
















ഇന്ത്യയിലെ വാട്‌സാപ്പ് ഉപയോക്താക്കള്‍ക്കിടയില്‍ അസാധാരണമായ പ്രതിസന്ധി. യാതൊരു മുന്നറിയിപ്പുമില്ലാതെ നിരവധി യൂസര്‍മാരുടെ അക്കൗണ്ടുകള്‍ വാട്‌സാപ്പ് ബ്ലോക്ക് ചെയ്യുന്നതായാണ് പരാതികള്‍. പ്രമുഖ ടെക് പ്ലാറ്റ്ഫോമുകളിലും മറ്റ് സമൂഹമാധ്യമങ്ങള തങ്ങളുടെ വാട്‌സാപ്പ് അക്കൗണ്ട് നഷ്ടപ്പെട്ടതായി പരാതിപ്പെട്ടുകൊണ്ട് രംഗത്തെത്തിയിട്ടുണ്ട്.
അക്കൗണ്ട് 24 മണിക്കൂര്‍ നേരത്തേക്ക് മരവിപ്പിച്ചിരിക്കുന്നു എന്ന സന്ദേശമാണ് ബ്ലോക്ക് ചെയ്യപ്പെട്ട യൂസര്‍മാര്‍ക്ക് ലോഗിന്‍ ചെയ്യാന്‍ ശ്രമിക്കുമ്പോള്‍ ലഭിക്കുന്നത്. എന്ത് കാരണത്താലാണ് നടപടിയെന്ന് സന്ദേശത്തില്‍ വ്യക്തമാക്കുന്നില്ല. പെട്ടെന്നുള്ള ഒരു നടപടിയായതിനാല്‍ ജോലി ആവശ്യങ്ങള്‍ക്കും മറ്റും വാട്‌സാപ്പ് ഉപയോഗിക്കുന്നവര്‍ വലിയ ബുദ്ധിമുട്ടിലാണ്. പലരും തങ്ങളുടെ അനുഭവങ്ങള്‍ എക്‌സ് പോലുള്ള പ്ലാറ്റ്ഫോമുകളില്‍ പങ്കുവെക്കുന്നുണ്ട്.
അതേസമയം, പ്രശ്‌നം വ്യാപകമായതോടെ വാട്‌സാപ്പ് വക്താവ് ഔദ്യോഗിക വിശദീകരണവുമായി രംഗത്തെത്തി. വാട്‌സാപ്പിന്റെ സുരക്ഷാ സംവിധാനങ്ങള്‍ ചില അക്കൗണ്ടുകളെ തെറ്റായി തിരിച്ചറിഞ്ഞ് ബ്ലോക്ക് ചെയ്തതാകാം എന്നാണ് പ്രാഥമിക നിഗമനം. ഓട്ടോമേറ്റഡ് സുരക്ഷാ സംവിധാനങ്ങള്‍ക്ക് ചിലപ്പോള്‍ ഇത്തരം അബദ്ധങ്ങള്‍ സംഭവിക്കാറുണ്ടെന്നും അധികൃതര്‍ വ്യക്തമാക്കി.
സമൂഹമാധ്യമങ്ങളില്‍ പരാതിപ്പെട്ടതിന് പിന്നാലെ ചിലര്‍ക്ക് അക്കൗണ്ടുകള്‍ തിരികെ ലഭിച്ചതായും റിപ്പോര്‍ട്ടുകളുണ്ട്. ബ്ലോക്ക് ചെയ്യപ്പെട്ട അക്കൗണ്ടുകള്‍ തിരികെ ലഭ്യമാക്കാനുള്ള നടപടികള്‍ വാട്‌സാപ്പ് സ്വീകരിക്കുന്നുണ്ടെന്നാണ് സൂചന.