CURRENCY RATE -
1 GBP :
0.00 INR
1 EUR :
0.00 INR
1 USD :
0.00 INR
Last Updated :
5 Hours 30 Minutes 4 Seconds Ago
Breaking Now

മാര്‍ത്തോമാ പൈതൃകത്തിന്റെ തിരിനാളം അണയാതെ കാത്ത ഒരു ദശാബ്ദം ; പത്ത് വര്‍ഷങ്ങള്‍ പിന്നിട്ട് ഗ്രേറ്റ് ബ്രിട്ടന്‍ രൂപത

2016 ജൂലൈ 16-ന് ആണ് ഫ്രാന്‍സിസ് മാര്‍പാപ്പ ഗ്രേറ്റ് ബ്രിട്ടന്‍ സീറോമലബാര്‍ രൂപത സ്ഥാപിച്ചത്

ബര്‍മിംഗ് ഹാം .കുടിയേറ്റത്തോടൊപ്പം , ജീവശ്വാസം പോലെ ബ്രിട്ടന്റെ മണ്ണിലേക്ക് സത്യവിശ്വാസവും കൂടെ കൊണ്ടുപോന്ന ഒരു സമൂഹം തങ്ങള്‍ക്കു തലമുറകളായി    പകര്‍ന്നുകിട്ടിയ വിശ്വാസത്തിന്റെ തിരിനാളം അണയാതെ  കാത്തുസൂക്ഷിച്ചും  അതിന്റെ വെളിച്ചം  വരുംതലമുറകളിലേക്ക്  പകര്‍ന്നും ഗ്രേറ്റ് ബ്രിട്ടന്‍ സീറോമലബാര്‍ രൂപത അനുഗ്രഹസമൃദ്ധമായ പത്തു വര്‍ഷങ്ങള്‍ പിന്നിടുന്നു . ദൈവപരിപാലനവും സമര്‍പ്പിതമായ അജപാലനശുശ്രൂഷയും അല്‍മായരുടെ സജീവ പങ്കാളിത്തവും ചേര്‍ന്നെഴുതിയ ഈ ദശവത്സരചരിത്രം, ബ്രിട്ടനിലെ കത്തോലിക്കാ സഭാജീവിതത്തില്‍ സീറോമലബാര്‍ സമൂഹം കൈവരിച്ച വളര്‍ച്ചയുടെ സാക്ഷ്യമാണ്. എണ്‍പതിനായിരത്തിലധികം വിശ്വാസികളുടെ ആത്മീയഭവനമായി വളര്‍ന്ന രൂപത, മാര്‍ത്തോമാശ്ലീഹായില്‍നിന്നു പകര്‍ന്നുകിട്ടിയ പൈതൃകത്തില്‍  വേരുറപ്പിച്ച് പുതിയ പ്രേഷിതവഴികളിലേക്ക് ചുവടുവയ്ക്കുകയാണ്.

ചരിത്രത്തില്‍ ഇടം നേടിയ തുടക്കം

 

ഇംഗ്ലണ്ട്, സ്‌കോട്ട്ലന്‍ഡ്, വെയില്‍സ് എന്നീ രാജ്യങ്ങളില്‍  വിശുദ്ധ കുര്‍ബാന സെന്ററുകള്‍ ആയി  വളര്‍ന്നുകൊണ്ടിരുന്ന സീറോമലബാര്‍ സമൂഹത്തിന്റെ ആരാധനാക്രമപരവും ദൈവശാസ്ത്രപരവും ആധ്യാത്മികവും ശിക്ഷണക്രമപരവും സാംസ്‌കാരികവും  എന്നിവയിലൂന്നിയ അജപാലനപരവുമായ ആവശ്യങ്ങള്‍ പരിഗണിച്ച്, 2016 ജൂലൈ 16-ന്  ആണ്  ഫ്രാന്‍സിസ് മാര്‍പാപ്പ ഗ്രേറ്റ് ബ്രിട്ടന്‍ സീറോമലബാര്‍ രൂപത സ്ഥാപിച്ചത് . ജൂലൈ 28-ന് ഈ പ്രഖ്യാപനം ഔദ്യോഗികമായി പുറത്തുവന്നതോടെ, പ്രവാസഭൂമിയില്‍ വിശ്വാസത്തിന്റെ വേരുകള്‍ കൂടുതല്‍ ആഴത്തില്‍ പടര്‍ത്താനും പൈതൃകത്തിന്റെ വെളിച്ചം വരുംതലമുറകളിലേക്ക് കൈമാറാനും സ്വന്തമായൊരു അജപാലനസംവിധാനം ലഭിച്ചതിന്റെ സന്തോഷവും പ്രത്യാശയും വിശ്വാസിസമൂഹമാകെ നിറഞ്ഞു. അന്യദേശത്തിന്റെ മണ്ണില്‍ സ്വന്തം സഭയുടെ ആത്മീയത്തണലില്‍ ഒന്നിച്ചുനില്‍ക്കാനുള്ള സ്വപ്നത്തിന് അങ്ങനെ പുതിയൊരു ചിറകുമുളച്ചു.ഒരു രൂപതയുടെ പിറവി എന്നത് കേവലം ഭരണപരമായ ഒരു സംവിധാനത്തിന്റെ രൂപീകരണമല്ല; അത് ഒരു ജനതയുടെ വിശ്വാസത്തിനും പൈതൃകത്തിനും കൂട്ടായ്മയ്ക്കും ലഭിക്കുന്ന ആത്മീയമായ അടയാളമാണ്. ഈ അര്‍ത്ഥത്തില്‍, ഗ്രേറ്റ് ബ്രിട്ടന്‍ സീറോമലബാര്‍ രൂപതയുടെ സ്ഥാപനം ചരിത്രത്തിന്റെ ഒരു തീയതിയില്‍ ഒതുങ്ങിനില്‍ക്കുന്ന സംഭവമായിരുന്നില്ല. മറിച്ച്, പ്രവാസത്തിന്റെ വഴികളിലൂടെ വിശ്വാസം കാത്തുസൂക്ഷിച്ച ഒരു ജനതയുടെ പ്രാര്‍ഥനകള്‍ക്ക് ലഭിച്ച ഉത്തരവും, വരുംതലമുറകളുടെ ആത്മീയയാത്രയ്ക്ക് തെളിയിക്കപ്പെട്ട ദീപവുമായിരുന്നു അത്.

 

ആ ചരിത്ര മുഹൂര്‍ത്തം യാഥാര്‍ഥ്യമായത് 2016 ഒക്ടോബര്‍ 9-നായിരുന്നു. പ്രെസ്റ്റണിലെ നോര്‍ത്ത് എന്‍ഡ് സ്റ്റേഡിയം അന്ന് വിശ്വാസത്തിന്റെ മഹാസംഗമവേദിയായി മാറി. പതിനായിരത്തിലധികം വിശ്വാസികളും ലോകത്തിന്റെ വിവിധ ഭാഗങ്ങളില്‍നിന്നെത്തിയ സീറോമലബാര്‍ മെത്രാന്മാരും യുകെയിലെ വിവിധ രൂപതകളിലെ മെത്രാന്മാരും പ്രമുഖ രാഷ്ട്രീയ സാമൂഹ്യ സാംസ്‌കാരിക നേതാക്കളും വൈദികരും സന്യസ്തരും അല്‍മായവിശ്വാസികളും ഒരേ വിശ്വാസത്തിന്റെ ചൈതന്യത്തില്‍ ഒത്തുചേര്‍ന്നു. ദേശങ്ങളുടെയും ഭാഷകളുടെയും ദൂരങ്ങള്‍ മറന്ന്, പ്രാര്‍ഥനയുടെ ഒരേ ചൈതന്യത്തില്‍  ഹൃദയങ്ങള്‍ ഒന്നിച്ചപ്പോള്‍, ആ വേദി ഒരു രൂപതയുടെ ഉദ്ഘാടനസ്ഥലമെന്നതിലുപരി, ഗ്രേറ്റ് ബ്രിട്ടനിലെ സീറോമലബാര്‍ സഭയുടെ വിശ്വാസയാത്രയിലെ അവിസ്മരണീയ നാഴികക്കല്ലായി മാറി. ആകാശത്തോളം ഉയര്‍ന്ന പ്രതീക്ഷകളും ഹൃദയങ്ങളില്‍ നിറഞ്ഞ കൃതജ്ഞതയും പ്രാര്‍ഥനകളില്‍ അലിഞ്ഞുചേര്‍ന്നപ്പോള്‍, ഒരു പുതിയ രൂപതാ  സംവിധാനത്തിന്റെ പിറവിക്ക് കാലം സാക്ഷ്യം വഹിച്ചു.

ആ മഹനീയ തിരുക്കര്‍മ്മങ്ങള്‍ക്ക് നേതൃത്വം നല്‍കിയത് സീറോമലബാര്‍ സഭയുടെ തലവനും പിതാവുമായിരുന്ന  മേജര്‍ ആര്‍ച്ച്ബിഷപ്പ് കര്‍ദിനാള്‍ മാര്‍ ജോര്‍ജ് ആലഞ്ചേരിയായിരുന്നു. അദ്ദേഹത്തിന്റെ കൈവെയ്പ്പിലൂടെ  രൂപതയുടെ പ്രഥമ മെത്രാനായി മാര്‍ ജോസഫ് സ്രാമ്പിക്കല്‍ മെത്രാഭിഷേകം സ്വീകരിക്കുകയും രൂപതയുടെ അധ്യക്ഷനായി സ്ഥാനാരോഹണം ചെയ്യപ്പെടുകയും ചെയ്തു. 'സുവിശേഷകന്റെ ജോലി ചെയ്യുക ' എന്ന ആപ്ത വാക്യം തിരഞ്ഞെടുത്ത മാര്‍ ജോസഫ് സ്രാമ്പിക്കല്‍ വിശ്വാസത്തിന്റെ പാരമ്പര്യം കാത്തുസൂക്ഷിക്കാനും പുതിയ തലമുറകളിലേക്ക് അതിന്റെ വെളിച്ചം പകരാനും, ദേശത്തിന്റെ അതിരുകള്‍ക്കപ്പുറം സുവിശേഷത്തിന്റെ സന്ദേശം ജീവസ്സുറ്റതാക്കാനുമുള്ള  മഹത്തായ ദൗത്യമാണ് ആ നിമിഷത്തില്‍ ഏറ്റെടുത്തത് . മെത്രാഭിഷേകത്തിന്റെ പവിത്രതയും സ്ഥാനാരോഹണത്തിന്റെ ഗൗരവവും ഒത്തുചേര്‍ന്ന ആ ചരിത്രമുഹൂര്‍ത്തം, ഒരു ഇടയന്റെ നിയോഗം മാത്രമായിരുന്നില്ല; മറിച്ച്, പ്രവാസത്തിന്റെ മണ്ണില്‍ വിശ്വാസത്തിന്റെ ഭവനം പണിയാന്‍ ഒരുമിച്ചുനിന്ന ഒരു ജനതയുടെ സ്വപ്നസാക്ഷാത്കാരമായിരുന്നു. ആ നിമിഷം മുതല്‍ മാര്‍ ജോസഫ് സ്രാമ്പിക്കല്‍ രൂപതയുടെ അജപാലനയാത്രയ്ക്ക് നേതൃത്വം നല്‍കുന്ന ഇടയനായി, വിശ്വാസികളുടെ പ്രതീക്ഷകളും പ്രാര്‍ഥനകളും ഹൃദയത്തില്‍ ഏറ്റുവാങ്ങി പുതിയ ദൗത്യത്തിലേക്ക് പ്രവേശിച്ചു.ഈ ചരിത്രദിനത്തിന് ആത്മീയമായ പൂര്‍ണത പകരുന്ന വിധത്തില്‍, അതിന്റെ തലേദിവസം പ്രെസ്റ്റണിലെ സെന്റ് അല്‍ഫോന്‍സ ഓഫ് ദി ഇമ്മാക്കുലേറ്റ് കണ്‍സെപ്ഷന്‍ കത്തീഡ്രലിന്റെ ആശീര്‍വാദവും നടന്നു.എന്നാല്‍, ഈ മഹത്തായ ചരിത്രത്തിന്റെ അടിത്തറ ഉദ്ഘാടനവേദിയില്‍ മാത്രമായിരുന്നില്ല; വിശ്വാസികളുടെ ഹൃദയങ്ങളിലേക്ക് ഇറങ്ങിച്ചെന്ന് അവരുടെ ജീവിതവും പ്രതീക്ഷകളും അടുത്തറിയുന്ന അജപാലനശുശ്രൂഷയിലൂടെയും അത് ശക്തിപ്പെട്ടു. മെത്രാഭിഷേകത്തിനും സ്ഥാനാരോഹണത്തിനും മുമ്പുതന്നെ മാര്‍ ജോസഫ് സ്രാമ്പിക്കല്‍ പതിനഞ്ചു ദിവസം നീണ്ട അജപാലനസന്ദര്‍ശനത്തിലൂടെ അബര്‍ഡീന്‍ മുതല്‍ എക്‌സിറ്റര്‍ വരെയുള്ള വിശുദ്ധ കുര്‍ബാന കേന്ദ്രങ്ങള്‍ സന്ദര്‍ശിച്ചു. വിശ്വാസികളോടും വൈദികരോടും സംവദിച്ച അദ്ദേഹം, അവരുടെ ജീവിതസാഹചര്യങ്ങള്‍ മനസ്സിലാക്കുകയും സഭയുടെ വളര്‍ച്ചയ്ക്കായി ഒരുമിച്ച് മുന്നേറാനുള്ള വഴികള്‍ തേടുകയും ചെയ്തു.  തദ്ദേശീയ മെത്രാന്മാരെയും വൈദികരെയും വിശ്വാസികളെയും മെത്രാഭിഷേകശുശ്രൂഷയിലേക്ക് ക്ഷണിച്ചുകൊണ്ട്, ഈ ചരിത്രമുഹൂര്‍ത്തത്തെ സഭൈക്യത്തിന്റെ ആഘോഷമാക്കാനും അദ്ദേഹം പരിശ്രമിച്ചു.

തദ്ദേശ്ശീയ  രൂപതകളിലെ മെത്രാന്മാരുമായും വൈദികരുമായും നടത്തിയ കൂടിക്കാഴ്ചകള്‍ പരസ്പരസഹകരണത്തിന്റെയും ഐക്യത്തിന്റെയും പുതിയ വാതിലുകള്‍ തുറന്നു. ആരാധനാക്രമങ്ങളിലും സംസ്‌കാരത്തിലും  വ്യത്യാസങ്ങളുണ്ടെങ്കിലും, മിശിഹായിലുള്ള  ഒരേ വിശ്വാസം എല്ലാവരെയും ഒന്നിപ്പിക്കുന്നു എന്ന സത്യം ഈ ബന്ധങ്ങളിലൂടെ കൂടുതല്‍ തെളിഞ്ഞു. അങ്ങനെ, രൂപതയുടെ തുടക്കം ഒരു പുതിയ ഭരണസംവിധാനത്തിന്റെ പിറവി മാത്രമല്ലാതെ, ഹൃദയങ്ങളെ ഒന്നിപ്പിക്കുകയും വിശ്വാസബന്ധങ്ങളെ ദൃഢമാക്കുകയും സഭൈക്യത്തിന് പുതിയ ചൈതന്യം പകരുകയും ചെയ്ത ആത്മീയ മുന്നേറ്റമായി മാറി.രൂപതയുടെ ഉദ്ഘാടനത്തിനു പിന്നാലെ കൂരിയ രൂപീകരിക്കപ്പെട്ടതോടെ അജപാലനദൗത്യത്തിന് ആവശ്യമായ ഭരണസംവിധാനത്തിനും അടിത്തറയായി.

സംഘടിത വളര്‍ച്ചയ്ക്ക് ഉറച്ച അടിത്തറ

 

2017 ജൂണ്‍ 22-ന് ചാരിറ്റി കമ്മീഷനില്‍ C I O ആയി ഔദ്യോഗികമായി രജിസ്റ്റര്‍ ചെയ്തതോടെ രൂപതയുടെ സംഘടനാസംവിധാനം കൂടുതല്‍ ശക്തമായി. അജപാലനപരവും സാമ്പത്തികവും ഭരണപരവുമായ ഉത്തരവാദിത്വങ്ങള്‍ സുതാര്യതയോടും ഉത്തരവാദിത്വബോധത്തോടും കൂടി നിര്‍വഹിക്കുന്നതിനുള്ള നിയമപരമായ ചട്ടക്കൂടാണ് ഇതിലൂടെ രൂപപ്പെട്ടത്. പിന്നാലെ പ്രെസ്റ്റണില്‍ രൂപതയുടെ മൈനര്‍ സെമിനാരിയും ഉദ്ഘാടനം ചെയ്യപ്പെട്ടു.

അക്കാലത്ത് ഗ്രേറ്റ് ബ്രിട്ടനിലുടനീളം പ്രവര്‍ത്തിച്ചിരുന്ന 173 വിശുദ്ധ കുര്‍ബാന കേന്ദ്രങ്ങളെ ഇടവകകള്‍, മിഷനുകള്‍, നിര്‍ദിഷ്ട മിഷനുകള്‍ എന്നിങ്ങനെ ക്രമീകരിച്ചു. 2018 മാര്‍ച്ച് 19-ലെ മെത്രാന്റെ സര്‍ക്കുലറിലൂടെ രൂപത എട്ട് റീജിയണുകളായി  ക്രമീകരിക്കപ്പെട്ടു .ചിതറിക്കിടന്നിരുന്ന വിശ്വാസിസമൂഹങ്ങളെ ഏകോപിതമായ അജപാലനസംവിധാനത്തിലേക്ക് ചേര്‍ത്തുനിര്‍ത്തിയ നിര്‍ണായക നടപടിയായിരുന്നു ഇത്.

2018 മേയ് 12-ന് ലിവര്‍പൂളില്‍ സ്വന്തമായി ദേവാലയമുള്ള  രൂപതയുടെ ആദ്യ ഇടവകയുടെ ആശീര്‍വാദം നടന്നു. പ്രവാസത്തിലെ വിശ്വാസിസമൂഹം കൂടുതല്‍ സ്ഥിരതയുള്ള സഭാജീവിതത്തിലേക്ക് വളരുന്നതിന്റെ ശ്രദ്ധേയമായ അടയാളമായി ഈ നേട്ടം മാറി.

ദിശാബോധം നല്‍കിയ പഞ്ചവത്സര അജപാലന  പദ്ധതികള്‍

 

ദീര്‍ഘവീക്ഷണമുള്ള അജപാലന ആസൂത്രണമാണ് രൂപതയുടെ ആദ്യ ദശകത്തെ ശ്രദ്ധേയമാക്കിയ പ്രധാന ഘടകങ്ങളിലൊന്ന്. 2017 മുതല്‍ 2022 വരെയുള്ള ആദ്യ പഞ്ചവത്സര അജപാലന  പദ്ധതി, 'സജീവ ശിലകള്‍  എന്ന പേരില്‍ 2017 നവംബര്‍ 26-ന് ആരംഭിച്ചു. രൂപതാസംവിധാനങ്ങള്‍ പടുത്തുയര്‍ത്തുക, വിശ്വാസപരിശീലനം ശക്തിപ്പെടുത്തുക, വിശ്വാസികള്‍ക്കിടയില്‍ ഏകീകൃതമായ സഭാബോധം വളര്‍ത്തുക എന്നിവയായിരുന്നു പദ്ധതിയുടെ പ്രധാന ലക്ഷ്യങ്ങള്‍. കുട്ടികളുടെ വര്‍ഷം, യുവജനങ്ങളുടെ വര്‍ഷം, കുടുംബങ്ങളുടെ വര്‍ഷം, കുടുംബകൂട്ടായ്മകളുടെ വര്‍ഷം, ഇടവകകളുടെ വര്‍ഷം എന്നിങ്ങനെയാണ് അഞ്ചു വര്‍ഷങ്ങള്‍ സമര്‍പ്പിക്കപ്പെട്ടത്.

 

2022 നവംബര്‍ 27-ന് ആരംഭിച്ച രണ്ടാം പഞ്ചവത്സര പദ്ധതി 2027 വരെയുള്ള കാലയളവിലേക്കുള്ളതാണ്. 'പരിശുദ്ധന്‍ പരിശുദ്ധര്‍ക്ക് ' എന്ന പ്രമേയത്തില്‍ നടപ്പാക്കുന്ന ഈ പദ്ധതി, സീറോ മലബാര്‍ സഭയുടെ പൈതൃകത്തിലുള്ള ആഴപ്പെടലിനും പരിശീലനപരിപാടികളുടെ വിപുലീകരണത്തിനും അല്‍മായ നേതൃത്വത്തിന്റെ ശാക്തീകരണത്തിനും പ്രാധാന്യം നല്‍കുന്നു. കത്തോലിക്കാ കൂട്ടായ്മയ്ക്കുള്ളിലെ ഒരു സ്വയംഭരണാധികാരമുള്ള വ്യക്തിസഭയുടെ സ്വത്വം വ്യക്തമാക്കുന്ന ആരാധനാക്രമം, ദൈവശാസ്ത്രം, ആധ്യാത്മികത, ശിക്ഷണക്രമം , സംസ്‌കാരം എന്നീ അഞ്ചു സവിശേഷതകള്‍ക്കാണ് പദ്ധതിയിലെ ഓരോ വര്‍ഷവും സമര്‍പ്പിച്ചിരിക്കുന്നത്.

ഈ പദ്ധതിയുടെ ഭാഗമായി ആരംഭിച്ച വാര്‍ഷിക 'ഉര്‍ഹ' കുടുംബ ക്വിസ്, കുടുംബാംഗങ്ങള്‍ ഒന്നിച്ചിരുന്ന് സഭയെക്കുറിച്ചും സഭയുടെ പഠനങ്ങളെക്കുറിച്ചും ആഴത്തില്‍  പഠിക്കുന്നതിനുള്ള സജീവ വേദിയായി മാറി. സീറോമലബാര്‍ സഭയുടെ സമ്പന്നമായ പൗരസ്ത്യ സുറിയാനി പൈതൃകത്തെ കൂടുതല്‍ അടുത്തറിയാന്‍ സഹായിക്കുന്ന ഈ ക്വിസ് മത്സരം , അതാത് വര്‍ഷത്തെ  പ്രമേയത്തെ അടിസ്ഥാനമാക്കിയാണ് സംഘടിപ്പിക്കുന്നത്. വിശ്വാസവും ചരിത്രവും പാരമ്പര്യങ്ങളും ക്രമബദ്ധവും ആകര്‍ഷകവുമായ രീതിയില്‍ പഠിക്കാന്‍ ഇത് കുടുംബങ്ങള്‍ക്ക് അവസരമൊരുക്കുന്നു.

ക്വിസിനായി തയ്യാറാക്കുന്ന പഠനസാമഗ്രികള്‍ ദീര്‍ഘകാലപ്രയോജനമുള്ള വിജ്ഞാനശേഖരമായും വളരുകയാണ്. ആര്‍ക്കും എപ്പോഴും പ്രയോജനപ്പെടുത്താവുന്ന ഈ പഠനവിഭവങ്ങള്‍, കുടുംബപഠനത്തെ സമ്പന്നമാക്കുന്നതിനൊപ്പം രൂപതയുടെ ഭാവിയിലെ സഭാത്മക പരിശീലനത്തിനും മുതല്‍ക്കൂട്ടാകുന്നു. ഇരു പഞ്ചവത്സര പദ്ധതികളും രൂപതയുടെ വളര്‍ച്ചയ്ക്ക് വ്യക്തമായ ലക്ഷ്യബോധവും ദിശയും നല്‍കിയിട്ടുണ്ട്.

2017 നവംബറിലും 2022 മേയിലും നടന്ന മൂന്നു ദിവസങ്ങളിലായി നടന്ന രണ്ടു പ്രധാന രൂപതാസമ്മേളനങ്ങളില്‍ വൈദികരും ഡീക്കന്മാരും സന്യസ്തരും അല്‍മായ പ്രതിനിധികളും ഒന്നിച്ചുകൂടി. രൂപതയുടെ ദൗത്യം വിലയിരുത്താനും പ്രവര്‍ത്തനപുരോഗതി പരിശോധിക്കാനും ഭാവിയുടെ വഴികള്‍ വിവേചിച്ചറിയാനും ഈ സമ്മേളനങ്ങള്‍ അവസരമൊരുക്കി. രൂപതയുടെ അജപാലന മുന്‍ഗണനകള്‍ രൂപപ്പെടുത്തുന്നതില്‍ ഇവ നിര്‍ണായക പങ്കുവഹിച്ചു.

 

രൂപതയില്‍ നടക്കുന്ന വിശ്വാസികളിലെത്തിക്കുന്നതിനായി 2021-ല്‍ 'ദനഹ' പ്രതിവാര വാര്‍ത്താബുള്ളറ്റിനും ആരംഭിച്ചു. രൂപതാവാര്‍ത്തകളും അറിയിപ്പുകളും ഒരിടത്ത് ലഭ്യമാക്കുന്ന ആശയവിനിമയമാധ്യമമായി ഇത് പ്രവര്‍ത്തിക്കുന്നു.

 

 

പാസ്റ്ററല്‍ കൌണ്‍സില്‍ രൂപീകരണം 

 

ഫലപ്രദമായ അജപാലനനിര്‍വഹണം ലക്ഷ്യമിട്ട് 2020 ഓഗസ്റ്റ് ഏഴിന് രൂപതയുടെ അഡ്ഹോക്  പാസ്റ്ററല്‍ കൗണ്‍സില്‍ രൂപീകരിച്ചു. അതിവേഗ വളര്‍ച്ചയുടെ ഘട്ടത്തില്‍ ആവശ്യമായ കൂടിയാലോചനകള്‍ക്കും മാര്‍ഗനിര്‍ദേശങ്ങള്‍ക്കും ഈ സമിതി സഹായകമായി. തുടര്‍ന്ന് 2024 ഏപ്രില്‍ 27-ന് പൂര്‍ണരൂപത്തിലുള്ള രൂപതാ പാസ്റ്ററല്‍ കൗണ്‍സില്‍ ഔദ്യോഗികമായി നിലവില്‍ വന്നു. കൂട്ടായ നേതൃത്വത്തിനും അല്‍മായ പങ്കാളിത്തത്തിനും കൂടുതല്‍ ഉറപ്പുനല്‍കിയ നടപടിയായിരുന്നു ഇത്.

 

ഭരണപരവും അജപാലനപരവുമായ സംവിധാനങ്ങള്‍ പ്രാദേശികതലത്തില്‍ ശക്തിപ്പെടുത്തുന്നതിനായി 2023 ഓഗസ്റ്റ് ഒമ്പതിലെ മെത്രാന്റെ സര്‍ക്കുലറിലൂടെ റീജിയണല്‍ കൗണ്‍സിലുകളും സ്ഥാപിക്കപ്പെട്ടു.

 

ഇന്ന് 23 കമ്മീഷനുകളും ഏഴ് ഫോറങ്ങളും രൂപതയുടെ വിവിധ ശുശ്രൂഷകളെ മുന്നോട്ടുനയിക്കുന്നു. വിശ്വാസപരിശീലനം, ആരാധനാക്രമം, യുവജനശുശ്രൂഷ, കുടുംബപ്രേഷിതത്വം, സുവിശേഷവത്കരണം,  തുടങ്ങിയ മേഖലകളില്‍ പ്രവര്‍ത്തിക്കുന്ന ഈ സംവിധാനങ്ങള്‍, രൂപതയുടെ എല്ലാ വി ഭാഗങ്ങളിലേക്കും അജപാലനശുശ്രൂഷ എത്തിക്കുന്നതില്‍ പ്രധാന പങ്കുവഹിക്കുന്നു.

 

സ്വന്തമായി ഒരു അജപാലന ഭവനം

 

രൂപതയുടെ അടിസ്ഥാനസൗകര്യവികസനത്തിലും അജപാലനവളര്‍ച്ചയിലും സുപ്രധാന നാഴികക്കല്ലായിരുന്നു ബര്‍മിങ്ഹാമിലെ മേരിവെയിലില്‍ മാര്‍ യൗസേപ്പ് പാസ്റ്ററല്‍ ഹൗസ് സ്വന്തമാക്കിയത്. 2024 ജൂലൈ 25-ന് വാങ്ങിയ ഈ കേന്ദ്രം, അതേ വര്‍ഷം സെപ്റ്റംബര്‍ 16-ന് സീറോമലബാര്‍ സഭയുടെ മേജര്‍ ആര്‍ച്ച്ബിഷപ് മാര്‍ റാഫേല്‍ തട്ടില്‍ ആശീര്‍വദിച്ചു.

 

വിശ്വാസരൂപീകരണം, ധ്യാനങ്ങള്‍, പരിശീലനപരിപാടികള്‍, ഭരണപരമായ ഏകോപനം എന്നിവയ്ക്കുള്ള കേന്ദ്രമായാണ് പാസ്റ്ററല്‍ ഹൗസ് വിഭാവനം ചെയ്തിരിക്കുന്നത്. രൂപതയ്ക്കു സ്വന്തമായൊരു അജപാലനഭവനം  ദീര്‍ഘകാല സ്വപ്നത്തിന്റെ സാക്ഷാത്കാരം കൂടിയാണിത്.

 

വിന്‍സെന്‍ഷ്യന്‍ സഭയുടെ മേരിമാതാ പ്രൊവിന്‍സിന്റെ ഉദാരതയിലൂടെ  ഡാര്‍ലിങ്ടണിലെ കാര്‍മല്‍ ഡിവൈന്‍ ധ്യാനകേന്ദ്രം 2026-ല്‍ രൂപതയുടെ ഭാഗമായി. വിശ്വാസികളുടെ ആത്മീയ വളര്‍ച്ചക്കും  മിശിഹായുമായുള്ള  വ്യക്തിപരമായ കണ്ടുമുട്ടലിലേക്ക് ഇനിയും കടന്നുവരേണ്ടവരെ സഹായിക്കുന്നതിനും ഈ കേന്ദ്രം വേദിയാകുന്നു. രൂപതയുടെ ആത്മീയശുശ്രൂഷകള്‍ക്ക് കൂടുതല്‍ സൗകര്യങ്ങളും സാധ്യതകളുമാണ് ഇതിലൂടെ ലഭിച്ചിരിക്കുന്നത്.

 

എണ്‍പതിനായിരത്തിലധികം വിശ്വാസികളുടെ ആത്മീയഭവനം

 

കഴിഞ്ഞ പത്തു വര്‍ഷങ്ങള്‍ക്കിടെ ഗ്രേറ്റ് ബ്രിട്ടനിലെ സജീവമായ കത്തോലിക്കാ സമൂഹങ്ങളിലൊന്നായി രൂപത വളര്‍ന്നു. വിശ്വാസികളുടെ എണ്ണത്തിലുണ്ടായ വര്‍ധന പരിഗണിച്ച്, 2023 മാര്‍ച്ച് 31-ലെ മെത്രാന്റെ സര്‍ക്കുലറിലൂടെ എട്ട് റീജിയണുകള്‍ പന്ത്രണ്ടായി പുനഃക്രമീകരിച്ചു.

 

ഇന്ന് ഏഴ്  ഇടവകകളും 81മിഷനുകളും 29 നിര്‍ദിഷ്ട മിഷനുകളും രൂപതയ്ക്കുണ്ട്. എണ്‍പതിനായിരത്തിലധികം വിശ്വാസികള്‍ ഉള്‍പ്പെടുന്ന ഈ സമൂഹങ്ങളില്‍ 80 വൈദികര്‍  സേവനമനുഷ്ഠിക്കുന്നു. വിശുദ്ധ കുര്‍ബാനയും മറ്റു കൂദാശകളും വിശ്വാസപരിശീലനവും അജപാലനശുശ്രൂഷയും രൂപതയിലുടനീളം ലഭ്യമാക്കുന്നതില്‍ ഇവരുടെ സേവനം നിര്‍ണായകമാണ്.

 

2026 മെയ്  രണ്ടിന്  മ്ശംശാന മൈക്കിള്‍ എന്ന ടോണി കൊച്ചേരി രൂപതയില്‍ നിന്നുള്ള ആദ്യ വൈദികനായി വൈദിക പട്ടം  സ്വീകരിച്ചതും തുടര്‍ന്ന് സിസ്റ്റര്‍ ക്രിസ്റ്റി മരിയ എസ്  എച്ച് രൂപതയില്‍ നിന്നുള്ള ആദ്യ സന്യാസിനിയായി വൃത വാഗ്ദാനം സ്വീകരിച്ചതും രൂപതാചരിത്രത്തിലെ മറ്റൊരു നാഴികക്കല്ലായി. നിലവില്‍ നാല് മേജര്‍ സെമിനാരി വിദ്യാര്‍ഥികളും രണ്ടു മൈനര്‍ സെമിനാരി വിദ്യാര്‍ഥികളും രൂപതയ്ക്കായി വൈദികപരിശീലനം നടത്തുന്നു.

 

എയ്ല്‍സ്ഫോര്‍ഡ്, വാല്‍സിങ്ഹാം എന്നീ മരിയന്‍ തീര്‍ഥാടന കേന്ദ്രങ്ങളിലേക്കും  ലോകത്തിന്റെ വിവിധ ഭാഗങ്ങളിലെ മറ്റു തീര്‍ഥാടനകേന്ദ്രങ്ങളിലേക്കുമുള്ള വാര്‍ഷിക രൂപതാതീര്‍ഥാടനങ്ങള്‍, മാര്‍ത്തോമാശ്ലീഹായില്‍നിന്നു തലമുറകളിലൂടെ കൈമാറിക്കിട്ടിയ വിശ്വാസപാരമ്പര്യത്തിന്റെ ജീവിക്കുന്ന സാക്ഷ്യങ്ങളായി മാറിയിട്ടുണ്ട്. വിവിധ പ്രായവിഭാഗങ്ങളിലുള്ള വിശ്വാസികളുടെ സജീവ പങ്കാളിത്തത്തോടെ ഭക്തസംഘടനകളും പ്രവര്‍ത്തിക്കുന്നു.

 

വരുംതലമുറയ്ക്കായി വിശ്വാസത്തിന്റെ വിത്തുകള്‍

 

രൂപതയുടെ ശ്രദ്ധേയമായ നേട്ടങ്ങളിലൊന്നാണ് വിശ്വാസപരിശീലനരംഗത്തെ വളര്‍ച്ച. 2,500-ലധികം സമര്‍പ്പിതരായ  അധ്യാപകരുടെയും 20,000-ലധികം വിദ്യാര്‍ഥികളുടെയും പങ്കാളിത്തത്തോടെ മതബോധനശുശ്രൂഷ മുന്നേറുന്നു. വരുംതലമുറയെ വിശ്വാസത്തില്‍ രൂപപ്പെടുത്താന്‍ അധ്യാപകരെ സജ്ജരാക്കുന്ന പരിശീലനപരിപാടിയും മാതൃകാപരമായി നടത്തപ്പെടുന്നു

 

രൂപതയുടെ ബൈബിള്‍ അപ്പോസ്തലേറ്റിന്റെ നേതൃത്വത്തില്‍ വര്‍ഷംതോറും   വലിയ നോമ്പുകാലത്ത് നടത്തുന്ന 'സുവാറ' ബൈബിള്‍ ക്വിസില്‍ ഈ വര്‍ഷം 2,500 പേര്‍ പങ്കെടുത്തു. ദൈവവചനപഠനത്തെ വിശ്വാസികളുടെ ജീവിതത്തോട് കൂടുതല്‍ ചേര്‍ത്തുനിര്‍ത്തുന്ന സംരംഭമായി ഈ മത്സരം വളര്‍ന്നിരിക്കുന്നു.ബൈബിള്‍ അപ്പോസ്തലേറ്റിന്റെ നേതൃത്വത്തില്‍ വര്‍ഷംതോറും സംഘടിപ്പിക്കുന്ന ബൈബിള്‍ കലോത്സവം, വിമന്‍സ് ഫോറത്തിന്റെ ആഭിമുഖ്യത്തില്‍ നടക്കുന്ന തൈബൂസ വനിതാസംഗമം, യുവജനങ്ങള്‍ക്കായി ഒരുക്കുന്ന ഹന്ദൂസാ യുവജനസംഗമം, ചെറുപുഷ്പ മിഷന്‍ലീഗിന്റെ നേതൃത്വത്തില്‍ സംഘടിപ്പിക്കുന്ന സൗറൂത്ത ബാലസംഗമം, മറ്റ് കമ്മീഷനുകളുടെ നേതൃത്വത്തില്‍ നടക്കുന്ന വിവിധ പരിശീലനപരിപാടികള്‍,   എല്ലാ മിഷനുകളിലും വലിയ  നോമ്പില്‍    നടത്തുന്ന ഗ്രാന്‍ഡ് മിഷന്‍ വാര്‍ഷിക ധ്യാനം  എന്നിവ രൂപതയുടെ വിശ്വാസജീവിതത്തിന് കൂടുതല്‍ ചൈതന്യം പകരുന്നു.

 

 

 

സംഖ്യകള്‍ക്കപ്പുറമുള്ള വളര്‍ച്ച

 

രൂപതയുടെ വളര്‍ച്ചയെ അംഗസംഖ്യയിലോ സ്ഥാപനങ്ങളുടെ എണ്ണത്തിലോ മാത്രം ഒതുക്കാനാവില്ല. വിശ്വാസത്തിലെ ആഴപ്പെടലും കൂട്ടായ്മയിലെ ഐക്യവും മാര്‍ത്തോമാ മാര്‍ഗത്തിന്റെ സ്വത്വബോധവും ഈ വളര്‍ച്ചയുടെ അന്തര്‍ധാരകളാണ്.

 

ആരാധനാക്രമജീവിതം, സുവിശേഷവത്കരണവും വിശ്വാസപരിശീലനവും, യുവജനസംരംഭങ്ങള്‍, പ്രത്യേകിച്ച് 'നുഹ്‌റ' യുവജന ധ്യാനടീമുകള്‍, സജീവമായ കുടുംബകൂട്ടായ്മകള്‍, ബൈബിള്‍ അപ്പോസ്തലേറ്റ്, കുടുംബപ്രേഷിത ശുശ്രൂഷകള്‍ എന്നിവയിലൂടെ സീറോമലബാര്‍ സഭയുടെ മാര്‍ത്തോമാ പൈതൃകം രൂപത പരിപോഷിപ്പിക്കുന്നു. അതോടൊപ്പം ഗ്രേറ്റ് ബ്രിട്ടനിലെ കത്തോലിക്കാ സഭാജീവിതത്തിനും സജീവമായ സംഭാവനകള്‍  നല്‍കുന്നു.

 

ഇംഗ്ലണ്ട് ആന്‍ഡ് വെയില്‍സിയിലെയും സ്‌കോട്‌ലന്‍ഡിലെയും ക ത്തോലിക്കാ മെത്രാന്‍സമിതികളില്‍ ഭാഗമായി പ്രവര്‍ത്തിക്കുന്ന മാര്‍ ജോസഫ് സ്രാമ്പിക്കല്‍, വിശാലമായ സഭാജീവിതത്തിലും ഗ്രേറ്റ് ബ്രിട്ടനിലെ കത്തോലിക്കാ സഭയുടെ സുവിശേഷവത്കരണശ്രമങ്ങളിലും സുപ്രധാന പങ്കുവഹിക്കുന്നു.

 

രൂപതയുടെ വളര്‍ച്ചയില്‍ അല്‍മായ നേതൃത്വത്തിന്റെ സംഭാവനയും അതുല്യമാണ്. എല്ലാ കമ്മീഷനുകളുടെയും ഫോറങ്ങളുടെയും പ്രവര്‍ത്തനങ്ങളില്‍ പ്രധാന ചാലകശക്തിയായി അല്‍മായ നേതൃത്വം നിലകൊള്ളുന്നു. ഉത്തരവാദിത്വങ്ങള്‍ ഏറ്റെടുത്തും ശുശ്രൂഷകളില്‍ പങ്കുചേര്‍ന്നും രൂപതയുടെ ദൗത്യത്തെ സ്വന്തം ജീവിതത്തിന്റെ ഭാഗമായി സ്വീകരിച്ച അല്‍മായര്‍, ഈ ദശവത്സരയാത്രയ്ക്ക് കരുത്തുപകര്‍ന്നു.

 

നന്ദിയോടെ പിന്നിലേക്ക് പ്രത്യാശയോടെ മുന്നിലേക്ക്

 

അനുഗ്രഹത്തിന്റെ  പത്തു വര്‍ഷങ്ങള്‍ ആഘോഷിക്കുമ്പോള്‍, ദൈവം നടത്തിയ വഴികളിലേക്ക് നന്ദിയോടെയും മുന്നിലുള്ള ദൗത്യങ്ങളിലേക്ക് പുതുക്കിയ സമര്‍പ്പണത്തോടെയുമാണ് ഗ്രേറ്റ് ബ്രിട്ടന്‍ സീറോമലബാര്‍ രൂപത നോക്കുന്നത്. 2016-ലെ  രൂപത സ്ഥാപനത്തില്‍നിന്ന് ഇന്നത്തെ വളര്‍ച്ചയിലേക്കുള്ള യാത്ര ദൈവപരിപാലനയുടെയും  വൈദികരുടെയും , സമര്‍പ്പിതരുടെയും സമര്‍പ്പണത്തിന്റെയും അല്‍മായരുടെ സജീവ നേതൃത്വത്തിന്റെയും  വിശ്വാസികളുടെ അചഞ്ചലമായ പ്രതിബദ്ധതയുടെയും സാക്ഷ്യമാണ്.

 

പുതിയ ദശകത്തിലേക്ക് പ്രവേശിക്കുന്ന രൂപതയുടെ മുന്നില്‍ കൂടുതല്‍ വളര്‍ച്ചയുടെയും ആഴത്തിലുള്ള  സുവിശേഷവത്കരണത്തിന്റെയും സാധ്യതകള്‍ തുറന്നുകിടക്കുന്നു. പൈതൃകത്തിന്റെ വേരുകളില്‍ ഉറച്ചുനിന്ന്, ഗ്രേറ്റ് ബ്രിട്ടന്റെ മണ്ണില്‍  സുവിശേഷത്തിന്റെ വെളിച്ചം കൂടുതല്‍ തെളിമയോടെ പകരാനുള്ള പ്രതിജ്ഞയോടെയാണ് ഈ വിശ്വാസസമൂഹം യാത്ര തുടരുന്നത്.

 

തയ്യാറാക്കിയത് .ഷൈമോന്‍ തോട്ടുങ്കല്‍ (പി ആര്‍ ഓ ഗ്രേറ്റ് ബ്രിട്ടന്‍ സീറോ മലബാര്‍ രൂപത )

 

 




കൂടുതല്‍വാര്‍ത്തകള്‍.