടിയേഴ്സ് നല്‍കുന്ന നിര്‍ദ്ദേശങ്ങളും, ട്രാഫിക് സൈന്‍ ബോര്‍ഡുകളും പാലിച്ചാവണം  തീര്‍ത്ഥാടന ദേവാലയത്തിലേക്ക് എത്തേണ്ടതും, തീര്‍ത്ഥാടനത്തില്‍ പങ്കെടുക്കേണ്ടതും എന്ന് തീര്‍ത്ഥാടന കമ്മിറ്റി അറിയിച്ചു.

തീര്‍ത്ഥാടകര്‍ക്കായി വിഭവ സമൃദ്ധമായ ചൂടുള്ള നാടന്‍ ഭക്ഷണങ്ങള്‍ മിതമായ നിരക്കില്‍ വിതരണം ചെയ്യുന്നതിനായി മലയാളി കാറ്ററേഴ്സിന്റെ സ്റ്റാളുകള്‍ സജ്ജീകരിക്കുന്നുണ്ട്. ഗ്രൂപ്പുകളായി വരുന്നവര്‍ക്ക്  മുന്‍കൂറായി ഭക്ഷണം ഓര്‍ഡര്‍ ചെയ്യുവാന്‍  07869212935, 07720614876 എന്നീ  നമ്പറുകളില്‍ ബന്ധപ്പെടാവുന്നതാണ്.

 

മരിയ പ്രഘോഷണ പ്രാര്‍ത്ഥനകള്‍ ഉരുവിട്ട് വാല്‍സിങ്ങാം തീര്‍ത്ഥാടനത്തിനായി ഒരുങ്ങി 'ഹോളി  മൈല്‍' നഗ്‌ന പാദരായി നടക്കാനായി  സ്ലിപ്പര്‍ അഴിച്ചു വെക്കുന്ന ഇടമായ 'സ്ലിപ്പര്‍ ചാപ്പല്‍' ആണ് ഇന്ന് കത്തോലിക്കാ സഭയുടെ തീര്‍ത്ഥാടന കേന്ദ്രം. 

രാവിലെ ഒമ്പതരയ്ക്ക് സപ്രാ, ആരാധന തുടര്‍ന്ന് പത്തേകാലിന് റവ.ഡോ. ആന്റണി ചുണ്ടെലിക്കാട്ട് നല്‍കുന്ന  മരിയന്‍ സന്ദേശവും, പതിനൊന്നരക്ക് തിരുന്നാള്‍ കൊടിയേറ്റവും നടക്കും. ഇടവേളയില്‍ ഭക്ഷണത്തിനും, അടിമവെക്കലിനുമുള്ള സമയമാണ്.

പന്ത്രണ്ടു മണിക്ക്  നടക്കുന്ന പ്രസുദേന്തി വാഴ്ചക്കു ശേഷം, 12:30 നു മാതൃഭക്തി പ്രഘോഷണ നിറവില്‍ തീര്‍ത്ഥാടന പ്രദക്ഷിണം നടക്കും. ഓരോ മിഷനുകളും തങ്ങള്‍ക്ക് അനുവദിച്ചിട്ടുള്ള സ്‌പേസില്‍ അണിനിരന്ന്   'പില്‍ഗ്രിമേജ് സ്പിരിച്വല്‍ മിനിസ്ട്രി' ചൊല്ലിത്തരുന്ന പ്രാര്‍ത്ഥനകളും ഭക്തിഗാനങ്ങളും ആലപിച്ച് ഭയ ഭക്തി ബഹുമാനത്തോടെ പങ്കെടുക്കേണ്ടതാണ്. 

 

ഉച്ചക്ക് ഒന്നേമുക്കാലിന് ഗ്രേറ്റ് ബ്രിട്ടന്‍ കാത്തലിക്ക് സീറോമലബാര്‍ എപ്പാര്‍ക്കിയുടെ അഭിവന്ദ്യ അദ്ധ്യക്ഷന്‍ മാര്‍ ജോസഫ് സ്രാമ്പിക്കലിന്റെ മുഖ്യ കാര്‍മ്മികത്വത്തില്‍ ആഘോഷമായ പരിശുദ്ധ തിരുന്നാള്‍ കുര്‍ബ്ബാന അര്‍പ്പിക്കും. മുന്നേമുക്കാലിന് നന്ദി പ്രകാശനത്തോടെ തീര്‍ത്ഥാടന തിരുന്നാള്‍ സമാപിക്കും. 

 

 വാത്സിങ്ങാം പുണ്യകേന്ദ്രം സ്ഥിതിചെയ്യുന്ന ഗ്രാമത്തിന്റെ പരിപാവനതയും, ശാന്തതയും ഭക്തിപാരമ്യവും അങ്ങേയറ്റം കാത്തുപരിപാലിക്കുവാന്‍ ഏവരും ശ്രദ്ധിക്കണമെന്ന് കമ്മിറ്റി  അഭ്യര്‍ത്ഥിച്ചിട്ടുണ്ട്.  

 

ഇംഗ്ലണ്ടിലെ സീറോ മലബാര്‍ തനയരായ ഭക്തജനങ്ങളുടെ ബാഹുല്യം കൊണ്ടും, മരിയ ഭക്തിയുടെ പ്രഘോഷണപ്പൊലിമ കൊണ്ടും അത്യാഘോഷപൂര്‍വ്വം നടത്തപ്പെടുന്ന ഈ മഹാ മരിയന്‍ സംഗമം  സഭയുടെ പാശ്ചാത്യ നാടുകളിലെ  വളര്‍ച്ചയുടെ ചരിത്രവഴിയിലെ വലിയ  നാഴികക്കല്ലായി വിലയിരുത്തപ്പെടുന്നു.

 

തീര്‍ത്ഥാടനത്തിന്റെ സമയക്രമം താഴെപ്പറയുന്ന രീതിയിലാണ് ക്രമീകരിച്ചിരിക്കുന്നത്.

 

9:30 AM - സപ്രാ, ആരാധന

10:15 - മരിയന്‍ പ്രഭാഷണം - റവ. ഡോ. ആന്റണി ചുണ്ടെലിക്കാട്ട് ( പ്രോട്ടോ സിഞ്ചെല്ലൂസ്)

11:00 - കൊടിയേറ്റ്

12:00 - പ്രസുദേന്തി വാഴിയ്ക്കല്‍ .

12:30 - ആഘോഷമായ ദിവ്യകാരുണ്യ പ്രദക്ഷിണം.

13:45 - ആഘോഷമായ തിരുന്നാള്‍ കുര്‍ബ്ബാന- മാര്‍ ജോസഫ് സ്രാമ്പിക്കല്‍.  

15:45 - നന്ദി പ്രകാശനം

 

ഗ്രേറ്റ് ബ്രിട്ടന്‍ സീറോമലബാര്‍ രൂപതാംഗങ്ങള്‍ ഏവരെയും മാതൃസന്നിധിയിലേക്ക് സസ്‌നേഹം ക്ഷണിക്കുന്നു.

 

Registration Link:

https://forms.office.com/e/5CmTvcW6p7

 

Caterers Contact; 

 Aju - 07869212935, 

IFC -07720614876. 

 

തീര്‍ത്ഥാടന കേന്ദ്രത്തിന്റെ വിലാസം:

Catholic National Shrine of Our Lady Walshingham, Houghton, St. Giles

Norfolk,NR22 6AL

 

 

 Appachan Kannanchira 

 




കൂടുതല്‍വാര്‍ത്തകള്‍.