
















കേന്ദ്ര വിദ്യാഭ്യാസ മന്ത്രി ധര്‍മ്മേന്ദ്ര പ്രധാന്റെ രാജിക്കും സിജെപിയുടെ പ്രക്ഷോഭ വിജയത്തിനും പിന്നാലെ, കോണ്‍ഗ്രസ് പുറത്തിറക്കിയ ഗ്രാഫിക് കാര്‍ഡിനെതിരെ പരിസ്ഥിതി പ്രവര്‍ത്തകനും രാഷ്ട്രീയ നിരീക്ഷകനുമായ അഡ്വ ഹരീഷ് വാസുദേവന്‍. എവരി എംപയര്‍ ഫാള്‍സ് ഇവന്‍ച്വലി, ഇങ്ങനെ ഒന്ന് തുനിഞ്ഞിറങ്ങിയാല്‍ മുട്ടുമടക്കാതെ പിന്നെ എങ്ങനെ എന്ന പോസ്റ്ററുമായി കോണ്‍ഗ്രസ് രംഗത്തെത്തിയിരുന്നു. എന്നാല്‍ സമരത്തിന് നേതൃത്വം നല്‍കിയ സിജെപിയെക്കുറിച്ച് പരാമര്‍ശിക്കാതിരുന്നത് മര്യാദകേടാണെന്ന് ഹരീഷ് വാസുദേവന്‍ വിമര്‍ശിച്ചു.
സിജെപിയുടെ നിര്‍ണായക റോള്‍ ഒരു വാക്കുകൊണ്ടുപോലും അംഗീകരിക്കാത്തത് രാഹുല്‍ ഗാന്ധിയുടെ വില കുറയ്ക്കുകയേ ഉള്ളൂവെന്ന് അഡ്വ. ഹരീഷ് വാസുദേവന്‍ പറഞ്ഞു. പ്രതിപക്ഷ നിരയ്ക്ക് പോലും യുവാക്കളെ ഇളക്കാന്‍ കഴിയാതിരുന്ന വിഷയം രാജ്യത്തെക്കൊണ്ട് ഏറ്റെടുപ്പിക്കുകയും, ലക്ഷക്കണക്കിന് യുവാക്കളെ ഡല്‍ഹിയില്‍ അണിനിരത്തി സര്‍ക്കാരിനെ മുട്ടുമടക്കിക്കുകയും ചെയ്തത് സിജെപിയാണ്. അവഗണിക്കാന്‍ കഴിയാത്ത സാഹചര്യത്തില്‍ മാത്രമാണ് രാഹുല്‍ ഗാന്ധിയും കോണ്‍ഗ്രസും സമരത്തെ പിന്തുണച്ചതെന്നും, കോണ്‍ഗ്രസിനെക്കാള്‍ യുവാക്കളെ സ്വാധീനിക്കാന്‍ അഭിജിത്ത് ദീപ്‌കേയ്ക്കും കൂട്ടര്‍ക്കും കഴിഞ്ഞുവെന്നത് വ്യക്തമാണെന്നും അദ്ദേഹം കുറിച്ചു.
അതേസമയം, ധര്‍മ്മേന്ദ്ര പ്രധാന്റെ രാജിയോടെ തങ്ങളുടെ പ്രധാന ആവശ്യം അംഗീകരിക്കപ്പെട്ടെന്നും സമരം അവസാനിപ്പിച്ചെന്നും സിജെപി നേതാക്കള്‍ അറിയിച്ചു.