
















എനര്‍ജി ബില്ലുകള്‍ വരുന്ന ഓട്ടം സീസണില്‍ മൂന്ന് വര്‍ഷത്തെ ഉയര്‍ന്ന നിരക്കിലേക്ക് കുതിച്ചുയരുമെന്ന് മുന്നറിയിപ്പ്. പണപ്പെരുപ്പം കുതിച്ചുചാട്ടം നടത്തിയതിനൊപ്പമാണ് പ്രധാനമന്ത്രി ആന്‍ഡി ബേണ്‍ഹാമിന് തലവേദനയായി ഈ പ്രവചനം വന്നിരിക്കുന്നത്.
എനര്‍ജി ചെലവുകള്‍ കുതിച്ചുയരുന്നതിന്റെ ചിറകിലേറിയാണ് പണപ്പെരുപ്പവും ഉയരുന്നത്. എനര്‍ജി ബില്ലുകളിലെ വര്‍ദ്ധന ഇപ്പോള്‍ തന്നെ ഉപഭോക്താക്കള്‍ക്ക് കനത്ത വേദനയാണ് സമ്മാനിക്കുന്നത്. ജൂണിലെ 2.6 ശതമാനത്തില്‍ നിന്നും ജൂലൈയില്‍ 2.9 ശതമാനത്തിലേക്കാണ് പണപ്പെരുപ്പം കയറിയത്.
കഴിഞ്ഞ മാസം എനര്‍ജി പ്രൈസ് ക്യാപ്പില്‍ 13 ശതമാനത്തിന്റെ വര്‍ദ്ധന നേരിട്ടതാണ് തിരിച്ചടിയായത്. ഇതോടെ ലേബറിന്റെ നെറ്റ് സീറോ വാഗ്ദാനങ്ങളില്‍ വെള്ളം ചേര്‍ക്കണമെന്ന സമ്മര്‍ദവും ഉയരുകയാണ്. ഉപഭോക്താക്കള്‍ക്കും, ബിസിനസ്സുകള്‍ക്കും ഇതിനുള്ള പണം കൂടി നല്‍കാന്‍ കഴിയില്ലെന്ന് വിമര്‍ശകര്‍ ചൂണ്ടിക്കാണിക്കുന്നു.
ഇറാന്‍ യുദ്ധത്തിലെ അനിശ്ചിതാവസ്ഥ ആഗോള എണ്ണ വിലകള്‍ ഉയര്‍ത്തുന്നതിനാല്‍ ഒക്ടോബറില്‍ എനര്‍ജി ബില്ലുകള്‍ ഉയരുമെന്നാണ് കോണ്‍വാള്‍ ഇന്‍സൈറ്റ്‌സ് പ്രവചനം. ഈ വര്‍ദ്ധന കൂടി ചേര്‍ന്നാല്‍ പ്രതിവര്‍ഷ ബില്ലുകള്‍ 1941 പൗണ്ടിലേക്കാണ് ഉയരുക.
ഒക്ടോബറില്‍ ഫ്യൂവല്‍ ബില്ലിലെ വാറ്റ് നീക്കം ചെയ്ത് അല്‍പ്പം ആശ്വാസം നല്‍കാന്‍ ബേണ്‍ഹം ശ്രമിക്കുന്നുണ്ടെങ്കിലും, പ്രൈസ് ക്യാപ്പ് വര്‍ദ്ധിച്ചാല്‍ ഈ നീക്കത്തിന് പ്രസക്തി ഇല്ലാതാകും. നോര്‍ത്ത് സീയിലെ ഡ്രില്ലിംഗ് നിരോധനം നീക്കി ഇന്ധന ചെലവ് കുറയ്ക്കണമെന്ന ആവശ്യമാണ് ഇപ്പോള്‍ ശക്തമാകുന്നത്.