
















സിഎംആര്‍എല്‍ എക്സാലോജിക് സാമ്പത്തിക ഇടപാട് കേസില്‍ വീണ ടിക്കും പിണറായി വിജയനും കുരുക്കായി ശശിധരന്‍ കര്‍ത്തയുടെ മൊഴി. പിണറായുമായുള്ള അടുപ്പത്തിന്റെ പേരിലാണ് വീണയുടെ സ്ഥാപനത്തിന് കരാര്‍ നല്‍കിയതെന്നാണ് ശശിധരന്‍ കര്‍ത്ത മൊഴി നല്‍കിയിരിക്കുന്നത്. 2024 ഏപ്രിലില്‍ വീട്ടില്‍ വച്ച് നടന്ന ചോദ്യം ചെയ്യലിലാണ് കര്‍ത്ത ഇത്തരത്തില്‍ മൊഴി നല്‍കിയത്. വീണ സിഎംആര്‍എല്‍ന് സേവനം നല്‍കിയിട്ടില്ലെന്നും ഇ ഡി അഡ്ജുഡികേറ്റിങ് അതോറിറ്റിക്ക് മുന്‍പാകെ നല്‍കിയ റിപ്പോര്‍ട്ടിലുണ്ട്. സിഎംആര്‍എല്ലിന് സേവനം നല്‍കിയിട്ടില്ലെന്ന് വീണ സമ്മതിച്ചതായും ഇ ഡിയുടെ റിപ്പോര്‍ട്ടില്‍ പറയുന്നു.
2024 ഏപ്രിലിലാണ് സിഎംആര്‍എല്‍ എക്സാലോജിക്ക് സാമ്പത്തിക ഇടപാട് കേസില്‍ ഇഡി ഇസിഐആര്‍ രജിസ്റ്റര്‍ ചെയ്യുന്നത്. ഇതിന് പിന്നാലെ നടത്തിയ വേഗത്തിലുള്ള നടപടിയുടെ ഭാഗമായാണ് അതേവര്‍ഷം ഏപ്രിലില്‍ ശശിധരന്‍ കര്‍ത്തയുടെ വീട്ടിലെത്തി മൊഴി രേഖപ്പെടുത്തിയത്. പല തവണ സമന്‍സ് അയച്ചിട്ടും ഹാജരാകാന്‍ തയ്യാറാകാത്തതിനാലായിരുന്നു അദ്ദേഹത്തിന്റെ ആരോഗ്യ പ്രശ്നങ്ങള്‍ കൂടി പരിഗണിച്ച് ഇ ഡി വീട്ടിലെത്തിയത്. ഇവിടെ വെച്ചാണ് സിഎംആര്‍എലിന് വീണയുടെ കമ്പനി യാതൊരു സേവനവും നല്‍കിയിട്ടില്ലെന്ന് എംഡി തന്നെ മൊഴി നല്‍കിയത്. പിന്നാലെ അന്വേഷണം മുന്‍ മുഖ്യമന്ത്രി പിണറായി വിജയനിലേക്ക് കൂടി നീങ്ങുന്നെന്നാണ് വിവരം. 2016-2021 കാലയളവിലെ ഒന്നാം പിണറായി സര്‍ക്കാരിന്റെ കാലത്ത് എതെങ്കിലും തരത്തിലുള്ള വഴിവിട്ട സഹായം സിഎംആര്‍എല്ലിന് ലഭിച്ചിട്ടുണ്ടോ എന്നതിലാണ് അന്വേഷണം നടക്കുന്നത്.
കേസില്‍ റെയിഡിന് പിന്നാലെ പ്രതികളുടെ സ്വത്തുക്കള്‍ മരവിപ്പിച്ചിരുന്നു.