
















ഹോട്ടല്‍ മുറിയില്‍ നവവധു ദുരൂഹ സാഹചര്യത്തില്‍ മരിച്ച സംഭവത്തില്‍ ഭര്‍ത്താവിനെതിരെ ആരോപണവുമായി യുവതിയുടെ കുടുംബം. മുസ്‌കാന്‍ സിമോലിയ (28) ആണ് ഉത്തര്‍പ്രദേശിലെ ഝാന്‍സിയിലുള്ള സിപ്രി ബസാര്‍ പൊലീസ് സ്റ്റേഷന്‍ അതിര്‍ത്തിയിലെ ഒരു ഹോട്ടലില്‍ വച്ച് കുഴഞ്ഞുവീണ് മരിച്ചത്. ഭര്‍ത്താവിനൊപ്പം ഹോട്ടല്‍ മുറിയിലേക്ക് കയറുന്നതിനിടെ വാതില്‍ക്കല്‍ മുസ്‌കാന്‍ കുഴഞ്ഞുവീഴുകയായിരുന്നു. ഹോട്ടലിലെ സിസിടിവി ദൃശ്യങ്ങള്‍ പുറത്തുവന്നതോടെ മകളുടെ മരണത്തില്‍ ദുരൂഹതയുണ്ടെന്ന് ആരോപിച്ച് കുടുംബം രംഗത്തെത്തുകയായിരുന്നു. ജൂണ്‍ 29-നാണ് ഇവരുടെ വിവാഹം കഴിഞ്ഞത്.
സംഭവത്തില്‍ മരണത്തില്‍ ദുരൂഹതയുണ്ടെന്നും മകളെ ഭര്‍ത്താവ് കൊലപ്പെടുത്തിയതാണെന്നും ആരോപിച്ച് പിതാവ് പൊലീസില്‍ പരാതി നല്‍കി. വെള്ളിയാഴ്ച രാത്രിയാണ് ബാങ്ക് മാനേജരായ ഭര്‍ത്താവ് നീലേഷിനൊപ്പം മുസ്‌കാന്‍ ഹോട്ടലില്‍ മുറിയെടുത്തത്. ഹോട്ടലിലെ സിസിടിവി ക്യാമറയില്‍ പതിഞ്ഞ ദൃശ്യങ്ങള്‍ പ്രകാരം, ഭര്‍ത്താവിനും ഹോട്ടല്‍ ജീവനക്കാരനുമൊപ്പം മുറിയിലേക്ക് നടന്നുപോകുന്നതിനിടെ അഞ്ച് സെക്കന്‍ഡിനുള്ളില്‍ മുസ്‌കാന്‍ വാതില്‍ക്കല്‍ വെച്ച് പെട്ടെന്ന് പുറകോട്ട് കുഴഞ്ഞുവീഴുകയായിരുന്നു. വീഴ്ചയില്‍ തല നിലത്തടിക്കുകയും ചെയ്തു. ഉടന്‍തന്നെ ഭര്‍ത്താവ് നീലേഷ് യുവതിയെ കോരിയെടുത്ത് മുറിക്കുള്ളിലേക്ക് കൊണ്ടുപോകുന്നത് ദൃശ്യങ്ങളില്‍ കാണാം.
പിറ്റേന്ന് രാവിലെ യുവതിയെ ജില്ലാ ആശുപത്രിയില്‍ എത്തിച്ചെങ്കിലും മരണപ്പെട്ടതായി ഡോക്ടര്‍മാര്‍ സ്ഥിരീകരിച്ചു. പിതാവിന്റെ ആരോപണങ്ങള്‍ മകളുടെ തലയില്‍ പരിക്കുകളുണ്ടെന്നും ഇത് മര്‍ദ്ദനമേറ്റതാണെന്നും മുസ്‌കാന്റെ പിതാവ് റാംജി ലാല്‍ അഹിര്‍വാര്‍ ആരോപിച്ചു. നീലേഷിന് മുന്‍പ് മറ്റൊരു വിവാഹം കഴിഞ്ഞിരുന്ന വിവരവും ഇന്‍ഡോറില്‍ ആദ്യ ഭാര്യയുണ്ടെന്ന കാര്യവും പിന്നീട് മാത്രമാണ് തങ്ങള്‍ അറിഞ്ഞതെന്നും, ഇതിനെച്ചൊല്ലി ഇരുവരും തമ്മില്‍ നിരന്തരം തര്‍ക്കങ്ങളുണ്ടായിരുന്നതായും പിതാവ് പറഞ്ഞു. ഒക്ടോബര്‍ 28-ന് നടക്കുന്ന റെയില്‍വേ ജൂനിയര്‍ എന്‍ജിനീയര്‍ പരീക്ഷയ്ക്കുള്ള തയ്യാറെടുപ്പിനായി ഒക്ടോബര്‍ 10-നാണ് മുസ്‌കാന്‍ ത്സാന്‍സിയിലെ സ്വന്തം വീട്ടിലെത്തിയത്.
എന്നാല്‍ അമ്മായിയെ കാണാനെന്ന വ്യാജേന ഒക്ടോബര്‍ 23-ന് നീലേഷ് എത്തുകയും മുസ്‌കാനെ ഹോട്ടലിലേക്ക് കൂട്ടിക്കൊണ്ടുപോകുകയുമായിരുന്നു എന്ന് പിതാവ് ആരോപിച്ചു. സംഭവത്തില്‍ നീലേഷിനെ പൊലീസ് കസ്റ്റഡിയിലെടുത്ത് ചോദ്യം ചെയ്തുവരികയാണ്. കുഴഞ്ഞുവീഴാനുള്ള വ്യക്തമായ കാരണം പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ട് വന്നതിനു ശേഷം മാത്രമേ വ്യക്തമാകൂ എന്ന് പൊലീസ് അറിയിച്ചു. സിസിടിവി ദൃശ്യങ്ങളില്‍ കുഴഞ്ഞുവീഴുന്നത് കാണാമെങ്കിലും അവിടെവെച്ച് മര്‍ദ്ദനമേറ്റിട്ടുണ്ടോ എന്ന് വ്യക്തമല്ല. വിഷയം വിശദമായി അന്വേഷിച്ചു വരികയാണെന്ന് ത്സാന്‍സി എസ്പി പ്രീതി സിങ് അറിയിച്ചു.