CURRENCY RATE -
1 GBP :
0.00 INR
1 EUR :
0.00 INR
1 USD :
0.00 INR
Last Updated :
1 Hours 43 Minutes 35 Seconds Ago
Breaking Now

ഇച്ചിരി ലേറ്റായി പോയി! ഫ്രാന്‍സിനെതിരെ ഗോളടിച്ച് കയറ്റി ഇംഗ്ലണ്ടിന് ലോകകപ്പില്‍ മൂന്നാം സ്ഥാനക്കാരായി മടക്കം; ബുകായോ സാകയ്ക്ക് ഹാട്രിക്; ശ്വാസംവിടാന്‍ സമയം കിട്ടാതെ ഗോള്‍മഴയില്‍ 6-4ന് എംബാപ്പെയുടെ ടീം വീണു

ആദ്യപകുതിയില്‍ ഒന്ന് പകച്ചുനിന്ന ശേഷം ഫ്രാന്‍സിന്റെ തിരിച്ചുവരവാണ് രണ്ടാം പകുതിയില്‍ കണ്ടത്

ഒന്നാം സ്ഥാനത്തിന് വേണ്ടിയാണ് എല്ലാവരും മത്സരിക്കുന്നത്. അത് കിട്ടിയില്ലെങ്കില്‍ മൂന്നാം സ്ഥാനത്തിനായി മത്സരിക്കുന്നതിന് വീറും വാശിയും കുറയേണ്ടതാണ്. എന്നാല്‍ ഇംഗ്ലണ്ടും, ഫ്രാന്‍സും തമ്മില്‍ ലോകകപ്പില്‍ മൂന്നാം സ്ഥാനത്തിനായി പോരാടിയപ്പോള്‍ വീറും, വാശിയും കൂടുകയാണ് ചെയ്തത്. പരസ്പരം ആഞ്ഞടിച്ചപ്പോള്‍ കാണികള്‍ക്ക് ശ്വാസംമെടുക്കാന്‍ പോലും സമയം കൊടുക്കാതെ ഗോള്‍മഴയും പിറന്നു. 

ബുകായോ സാകയുടെ ഹാട്രിക്കോടെ 6-4നാണ് ഇംഗ്ലണ്ട് ഫ്രാന്‍സിനെ വീഴ്ത്തിയത്. മെസിയുടെ അര്‍ജന്റീനയ്ക്ക് എതിരെ പതുങ്ങിക്കളിച്ച് തോല്‍വി ഏറ്റുവാങ്ങിയ ഇംഗ്ലണ്ടിനെയല്ല ഫ്രാന്‍സിനെതിരെ കണ്ടത്. സ്‌പെയിന്റെ അളന്നുകുറിച്ച കളിയില്‍ വീണുപോയ ക്ഷീണത്തോടെയാണ് എംബാപ്പെയുടെ ഫ്രാന്‍സ് എത്തിയത്. 

എന്നാല്‍ 2026 ടൂര്‍ണമെന്റിലെ അവസാന മത്സരം അവിസ്മരണീയമാക്കിയാണ് ഇരുടീമുകളും കളംവിട്ടത്. മൂന്നാം മിനിറ്റില്‍ ഡെക്ലാന്‍ റൈസാണ് ഇംഗ്ലണ്ടിനായി ഗോളടിച്ച് തുടക്കമിട്ടത്. 18-ാം മിനിറ്റില്‍ എസ്‌റി കൊന്‍സ രണ്ടാം ഗോള്‍ അടിച്ചിട്ടു. പിന്നീട് ബുകായോ സാകയുടെ അവസരമായിരുന്നു.37, 47 മിനിറ്റുകളില്‍ സാകയുടെ ഡബിള്‍. ഇംഗ്ലണ്ട് 4-0ന് മുന്നില്‍. 

ആദ്യപകുതിയില്‍ ഒന്ന് പകച്ചുനിന്ന ശേഷം ഫ്രാന്‍സിന്റെ തിരിച്ചുവരവാണ് രണ്ടാം പകുതിയില്‍ കണ്ടത്. പതിവ് പോലെ സൂപ്പര്‍താരം എംബാപ്പെ ഗോളടിച്ച് തുടക്കമിട്ടു. പിന്നാലെ 54-ാം മിനിറ്റിലും, 66-ാം മിനിറ്റിലും ഗോളുകള്‍. ഇംഗ്ലണ്ട് ഒപ്പത്തിനൊപ്പം മുന്നേറിയപ്പോള്‍ 87-ാം മിനിറ്റില്‍ വീണ്ടും സാകയുടെ ഗോള്‍. 96-ാം മിനിറ്റില്‍ ഫ്രാന്‍സിന്റെ മറുപടി വന്നെങ്കിലും, ജൂഡ് ബെല്ലിംഗ്ഹാം 98-ാം മിനിറ്റില്‍ പോലും ഗോളടിച്ചപ്പോള്‍ 4-6ന് ഇംഗ്ലണ്ടിന് മിന്നും ജയം. 

1966ന് ശേഷം ആദ്യ ലോകകിരീടം മോഹിച്ചെത്തിയ ഇംഗ്ലണ്ടിന് വെങ്കലമെഡലുകളാണ് സിദ്ധിച്ചത്. ടൂര്‍ണമെന്റില്‍ 10 ഗോളുകള്‍ തികച്ച്, ലോകകപ്പില്‍ 22 കരിയര്‍ ഗോളുകളുമായി കിലിയന്‍ എംബാപ്പെയും മടങ്ങി. 




കൂടുതല്‍വാര്‍ത്തകള്‍.