
















നിയമ മേഖലയിലെ ജോലി ഉപേക്ഷിച്ച് ഫുള്‍ ടൈം ഡോഗ് വാക്കറായി മാറിയ 30കാരിയായ ലിസ് ഈസ്റ്റ് സന്തോഷത്തിലാണ്. ബ്രിട്ടനിലെ ക്രിമിനല്‍ ഡിഫന്‍സ് മേഖലയില്‍ നിയമ സഹായിയായി നാല് വര്‍ഷത്തോളം ജോലി ചെയ്തിരുന്ന ലിസ്, ജോലി സമ്മര്‍ദം താങ്ങാനാകാതെയാണ് പുതിയ കരിയര്‍ തിരഞ്ഞെടുത്തത്.അഡ്മിനിസ്ട്രേറ്റീവ് ജോലികള്‍, കോടതി നടപടികള്‍, ജയില്‍ സന്ദര്‍ശനം, ക്ലയന്റുകളുമായുള്ള ആശയവിനിമയം തുടങ്ങി നിരവധി ചുമതലകള്‍ ലിസിന് നിര്‍വഹിക്കേണ്ടിയിരുന്നു. ജോലിത്തിരക്കിനിടെ വ്യക്തിജീവിതത്തിന് സമയം കണ്ടെത്താന്‍ കഴിയാതായതോടെയാണ് മാറ്റത്തെക്കുറിച്ച് ചിന്തിച്ചത്.
ഡോഗ് വാക്കിങ്ങും ഡോഗ് ബോര്‍ഡിങ്ങും നടത്തുന്ന ഭര്‍ത്താവിന്റെ ജോലി കണ്ടാണ് ലിസും ഈ മേഖലയിലേക്ക് എത്തിയത്. തുടക്കത്തില്‍ ചെലവുകള്‍ കണ്ടെത്തുന്നതിനായി പബ്ബിലും ജോലി ചെയ്തിരുന്നു. എന്നാല്‍ ഒരു വര്‍ഷത്തിനുള്ളില്‍ സ്ഥിരം ഉപഭോക്താക്കളെ ലഭിച്ചതോടെ ബിസിനസ് വളര്‍ന്നു.
നിലവില്‍ നാല് ഗ്രൂപ്പ് വാക്കുകള്‍ നടത്തുന്ന ലിസ്, ദിവസവും 20 മുതല്‍ 30 വരെ നായകളെ പരിചരിക്കുന്നു. ഓരോ നായയ്ക്കും മണിക്കൂറിന് 14 പൗണ്ട് വീതമാണ് ഈടാക്കുന്നത്. ദിവസവും 300 മുതല്‍ 400 പൗണ്ട് വരെ വരുമാനം ലഭിക്കുന്നുണ്ടെന്നാണ് ലിസിന്റെ അവകാശവാദം. പരമാവധി 400 പൗണ്ട് ഏകദേശം 51,400 രൂപയ്ക്ക് തുല്യമാണ്.
നിയമ മേഖലയിലെ ജോലിയേക്കാള്‍ മികച്ച വരുമാനവും കൂടുതല്‍ സമയവും ഇപ്പോഴത്തെ ജോലിയില്‍ ലഭിക്കുന്നുണ്ടെന്ന് ലിസ് പറയുന്നു. നിയമ ബിരുദം തനിക്കൊപ്പമുണ്ടെന്നും ഭാവിയില്‍ ആവശ്യമെങ്കില്‍ നിയമ മേഖലയിലേക്ക് മടങ്ങാനാകുമെന്നും അവര്‍ വ്യക്തമാക്കി. എന്നാല്‍ നിലവിലെ ജോലി ഏറെ ഇഷ്ടപ്പെടുന്നതിനാല്‍ തിരിച്ചുപോകാനുള്ള സാധ്യത കുറവാണെന്നും ലിസ് കൂട്ടിച്ചേര്‍ത്തു.