
















ലിവര്‍പൂള്‍ മലയാളി അസോസിയേഷന്‍ ജോ & മി ഓണ്‍ലൈന്‍ ട്യൂഷനുമായി സഹകരിച്ച് സംഘടിപ്പിച്ച 'ലിമ ചില്‍ഡ്രന്‍സ് ഫെസ്റ്റ് 2026' വൈവിധ്യമാര്‍ന്ന കലാമത്സരങ്ങളോടെയും കുട്ടികളുടെയും മാതാപിതാക്കളുടെയും സജീവ സാന്നിധ്യത്തോടെയും വന്‍ വിജയമായി മാറി. യുകെയില്‍ വളരുന്ന മലയാളി കുട്ടികളുടെ സര്‍ഗ്ഗാത്മകതയും ഭാഷാസ്‌നേഹവും പ്രകടമാക്കുന്ന വേദിയായി ഈ കലാമാമാങ്കം മാറി.

2026, ഒക്ടോബര്‍ പത്തിന് രാവിലെ ആരംഭിച്ച മത്സരങ്ങള്‍ വൈകുന്നേരം വരെ നീണ്ടു നിന്നു. പ്രാര്‍ത്ഥനാ ഗാനത്തിനു ശേഷം മൂന്ന് കുട്ടികള്‍ ഭഗവദ്ഗീത, വിശുദ്ധ ബൈബിള്‍, വിശുദ്ധ ഖുര്‍ആന്‍ എന്നീ ഗ്രന്ഥങ്ങളില്‍ നിന്നുള്ള വചനങ്ങള്‍ പാരായണം ചെയ്തുകൊണ്ട് പരിപാടിയുടെ ഔദ്യോഗിക തുടക്കം കുറിച്ചു. തുടര്‍ന്ന് നടന്ന ഉദ്ഘാടന സമ്മേളനത്തില്‍ ലിവര്‍പൂള്‍ മാര്‍ത്തോമാ ചര്‍ച്ച് വികാരി റവറന്റ് വിപിന്‍ കുരുവിള മുഖ്യാതിഥിയായി പങ്കെടുത്തു. കുട്ടികളെയും മാതാപിതാക്കളെയും അഭിസംബോധന ചെയ്തുകൊണ്ട് അദ്ദേഹം നടത്തിയ പ്രചോദനാത്മകമായ പ്രസംഗം ഏവര്‍ക്കും പുതിയൊരു ഊര്‍ജ്ജവും ചിന്തയും പകരുന്നതായിരുന്നു. വിസ്റ്റണ്‍ ടൗണ്‍ ഹാളില്‍ പ്രത്യേകം സജ്ജീകരിച്ച രണ്ട് വ്യത്യസ്ത വേദികളില്‍ നാല് വിഭാഗങ്ങളിലായാണ് (3 മുതല്‍ 17 വയസ്സ് വരെ) മത്സരങ്ങള്‍ ക്രമീകരിച്ചിരുന്നത്. പ്രമുഖ വിദ്യാഭ്യാസ സ്ഥാപനമായ ജോ & മി ഓണ്‍ലൈന്‍ ട്യൂഷന്‍ ആയിരുന്നു ഈ കലാമാമാങ്കത്തിന്റെ മുഖ്യ സ്‌പോണ്‍സര്‍.

ചെറിയ കുട്ടികള്‍ പങ്കെടുത്ത ഫാന്‍സി ഡ്രസ്സ് മത്സരങ്ങള്‍ ഏറെ വേറിട്ട അനുഭവമായി. വൈവിധ്യമാര്‍ന്ന വേഷവിധാനങ്ങളില്‍ സദസ്സിനു മുന്നിലെത്തിയ കുട്ടികളുടെ നിഷ്‌കളങ്കമായ ഭാവങ്ങളും പ്രകടനങ്ങളും കാണികളില്‍ വലിയ ചിരിയും കൈയടിയും ഉണര്‍ത്തി. ഇംഗ്ലീഷ് റെസിറ്റേഷന്‍, മോണോആക്ട് എന്നീ ഇനങ്ങളില്‍ കുട്ടികള്‍ കാഴ്ചവെച്ച പ്രകടനം അവരുടെ ഭാവനാശേഷിയുടെ മികവ് വ്യക്തമാക്കുന്നതായിരുന്നു. ഇംഗ്ലണ്ടില്‍ ജനിച്ച് വളരുന്ന ഈ തലമുറ തെറ്റുകൂടാതെ മലയാളം കവിതകള്‍ ചൊല്ലിയതും കഥ പറഞ്ഞതും പ്രസംഗിച്ചതും സദസ്സിനെ അത്ഭുതപ്പെടുത്തി. മലയാള ഭാഷ പുതിയ തലമുറയോടെ വേരറ്റു പോകുമോ എന്ന ആശങ്കകള്‍ക്കുള്ള മറുപടി കൂടിയായി ഈ വേദികള്‍. ഡ്രോയിംഗ്, കളറിംഗ്, പെയിന്റിംഗ് വേദികളില്‍ കുട്ടികള്‍ നിറങ്ങള്‍ കൊണ്ട് തീര്‍ത്ത ലോകം അവരുടെ ഭാവനയുടെ ആഴം വ്യക്തമാക്കുന്നതായിരുന്നു.

മലയാളത്തിലും ഇംഗ്ലീഷിലുമുള്ള സോളോ സോങ് മത്സരങ്ങളില്‍ കുട്ടികള്‍ ശ്രുതിമധുരമായി ഗാനങ്ങള്‍ ആലപിച്ചതും സദസ്സിനെ ഏറെ വിസ്മയിപ്പിച്ചു.

ക്ലാസിക്കല്‍ ഡാന്‍സ്, സിനിമാറ്റിക് ഡാന്‍സ്, ഫോക്ക് ഡാന്‍സിലെ കുട്ടികളുടെ ഒത്തിണക്കവും വസ്ത്രാലങ്കാരവും വേദിയെ കൂടുതല്‍ വര്‍ണ്ണാഭമാക്കി. ഓരോ മത്സരാര്‍ത്ഥിക്കും പിന്നില്‍ മാതാപിതാക്കള്‍ എടുത്ത പരിശീലനവും പ്രയത്‌നവും വേദികളില്‍ വ്യക്തമായിരുന്നു. മത്സരത്തേക്കാള്‍ ഉപരി കുട്ടികള്‍ വേദിയെ നേരിടാന്‍ കാണിച്ച ധൈര്യവും അവരുടെ കളിചിരികളുമായിരുന്നു ഈ ദിവസത്തിന്റെ ഏറ്റവും വലിയ പ്രത്യേകത.


പ്രവാസമണ്ണില്‍ ജനിച്ചുവളരുന്ന നമ്മുടെ കുട്ടികള്‍ക്ക് മലയാള ഭാഷയും സംസ്‌കാരവും പകര്‍ന്നുനല്‍കുക എന്ന വലിയ ലക്ഷ്യത്തോടെയാണ് ലിമ ഈ വേദി ഒരുങ്ങിയത്. ജിജോ വര്‍ഗ്ഗീസ്, ആതിര ശ്രീജിത്ത്, കല രാജീവ് എന്നിവരുടെ നേതൃത്വത്തില്‍ ലിമയുടെ എക്‌സിക്യൂട്ടീവ് അംഗങ്ങളും വോളന്റിയര്‍മാരും മികച്ച ക്രമീകരണങ്ങളാണ് വിസ്റ്റണ്‍ ടൗണ്‍ ഹാളില്‍ ഒരുക്കിയിരുന്നത്. വിധിനിര്‍ണയങ്ങള്‍ കുറ്റമറ്റ രീതിയില്‍ പൂര്‍ത്തിയാക്കി വിജയികള്‍ക്ക് ട്രോഫികളും സര്‍ട്ടിഫിക്കറ്റുകളും വിതരണം ചെയ്തു. മത്സരങ്ങളില്‍ പങ്കെടുത്ത മുഴുവന്‍ കുട്ടികള്‍ക്കും ലിമയുടെ വകയായി പ്രോത്സാഹന മെഡലുകളും സര്‍ട്ടിഫിക്കറ്റുകളും സമ്മാനിച്ചു. ലിമ കുടുംബത്തിലെ വിശിഷ്ടാതിഥികളാണ് വിജയികള്‍ക്ക് സമ്മാനങ്ങള്‍ വിതരണം ചെയ്തത്. യുകെയിലെ മലയാളി സമൂഹത്തിന്റെ അടുത്ത തലമുറയെ ലിമ എത്രത്തോളം ചേര്‍ത്തുപിടിക്കുന്നു എന്നതിന്റെ സാക്ഷ്യപ്പെടുത്തലായിരുന്നു ഈ കലാമാമാങ്കം. പങ്കെടുത്ത എല്ലാ കുട്ടികള്‍ക്കും അവരെ പ്രോത്സാഹിപ്പിച്ച മാതാപിതാക്കള്‍ക്കും ലിമ ഭാരവാഹികള്‍ നന്ദി അറിയിച്ചു.


മനോജ് ജോസഫ്
പി. ആര്‍. ഒ
ലിവര്‍പൂള്‍ മലയാളി അസോസിയേഷന്‍ (LIMA)