
















അടിന്തര നടപടി ഉണ്ടായില്ലെങ്കില്‍ ഈ വിന്ററില്‍ എ&ഇകള്‍ ദുരന്തമുഖമായി മാറുമെന്ന് മുന്നറിയിപ്പ് നല്‍കി പ്രമുഖ ഡോക്ടര്‍മാര്‍. മൂന്നില്‍ രണ്ട് എമര്‍ജന്‍സി ഡിപ്പാര്‍ട്ട്‌മെന്റുകളും സുരക്ഷിതമല്ലാത്ത, യാതൊരു മുന്നൊരുക്കവും ഇല്ലാത്ത അവസ്ഥയിലാണെന്ന് മുന്നറിയിപ്പില്‍ പറയുന്നു.
അപകടകരമായ തിരക്കും, ഇടനാഴി പരിചരണവും, വര്‍ദ്ധിച്ച ഡിമാന്‍ഡും ചേര്‍ന്ന് ഒരു കൊടുങ്കാറ്റിന് ആവശ്യമായ സാഹചര്യം സൃഷ്ടിക്കുമെന്ന് റോയല്‍ കോളേജ് ഓഫ് എമര്‍ജന്‍സി മെഡിസിന്‍ വ്യക്തമാക്കി. നിലവിലെ ഗവണ്‍മെന്റ് പദ്ധതികള്‍ ഇത് കുറയ്ക്കാന്‍ സഹായിക്കുന്നതുമല്ലെന്ന് ഇവര്‍ ചൂണ്ടിക്കാണിക്കുന്നു.
ഇതുവരെയുള്ള സമ്മറുകളിലെ ഏറ്റവും തിരക്കേറിയ സീസണ്‍ നേരിട്ട എമര്‍ജന്‍സി ഡിപ്പാര്‍ട്ട്‌മെന്റുകള്‍ സമ്മര്‍ദത്തില്‍ മുങ്ങിയ അവസ്ഥയിലാണ്. സമ്മര്‍ദത്തില്‍ നിന്നും ഇടവേള ലഭിക്കാതെ ജോലി ചെയ്യേണ്ട ഗതികേടാണ് എന്‍എച്ച്എസ് ജീവനക്കാരെ കാത്തിരിക്കുന്നതെന്നും റോയല്‍ കോളേജ് ഓഫ് എമര്‍ജന്‍സി മെഡിസിന്‍ കൂട്ടിച്ചേര്‍ത്തു.
കഴിഞ്ഞ വര്‍ഷത്തെ അപേക്ഷിച്ച് 1000 ബെഡുകളുടെ കുറവിലാണ് ആശുപത്രികള്‍ വിന്ററിലേക്ക് പ്രവേശിക്കുന്നത്. തിരക്ക് മൂലം ഓരോ ആഴ്ചയും 500 രോഗികള്‍ മരിക്കുന്നുണ്ട്. ഈ സാഹചര്യത്തില്‍ എല്ലാം ശരിയാകുമെന്ന വിശ്വാസം അസ്ഥാനത്താണെന്ന് ആര്‍സിഇഎം വ്യക്തമാക്കി. എമര്‍ജന്‍സി ഡിപ്പാര്‍ട്ട്‌മെന്റുകള്‍ വിന്ററില്‍ നേരിടുന്ന സമ്മര്‍ദത്തെ കുറിച്ച് അതീവ ആശങ്കയാണ് എ&ഇ ഡോക്ടര്‍മാര്‍ക്കുള്ളതെന്ന് ഇവര്‍ക്കിടയില്‍ നടത്തിയ സര്‍വ്വെയില്‍ പറയുന്നു. കേവലം 3 ശതമാനം മാത്രമാണ് വരും മാസങ്ങളിലേക്ക് ആവശ്യത്തിന് തയ്യാറെടുപ്പ് നടത്തിയതായി പ്രതികരിച്ചത്.