CURRENCY RATE -
1 GBP :
0.00 INR
1 EUR :
0.00 INR
1 USD :
0.00 INR
Last Updated :
49 Seconds Ago
Breaking Now

13000 മാസശമ്പളമുള്ള അധ്യാപികമാരുടെ അക്കൗണ്ടില്‍ ലക്ഷങ്ങള്‍ ;വടകര എംഡിഎംഎ പ്രതികളുടെ സ്വത്ത് കണ്ടുകെട്ടാന്‍ പോലീസ്

ആഡംബര ജീവിതം നയിച്ച ഇവര്‍ ലഹരിവ്യാപാരം നടത്തി സ്വത്തുക്കള്‍ വാങ്ങിക്കൂട്ടിയോ എന്നാണ് പ്രധാനമായും അന്വേഷിക്കുന്നത്.

കോഴിക്കോട് വടകര എംഡിഎംഎ കേസില്‍ പിടിയിലായ മൂന്ന് അധ്യാപികമാര്‍ ഉള്‍പ്പെടെയുള്ള അഞ്ച് പ്രതികളുടെയും സ്വത്തുക്കള്‍ കണ്ടുകെട്ടാന്‍ പോലീസ് നടപടി തുടങ്ങി.പ്രതികളുടെ ബാങ്ക് അക്കൗണ്ടുകള്‍ വഴിയുള്ള കോടികളുടെ ഇടപാടുകള്‍ പുറത്തുവന്നതിനെ തുടര്‍ന്നാണിത്.കേസ് അഞ്ച് പേരില്‍ ഒതുങ്ങില്ല എന്നും പോലീസ് വ്യക്തമാക്കി.

കേസില്‍ പിടിയിലായ അധ്യാപികമാര്‍ക്ക് 12,000 ,13,000 രൂപ മാത്രമാണ് ശമ്പളമെങ്കിലും ഇവരുടെ അക്കൗണ്ടുകളില്‍ ലക്ഷക്കണക്കിന് രൂപയുണ്ടെന്ന് പോലീസ് കണ്ടെത്തി. ആഡംബര ജീവിതം നയിച്ച ഇവര്‍ ലഹരിവ്യാപാരം നടത്തി സ്വത്തുക്കള്‍ വാങ്ങിക്കൂട്ടിയോ എന്നാണ് പ്രധാനമായും അന്വേഷിക്കുന്നത്.

കഴിഞ്ഞ ദിവസം പിടിയിലായ സഫുവാന്‍ ഉള്‍പ്പെടെ അഞ്ച് പേരാണ് നിലവില്‍ പോലീസിന്റെ പിടിയിലായിട്ടുള്ളത്. ഇതില്‍ ഒടുവില്‍ അറസ്റ്റിലായ കണ്ണൂര്‍ ഇരിട്ടി സ്വദേശി ജിജില്‍ കുര്യാക്കോസിന്റെ അക്കൗണ്ട് വഴി മാത്രം കഴിഞ്ഞ ഒരു വര്‍ഷത്തിനിടെ ഒരു കോടി രൂപയിലധികം ഇടപാട് നടന്നിട്ടുണ്ട്. ഡെലിവറി ജോലിയുടെ മറവിലാണ് ജിജില്‍ ലഹരി വില്‍പ്പന നടത്തിയിരുന്നതെന്നാണ് പോലീസ് കരുതുന്നത്.

ലഹരിവ്യാപാരത്തിലൂടെ സ്വത്തുക്കള്‍ വാങ്ങിയിട്ടുണ്ടെങ്കില്‍ എന്‍ഡിപിഎസ് നിയമപ്രകാരം അവ പിടിച്ചെടുക്കുമെന്ന് കണ്ണൂര്‍ റെയിഞ്ച് ഡിഐജി കെ.കാര്‍ത്തിക് വാര്‍ത്താസമ്മേളനത്തില്‍ വ്യക്തമാക്കി. പ്രതികളില്‍ മൂന്ന് പേര്‍ അധ്യാപികമാരായതിനാല്‍ കുട്ടികളെയും ലഹരി വില്‍പ്പനയിലേക്ക് ഉപയോഗിച്ചിട്ടുണ്ടോ എന്ന് പരിശോധിച്ചെങ്കിലും ഇതുവരെ അത്തരം പരാതികളൊന്നും ലഭിച്ചിട്ടില്ലെന്ന് റൂറല്‍ എസ്.പി മെറിന്‍ ജോസഫ് അറിയിച്ചു. കേസില്‍ ഇനിയും അറസ്റ്റുകള്‍ ഉണ്ടാകുമെന്നും പോലീസ് വ്യക്തമാക്കിയിട്ടുണ്ട്.

അതേസമയം, വടകര ലഹരി കേസില്‍ വയനാട് സ്വദേശിയെ കേന്ദ്രീകരിച്ച് അന്വേഷണം വ്യാപിപ്പിച്ച് അന്വേഷണ സംഘം. കേസിലെ മുഖ്യകണ്ണി വയനാട് സ്വദേശിയാണെന്നാണ് സൂചന. ഇയാളെ ഉടന്‍ തന്നെ കസ്റ്റഡിയില്‍ എടുത്ത് ചോദ്യം ചെയ്യാനാണ് നീക്കം. ഇന്നലെ അറസ്റ്റിലായ ജിജില്‍ കുര്യാക്കോസില്‍ നിന്നാണ് നിര്‍ണായക വിവരങ്ങള്‍ അന്വേഷണ സംഘത്തിന് ലഭിച്ചത്. ഒരു കോടിയോളം രൂപയുടെ ഇടപാടാണ് ഇയാളുടെ അക്കൗണ്ടിലൂടെ നടന്നിരിക്കുന്നത്.

 




കൂടുതല്‍വാര്‍ത്തകള്‍.