
















എമര്‍ജന്‍സി മൊബൈല്‍ ഫോണ്‍ അലേര്‍ട്ട് നല്‍കി ജനങ്ങളെ പേടിപ്പിച്ച് ഗവണ്‍മെന്റ്. ഭയപ്പെടുത്തുന്ന അലേര്‍ട്ട് ലഭിച്ചതോടെ 999 ലൈനുകള്‍ ജാമാകുകയും, ഡ്രൈവര്‍മാര്‍ ഭയപ്പെട്ട് വാഹനം ഒതുക്കുകയും ചെയ്തു. എന്നാല്‍ സന്ദേശം വായിച്ചതോടെയാണ് അത്ര എമര്‍ജന്‍സിയായിരുന്നില്ലെന്ന് വ്യക്തമായത്.
വെള്ളിയാഴ്ച രാത്രിയാണ് ലക്ഷക്കണക്കിന് മൊബൈല്‍ ഫോണുകളില്‍ സൈറണ്‍ മുഴങ്ങിയത്. കാട്ടുതീ സൃഷ്ടിക്കാന്‍ ഇടയാക്കുന്ന ബാര്‍ബെക്യൂ, ഫയര്‍പിറ്റ്, ഫയര്‍വര്‍ക്ക് എന്നിവ ഉപയോഗിക്കരുതെന്നായിരുന്നു മുന്നറിയിപ്പ്.
ജീവന്‍ അപകടത്തിലാകുന്ന അടിയന്തര നിമിഷങ്ങളില്‍ ഉപയോഗിക്കാനാണ് ഈ അലേര്‍ട്ട് സിസ്റ്റം തയ്യാറാക്കിയതെന്ന് ടോറികള്‍ വിമര്‍ശിച്ചു. അടിയന്തരമല്ലാത്ത വിഷയങ്ങളില്‍ മുന്നറിയിപ്പ് നല്‍കാന്‍ ഈ സിസ്റ്റം ഉപയോഗിക്കുന്നതിനെതിരെ ക്യാബിനറ്റ് ഓഫീസ് നിര്‍ദ്ദേശമുള്ളപ്പോഴാണ് ഇത് അവഗണിച്ച് ഗവണ്‍മെന്റ് ഈ നീക്കം നടത്തിയത്.
'തീവ്രവാദി അക്രമങ്ങള്‍ പോലുള്ള നേരിടാന്‍ ജനങ്ങള്‍ക്ക് അടിയന്തര സന്ദേശം നല്‍കാനാണ് സന്ദേശം, അല്ലാതെ സോസേജ് പാകം ചെയ്യരുതെന്ന് ജനങ്ങളോട് പറയാനല്ല', കണ്‍സര്‍വേറ്റീവ് ശ്രോതസ്സ് ചൂണ്ടിക്കാണിച്ചു. അടിയന്തര സന്ദേശം ലഭിച്ചതോടെ അയല്‍വീടുകളില്‍ ബാര്‍ബെക്യു വെയ്ക്കുന്നതായി വിളിച്ചറിയിക്കുന്ന അയല്‍വാസികളുടെ തിരക്കാണ് 999-ല്‍ നേരിട്ടത്.