CURRENCY RATE -
1 GBP :
0.00 INR
1 EUR :
0.00 INR
1 USD :
0.00 INR
Last Updated :
3 Hours 47 Minutes 46 Seconds Ago
Breaking Now

ബേസിംഗ്‌സ്റ്റോക്ക് വെളിച്ചം തീയറ്റേഴ്‌സിന്റെ കള്‍ച്ചറല്‍ ഫെസ്റ്റ് കാണികളുടെ ഹൃദയം കീഴടക്കി. കലാസ്‌നേഹികള്‍ക്ക് മറക്കാനാകാത്ത മുഹൂര്‍ത്തങ്ങള്‍ സമ്മാനിച്ച ഈ ആഘോഷം കലാവിസ്മയങ്ങളുടെ അപൂര്‍വ സംഗമമായി.

ലണ്ടന്‍: കലാ സ്നേഹികള്‍ക്ക് മറക്കാനാകാത്ത മുഹൂര്‍ത്തങ്ങള്‍ സമ്മാനിച്ച്

കലാ വിസ്മയങ്ങളുടെ അപൂര്‍വ സംഗമമായി മാറിയ ബേസിംഗ്‌സ്റ്റോക്ക് വെളിച്ചം തീയറ്റേഴ്‌സിന്റെ കള്‍ച്ചറല്‍ ഫെസ്റ്റ് കാണികളുടെ ഹൃദയം കീഴടക്കി. ഇക്കഴിഞ്ഞ ഞായറാഴ്ച ബേസിംഗ്‌സ്റ്റോക്ക് ക്യൂ എം സി ഓഡിറ്റോറിയത്തില്‍ ഉച്ചകഴിഞ്ഞ് 3 മുതല്‍ രാത്രി 9 വരെ സംഘടിപ്പിച്ച ബേസിംഗ്‌സ്റ്റോക്ക് കള്‍ച്ചറല്‍ ഫെസ്റ്റ്, ബേസിംഗ്‌സ്റ്റോക്കിലും സമീപപ്രദേശങ്ങളില്‍ നിന്നും എത്തിയ നൂറുകണക്കിന് കലാസ്‌നേഹികള്‍ക്ക് ദൃശ്യ-ശ്രാവ്യ വിസ്മയങ്ങളുടെ അപൂര്‍വ അനുഭവമാണൊരുക്കിയത് .

 

കേരളീയ കലാരൂപമായ ചെണ്ടമേളം, വൈവിധ്യമാര്‍ന്ന നൃത്താവിഷ്‌കാരങ്ങള്‍, മനുഷ്യ മനസ്സിനെ വിസ്മയലോകത്തേക്ക് കൂട്ടിക്കൊണ്ടുപോയ മാജിക്കല്‍ മെന്റലിസം ഷോ, പൊട്ടിച്ചിരിപ്പിക്കുന്ന ഹാസ്യ കലാപ്രകടനങ്ങള്‍, ബേസിംഗ്‌സ്റ്റോക്കില്‍ ഇതുവരെ അരങ്ങേറാത്ത ഇതിഹാസ സാമൂഹ്യ-സംഗീത ചരിത്രനാടകം എന്നിവ ഒരേ വേദിയില്‍ സമന്വയിച്ചപ്പോള്‍ പ്രേക്ഷകര്‍ ഒന്നടങ്കം ആവേശഭരിതരായി.

 

കലാപരിപാടികള്‍ക്ക് മുന്നോടിയായി നടന്ന ഔപചാരിക സമ്മേളനത്തില്‍ ബേസിംഗ്സ്റ്റോക്ക് ഡെപ്യൂട്ടി മേയര്‍ കൗണ്‍സിലര്‍ സജീഷ് ടോം കള്‍ച്ചറല്‍ ഫെസ്റ്റിന്റെ ഉദ്ഘാടനം  നിര്‍വ്വഹിച്ചു. വെളിച്ചം തിയറ്റേഴ്സ് പ്രസിഡന്റ് ഡോ അജി പീറ്റര്‍ അധ്യക്ഷത വഹിച്ചു. യുക്മ ദേശീയ പ്രസിഡന്റ് അഡ്വ. എബി സെബാസ്റ്റ്യന്‍, ഏഷ്യാനെറ്റ് യൂറോപ്പ് ഡയറക്ടറും ലോക കേരള സഭാംഗവുമായ ശ്രി എസ് ശ്രീകുമാര്‍ എന്നിവര്‍ ആശംസകള്‍ അര്‍പ്പിച്ചു. വെളിച്ചം തിയറ്റേഴ്സിന്റെ ക്രിയേറ്റീവ് കോര്‍ഡിനേറ്ററും ലോക കേരളസഭാംഗവുമായ ശ്രി സി എ ജോസഫ് സ്വാഗതവും ട്രഷറര്‍ ശ്രി വിന്‍സെന്റ് പോള്‍ നന്ദിയും രേഖപ്പെടുത്തി.

 

വെളിച്ചം തിയറ്റേഴ്‌സിന്റെ മാര്‍ഗ്ഗദര്‍ശിയായിരുന്ന അന്തരിച്ച ഫിലിപ്പ്കുട്ടിക്ക് ആദരാഞ്ജലിയര്‍പ്പിച്ച് ശ്രി ബിനോ ഫിലിപ്പ് അനുസ്മരണ പ്രഭാഷണം നടത്തി.

 

ഫിലിപ്പ്കുട്ടിയുടെ സ്മരണയ്ക്കായി വെളിച്ചം തിയറ്റേഴ്‌സ് സമര്‍പ്പിച്ച മെമന്റോ യുക്മ ദേശീയ പ്രസിഡന്റ് അഡ്വ. എബി സെബാസ്റ്റ്യനില്‍ നിന്ന് ഫിലിപ്പ്കുട്ടിയുടെ ഭാര്യ ശ്രീമതി സജിനി ഫിലിപ്പ്കുട്ടി ഏറ്റുവാങ്ങി. തുടര്‍ന്ന് ശ്രീമതി സജിനി ഫിലിപ്പ്കുട്ടി അദ്ദേഹത്തെക്കുറിച്ചുള്ള ഓര്‍മ്മകള്‍ പങ്കുവെച്ചു.

 

ഡോ അജി പീറ്റര്‍ രചനയും സംവിധാനവും നിര്‍വഹിച്ച് പ്രശസ്ത ഗായകന്‍ കെസ്റ്റര്‍ ആലപിച്ച 'സൈന്യാധിപന്‍' എന്ന സംഗീത ആല്‍ബത്തിന്റെ ഔപചാരികമായ പ്രകാശനവും വേദിയില്‍ ശ്രി എസ് ശ്രീകുമാര്‍ നിവ്വഹിച്ചു.

 

ചടങ്ങില്‍ വിശിഷ്ട അതിഥികളായി എത്തിയ ബേസിംഗ്‌സ്റ്റോക്ക് ഡെപ്യൂട്ടി മേയര്‍ കൗണ്‍സിലര്‍ സജീഷ് ടോം, യുക്മ ദേശീയ പ്രസിഡണ്ട് അഡ്വ എബി സെബാസ്റ്റ്യന്‍, ഏഷ്യാനെറ്റ് യൂറോപ്പ് ചെയര്‍മാനും ലോക കേരള സഭാംഗവുമായ ശ്രി എസ് ശ്രീകുമാര്‍ എന്നിവരെ യഥാക്രമം ഡോ അജി പീറ്റര്‍, ശ്രി സി എ ജോസഫ് , ശ്രി വിന്‍സന്റ് പോള്‍ എന്നിവര്‍ പൊന്നാട അണിയിച്ച് വെളിച്ചം തിയറ്റേഴ്‌സിന്റെ ആദരവ് നല്‍കി.

 

കേരള നഴ്സസ് യു.കെ. സംഘടിപ്പിച്ച മൂന്നാമത് വാര്‍ഷിക സമ്മേളനത്തോടനുബന്ധിച്ച് നടത്തിയ മത്സരത്തില്‍ ഒന്നാം സമ്മാനം നേടിയ റീല്‍സിന്റെ സംവിധായകന്‍ ശ്രി ജോജി തോട്ടത്തില്‍ ശ്രി എസ്. ശ്രീകുമാറില്‍ നിന്ന് മെമന്റോ ഏറ്റുവാങ്ങി.

 

പരിപാടിയുടെ പ്രൈം സ്‌പോണ്‍സര്‍മാരായ ഇന്‍ഫിനിറ്റി മോര്‍ട്ട്‌ഗേജ്, അക്വാ ഡിജിറ്റല്‍ സര്‍വീസസ് എന്നിവരെയും മറ്റ് സ്‌പോണ്‍സര്‍മാരായ ഐഡിയല്‍ സോളിസിറ്റേഴ്‌സ്, ബില്‍ഡ് ബെറ്റര്‍, സീക്കോ അക്കൗണ്ടന്‍സി, റിവാ ട്രാവല്‍സ്, പാന്‍ ഏഷ്യന്‍ ഫുഡ്, ജെ.എന്‍.ജെ. കാര്‍സ് എന്നിവര്‍ക്ക് മെമന്റോകള്‍ നല്‍കി ആദരിച്ചു. കൂടാതെ പരിപാടികളില്‍ പങ്കെടുത്ത കലാപ്രതിഭകള്‍,  നാടകത്തിലെ അഭിനേതാക്കള്‍, കള്‍ച്ചറല്‍ ഫെസ്റ്റിന്റെ വിജയത്തിനായി പ്രവര്‍ത്തിച്ച കോര്‍ഡിനേറ്റേഴ്സ് എന്നിവര്‍ക്കും  വെളിച്ചം തിയറ്റേഴ്‌സിന്റെ സ്‌നേഹോപഹാരമായ മെമന്റോകള്‍ നല്‍കി.

 

പരിപാടിയുടെ ഭാഗമായി സംഘടിപ്പിച്ച റാഫിള്‍ ടിക്കറ്റിന്റെ ഉദ്ഘാടനം ശ്രി സെബിന്‍ കല്ലറക്കലില്‍ നിന്ന് ആദ്യ ടിക്കറ്റ് ഏറ്റുവാങ്ങി ബേസിംഗ്‌സ്റ്റോക്ക് മലയാളി കള്‍ച്ചറല്‍ അസോസിയേഷന്‍ പ്രസിഡന്റ് ശ്രി പൗലോസ് പാലാട്ടി നിര്‍വഹിച്ചു.

 

തുടര്‍ന്ന് വേദിയെ കീഴടക്കുന്ന നിരവധി കലാ പരിപാടികളാണ് അരങ്ങേറിയത്.

ഫിലിപ്പ്കുട്ടി അച്ചായന്റെ പരിശീലനത്തില്‍ രൂപംകൊണ്ട ബേസിംഗ്‌സ്റ്റോക്ക്, പോര്‍ട്‌സ്മൗത്ത്, സ്വിണ്ടന്‍ എന്നിവിടങ്ങളിലെ ശിഷ്യര്‍ അവതരിപ്പിച്ച മെഗാ ചെണ്ടമേളം, ഡി3, ഡി4 ഉള്‍പ്പെടെ നിരവധി റിയാലിറ്റി ഷോകളിലൂടെ ശ്രദ്ധ നേടിയ യദു കൃഷയുടെ നേതൃത്വത്തിലുള്ള ഗോഡ്‌സ് ഓണ്‍ ഡാന്‍സേഴ്‌സ് ട്രൂപ്പിന്റെ മനോഹരമായ നൃത്താവിഷ്‌കാരങ്ങള്‍, മെന്റലിസ്റ്റ് ജോയലിന്റെ വിസ്മയകരമായ മാജിക്കല്‍ മെന്റലിസം ഷോ, കൊച്ചിന്‍ കലാഭവനിലൂടെ ശ്രദ്ധേയനായ മലയാളികളുടെ സ്വന്തം കലാഭവന്‍ ദിലീപിന്റെ മിമിക്‌സ് പരേഡ്, എന്നിവ വേദിയില്‍ ആവേശം നിറച്ചു.

 

കലാ-സാംസ്‌കാരിക സായാഹ്നത്തിന്റെ പ്രധാന ആകര്‍ഷണമായി വെളിച്ചം തിയറ്റേഴ്സിന്റെ മൂന്നാമത് നാടകം 'ജീന്‍വാല്‍ജീന്‍' അരങ്ങേറി.

വിശ്വപ്രശസ്ത സാഹിത്യകാരന്‍ വിക്ടര്‍ ഹ്യൂഗോയുടെ 'ലെസ് മിസറബിള്‍സ് 'എന്ന നോവലില്‍ നിന്ന് പ്രചോദനം ഉള്‍ക്കൊണ്ട് ഡോ. അജി പീറ്റര്‍ രചനയും സംവിധാനവും നിര്‍വ്വഹിച്ചിരിക്കുന്ന ഈ നാടകത്തില്‍ നിരവധി നാടകങ്ങളിലും സംഗീത ആല്‍ബങ്ങളിലും അഭിനയിച്ചും സംവിധാനം ചെയ്തും കഴിവ് തെളിയിച്ച ഡോ.അജി പീറ്റര്‍,  യുകെയില്‍ റിലീസ് ചെയ്ത ഷോര്‍ട്ട് ഫിലിമുകളിലും,  നാടകങ്ങളിലും മികവാര്‍ന്ന അഭിനയം കാഴ്ച്ചവെച്ചിട്ടുള്ള സി. എ ജോസഫ്, അഭിനേതാക്കള്‍ എന്ന നിലയില്‍ നിരവധി നാടകങ്ങളില്‍ അഭിനയിച്ച് കഴിവ് തെളിയിച്ചിട്ടുള്ള ജോണി ജോസഫ്,  സാജു സ്റ്റീഫന്‍, ജോബി തോമസ്, സജി കുന്നത്ത്, ദീപ്തി തരംഗ്, ടൈറ്റസ് പുതുശ്ശേരി, ബിനോ  ഫിലിപ്പ്,  ബിനീഷ് അഗസ്റ്റിന്‍, ജെസ്വിന്‍ ജോയ്, ജിതിന്‍ ജോസ്,  നിദിയാ ആല്‍ബര്‍ട്ട്,  ബിന്ദു ബിജു, രാജു തോമസ്,  മാസ്റ്റര്‍ ആന്റന്‍ ബിനോ, ബേബി ഹരിയറ്റ് സജി, എന്നിവരാണ് വേഷമിട്ടത്.

 

നാടകത്തിന്റെ അസോസിയേറ്റ് ഡയറക്ടര്‍- വിന്‍സെന്റ് പോള്‍, ക്രിയേറ്റീവ് കോര്‍ഡിനേറ്റര്‍- സി. എ. ജോസഫ്, ചമയം & മീഡിയ പ്രമോഷന്‍- ജോജി തോട്ടത്തില്‍, രംഗസജ്ജീകരണം- സജി കുന്നത്ത്, റെക്കോര്‍ഡിംഗ്-ജെസ്വിന്‍ ജോയ്, പശ്ചാത്തല സംഗീതം- ആല്‍ബി മഠത്തില്‍ എന്നിവരായിരുന്നു.

 

യുകെയിലെ ചെണ്ടമേളത്തിന്റെ ആശാനായി അറിയപ്പെട്ടിരുന്ന വെളിച്ചം തിയറ്റേഴ്‌സിന്റെ മാര്‍ഗദര്‍ശിയും അഭിനേതാവുമായ അന്തരിച്ച ഫിലിപ്പ്കുട്ടിക്ക് ആദരാഞ്ജലി അര്‍പ്പിച്ചാണ് മുഴുവന്‍ പരിപാടികളും അവതരിപ്പിച്ചത്. അദ്ദേഹത്തിന്റെ കലാജീവിതവും സംഭാവനകളും അനുസ്മരിക്കുന്ന പ്രത്യേക വീഡിയോ പ്രദര്‍ശനവും വേദിയില്‍ ഒരുക്കിയിരുന്നു.

 

പരിപാടിയുടെ തുടക്കം മുതല്‍ അവസാനം വരെ അവതാരകരായ അശ്വതി ഹരീഷും ജോംസി അരുണും തങ്ങളുടെ കുറ്റമറ്റ അവതരണശൈലിയിലൂടെ പ്രേക്ഷകരുടെ മുക്തകണ്ഠ പ്രശംസ നേടി.

 

വിശിഷ്ടാതിഥികള്‍, കലാപ്രതിഭകള്‍, സ്‌പോണ്‍സര്‍മാര്‍, ലൈറ്റ് ആന്‍ഡ് സൗണ്ട്, വീഡിയോ, ഫോട്ടോഗ്രാഫി ടീമുകള്‍ തുടങ്ങി പരിപാടിയുടെ വിജയത്തിനായി പ്രവര്‍ത്തിച്ച എല്ലാവര്‍ക്കും അതോടൊപ്പം പരിപാടികളില്‍ പങ്കെടുത്ത മുഴുവന്‍ ആളുകള്‍ക്കും വെളിച്ചം തിയറ്റേഴ്‌സ് സെക്രട്ടറി ശ്രി ജോബി തോമസ് നന്ദി രേഖപ്പെടുത്തി. സംഘാടകരുടെ മികച്ച ആസൂത്രണവും കലാപ്രതിഭകളുടെ മികവാര്‍ന്ന പ്രകടനങ്ങളും കൊണ്ട് കാണികളുടെ ഹൃദയം കീഴടക്കിയ ബേസിംഗ്‌സ്റ്റോക്ക് വെളിച്ചം തിയറ്റേഴ്‌സിന്റെ കള്‍ച്ചറല്‍ ഫെസ്റ്റിന് ഇതോടെ തിരശീല വീണു.

 

 

 

ജോബി തോമസ്

 

 

 




കൂടുതല്‍വാര്‍ത്തകള്‍.