
















യുകെയില്‍ 12 മണിക്കൂര്‍ നേരത്തേക്ക് മഞ്ഞിനുള്ള അലേര്‍ട്ട് പുറപ്പെടുവിച്ച് മെറ്റ് ഓഫീസ്. തണുപ്പേറിയ കാറ്റ് രാജ്യത്തേക്ക് പ്രവേശിക്കാന്‍ തുടങ്ങിയതോടെയാണ് ആര്‍ട്ടിക്ക് സാഹചര്യങ്ങള്‍ വരുന്നത്. ചൊവ്വാഴ്ചയോടെ താപനില -8 സെല്‍ഷ്യസിലേക്ക് താഴുമെന്നാണ് പ്രതീക്ഷ.
ഇതോടെ അന്തരീക്ഷം കൂടുതല്‍ അപകടകരമാകും. കൂടാതെ നോര്‍ത്ത് ഇംഗ്ലണ്ട്, സ്‌കോട്ട്‌ലണ്ട് എന്നിവിടങ്ങളില്‍ 60 എംപിഎച്ച് വേഗത്തിലുള്ള കാറ്റും തേടിയെത്തും. ചൊവ്വാഴ്ച അര്‍ദ്ധരാത്രി മുതലാണ് മഞ്ഞിനുള്ള മഞ്ഞ കാലാവസ്ഥാ മുന്നറിയിപ്പ് നിലവില്‍ വരിക. 
ഈസ്റ്റ് മിഡ്‌ലാന്‍ഡ്‌സ്, നോര്‍ത്ത് ഈസ്റ്റ് ഇംഗ്ലണ്ട്, നോര്‍ത്ത് വെസ്റ്റ് ഇംഗ്ലണ്ട്, സ്ട്രാത്‌ക്ലൈഡ്, സൗത്ത് വെസ്റ്റ് സ്‌കോട്ട്‌ലണ്ട്, വെസ്റ്റ് മിഡ്‌ലാന്‍ഡ്‌സ്, യോര്‍ക്ക്ഷയര്‍, ഹംബര്‍ എന്നിവിടങ്ങളിലാണ് ജാഗ്രത ബാധകമാകുക. യാത്രക്കാര്‍ക്കും, സമൂഹങ്ങള്‍ക്കും ദുരിതം സൃഷ്ടിക്കുന്നതിനൊപ്പം ചില മേഖലകളില്‍ വൈദ്യുതി തകരാര്‍ നേരിടുമെന്നും വ്യക്തമായിട്ടുണ്ട്.
ഞായറാഴ്ച മുതല്‍ ഇംഗ്ലണ്ടിലെ ഭൂരിഭാഗം പ്രദേശങ്ങളിലും ഈര്‍പ്പം നിറഞ്ഞ സാഹചര്യമാണ്. ഐസ് രൂപപ്പെടുന്ന സാഹചര്യമായതിനാല്‍ തിങ്കളാഴ്ച വൈകുന്നേരം 6 മുതല്‍ ചൊവ്വാഴ്ച രാവിലെ 10 വരെ മഞ്ഞ ജാഗ്രതയാണ്. സ്‌കോട്ട്‌ലണ്ടിലും, നോര്‍ത്ത് ഇംഗ്ലണ്ടിലുമാണ് ഇത് ബാധകം.
ഇതിനിടെ താപനില വ്യാപകമായി താഴുകയാണ്. കഴിഞ്ഞ ആഴ്ച വെയില്‍സില്‍ ചില ഭാഗങ്ങളില്‍ -6.6 സെല്‍ഷ്യസ് രേഖപ്പെടുത്തിയതാണ് താഴ്ന്ന താപനില. ഇത് ഈയാഴ്ച കൂടുതല്‍ താഴുമെന്നാണ് മെറ്റ് ഓഫീസ് വ്യക്തമാക്കുന്നത്.