
















ഇന്ത്യയില്‍ നിന്നും 16 വര്‍ഷങ്ങള്‍ക്ക് മുന്‍പ് യുകെയിലെത്തിയ മുന്‍ ഇന്ത്യന്‍ പ്രീമിയര്‍ ലീഗ് മേധാവി ലളിത് മോദിക്ക് ബ്രിട്ടീഷ് പൗരത്വം അനുവദിച്ചു. ചാള്‍സ് മൂന്നാമന്‍ രാജാവിന്റെ ജന്മദിനവുമായി ബന്ധപ്പെട്ട് ഓക്‌സ്‌ഫോര്‍ഡ് യൂണിയന്‍ പരിപാടിയിലാണ് തന്റെ വ്യക്തിഗത നേട്ടം ലളിത് മോദി പ്രഖ്യാപിച്ചത്.
'ദൈവം രാജാവിനെ രക്ഷിക്കട്ടെ' എന്നാണ് തന്റെ നേട്ടം പ്രഖ്യാപിച്ച് കൊണ്ട് മോദി എക്‌സില്‍ കുറിച്ചത്. ഇന്ത്യയില്‍ സാമ്പത്തിക കുറ്റകൃത്യങ്ങള്‍, കള്ളപ്പണം വെളുപ്പിക്കലിനും നിരവധി കേസുകളാണ് ഇയാള്‍ക്കെതിരെ ഉള്ളത്. 2010-ല്‍ ഇന്ത്യയില്‍ നിന്നും രക്ഷപ്പെട്ട ലളിത് മോദി അതിന് ശേഷം യുകെയിലാണ് താമസിക്കുന്നത്.
പല വര്‍ഷങ്ങളായി യുകെ തന്റെ ഭവനമാണെന്നും, അവിടുത്തെ ആളുകളോടും, സ്ഥാപനങ്ങളോടും, മൂല്യങ്ങളോടും വലിയ ആരാധനയുണ്ടെന്നുമാണ് മോദി പറയുന്നത്. പൗരത്വം ലഭിച്ചതോടെ ഉത്തരവാദിത്വം കൂടിയെന്നും ബ്രിട്ടന് പോസിറ്റീവ് സംഭാവനകള്‍ നല്‍കുന്നത് തുടരുമെന്നും പോസ്റ്റില്‍ വ്യക്തമാക്കി.
2008-ല്‍ ഇന്ത്യന്‍ പ്രിമീയര്‍ ലീഗ് ആരംഭിക്കുന്നതിന് പിന്നില്‍ പ്രവര്‍ത്തിച്ച ലളിത് മോദി ടി20 ക്രിക്കറ്റിനെ ആഗോള സ്‌പോര്‍ട്ടിംഗ് ശക്തികേന്ദ്രമാക്കുകയും ചെയ്തു. എന്നാല്‍ 2010 ഐപിഎല്‍ ഫൈനലിന് ശേഷമാണ് ബിസിസിഐ ലളിത് മോദിയെ സസ്‌പെന്‍ഡ് ചെയ്യുന്നത്. രണ്ട് പുതിയ ഫ്രാഞ്ചൈസികള്‍ രൂപീകരിക്കാനായി ദുര്‍നടപടികളില്‍ ഏര്‍പ്പെട്ടെന്നും, സാമ്പത്തിക ക്രമക്കേട് നടത്തിയെന്നുമാണ് ആരോപണം ഉയര്‍ന്നത്. അന്വേഷണത്തില്‍ മോദിയെ കുറ്റക്കാരനായി കണ്ടെത്തിയതോടെ ബിസിസിഐ കമ്മിറ്റി ഇയാള്‍ക്ക് ആജീവനാന്ത വിലക്കും പ്രഖ്യാപിച്ചു. ലളിത് മോദിയെ ഇന്ത്യയിലെത്തിക്കാന്‍ ഇന്ത്യന്‍ അധികൃതര്‍ ശ്രമിക്കുമ്പോഴാണ് ബ്രിട്ടന്‍ പൗരത്വം നല്‍കിയത്.