
















ഫുട്‌ബോള്‍ ലോകകപ്പില്‍ പ്രിയപ്പെട്ട ടീമായാണ് അര്‍ജന്റീന എത്തിയത്. എന്നാല്‍ മത്സരങ്ങള്‍ പൂര്‍ത്തിയായപ്പോള്‍ ഏറ്റവും വെറുക്കപ്പെട്ട ടീമായാണ് അവര്‍ മടങ്ങിയത്. സ്‌പെയിന് എതിരായ ഫൈനല്‍ തോറ്റതിന് ശേഷം അര്‍ജന്റീന താരങ്ങളുടെ ഭാഗത്ത് നിന്നുണ്ടായ അക്രമങ്ങളാണ് വിമര്‍ശനങ്ങള്‍ ഏറ്റുവാങ്ങിയത്.
ഇപ്പോള്‍ അര്‍ജന്റീന ഫുട്‌ബോള്‍ അസോസിയേഷന്‍ പ്രസിഡന്റാണ് വിവാദത്തില്‍ കുടുങ്ങിയിരിക്കുന്നത്. യുഎസില്‍ നിന്നും നാട്ടിലേക്ക് മടങ്ങാനായി വിമാനത്താവളത്തിലെത്തിയ പ്രസിഡന്റിന്റെ ഫോണ്‍ എഫ്ബിഐ ഏജന്റുമാര്‍ പിടിച്ചെടുത്തെന്നാണ് റിപ്പോര്‍ട്ട്.
യുഎസ് ബാങ്കുകള്‍ വഴി നൂറുകണക്കിന് മില്ല്യണ്‍ ഡോളര്‍ സ്‌പോണ്‍സര്‍ഷിപ്പ് തുക വെളുപ്പിച്ചെടുത്തെന്ന ആരോപണത്തിന് പിന്നാലെയാണ് നടപടി. ലോകകപ്പില്‍ കളിച്ച താരങ്ങള്‍ക്കൊപ്പം ബ്യൂണസ് എയേഴ്‌സിലേക്ക് പറക്കാന്‍ എത്തിയപ്പോഴാണ് എഫ്ബിഐ ഏജന്റുമാര്‍ ക്ലൗഡിയോ ടാപിയയെ വളഞ്ഞതെന്ന് ഇന്‍ഫോബേ റിപ്പോര്‍ട്ട് പറയുന്നു.
ന്യൂയോര്‍ക്കിലെ ജെഎഫ്‌കെ ഇന്റര്‍നാഷണല്‍ എയര്‍പോര്‍ട്ടില്‍ വെച്ച് ടാപിയയെ കസ്റ്റഡിയില്‍ എടുത്തു. ഇദ്ദേഹത്തിന്റെ ഇലക്ട്രോണിക് ഡിവൈസുകള്‍ കൈമാറാനും ആവശ്യപ്പെട്ടു. അര്‍ജന്റീന സംഘത്തിലെ മറ്റ് അംഗങ്ങളുടെ ഫോണുകളും, ലാപ്‌ടോപ്പുകളും പിടിച്ചെടുത്തതായും ശ്രോതസ്സുകള്‍ വെളിപ്പെടുത്തി.
ഇതോടെ വിമാനം പുറപ്പെടാന്‍ അല്‍പ്പം വൈകുകയും ചെയ്തു. എന്നാല്‍ യുഎസില്‍ നടപടി നേരിട്ടെന്ന വാര്‍ത്തകള്‍ അര്‍ജന്റൈന്‍ ഫുട്‌ബോള്‍ അസോസിയേഷന്‍ നിഷേിച്ചു. പുറത്തുവരുന്ന വാര്‍ത്തകള്‍ തെറ്റാണ്, അത്തരം സംഭവങ്ങള്‍ നടന്നിട്ടില്ല, വാര്‍ത്താക്കുറിപ്പ് പറഞ്ഞു.