
















ഹലാല്‍ ഭക്ഷണം വിളമ്പാത്ത വെസ്റ്റ് ലണ്ടനിലെ ഇന്ത്യന്‍ റെസ്‌റ്റൊറന്റ് അടച്ചുപൂട്ടണമെന്ന് ആവശ്യപ്പെട്ട് മുസ്ലീം പ്രതിഷേധം. ഹലാല്‍ ഭക്ഷണം വിളമ്പില്ലെന്ന ഉടമയുടെ നിലപാടാണ് പ്രതിഷേധത്തിന് ഇടയാക്കുന്നത്.
ഹാമ്മര്‍സ്മിത്തില്‍ രംഗ്‌രേസ് എന്ന് മുന്‍പ് അറിയപ്പെട്ടിരുന്ന സിംഗ്‌സ് ഡൈനിംഗാണ് പ്രതിഷേധങ്ങള്‍ക്ക് വേദിയാകുന്നത്. നൂറുകണക്കിന് പ്രതിഷേധക്കാര്‍ തടിച്ചുകൂടിയതോടെ മെറ്റ് പോലീസ് രംഗത്തിറങ്ങി. ഇതിനിടെ റെസ്റ്റൊറന്റിന്റെ സുരക്ഷയ്ക്കായി അഭിനേതാവ് ജോണ്‍ ക്ലീസ് പ്രൈവറ്റ് സുരക്ഷാ ഗാര്‍ഡുകളെയും വിട്ടുനല്‍കി.
'ഞങ്ങള്‍ ഹലാല്‍ വില്‍ക്കാത്തതില്‍ അഭിമാനം' എന്ന റെസ്റ്റൊറന്റിന്റെ ടാഗ്‌ലൈനാണ് പ്രതിഷേധങ്ങള്‍ക്ക് ഇടയാക്കുന്നത്. ഉടമ ഹര്‍മാന്‍ സിംഗ് കപൂര്‍ മുസ്ലീങ്ങളെ കുറിച്ചും, ഹലാല്‍ മാംസം, ഗാസയിലെ സംഘര്‍ഷം എന്നിവയെ കുറിച്ച് സോഷ്യല്‍ മീഡിയയില്‍ പറഞ്ഞുവെന്നാണ് വിമര്‍ശകരുടെ വാദം. 
എന്നാല്‍ താനും, കുടുംബവും നൂറുകണക്കിന് വധഭീഷണികള്‍ ഹലാല്‍ മാംസത്തിന്റെ പേരില്‍ നേരിട്ടതായി കപൂര്‍ വ്യക്തമാക്കുന്നു. അപമാനങ്ങളും, അക്രമിക്കുമെന്ന ഭീഷണികളും പതിവായി നേരിടുന്നു. തന്റെ റെസ്റ്റൊറന്റില്‍ കയറരുതെന്ന് പ്രതിഷേധക്കാരുടെ പ്രചരണത്തില്‍ സാമ്പത്തിക നഷ്ടവും നേരിടുന്നുണ്ടെന്ന് അദ്ദേഹം വെളിപ്പെടുത്തി.
മെറ്റ് പോലീസിനോട് സഹായം തേടിയെങ്കിലും ലഭിച്ചില്ലെന്നാണ് റെസ്‌റ്റൊറന്റ് ഉടമകളുടെ നിലപാട്. ഇതിനിടെ പ്രതിഷേധത്തിന് മുന്‍പായി ഇസ്ലാമിനെ പരാമര്‍ശിച്ച് സോഷ്യല്‍ മീഡിയ പോസ്റ്റ് ഇട്ടതിന് കപൂറിനെ പോലീസ് അറസ്റ്റും ചെയ്തു.