CURRENCY RATE -
1 GBP :
0.00 INR
1 EUR :
0.00 INR
1 USD :
0.00 INR
Last Updated :
9 Minutes 25 Seconds Ago
Breaking Now

ദസറ ആഘോഷത്തിനിടെ എകെ-47 ഉപയോഗിച്ച് വെടിയുതിര്‍ത്ത സംഭവം; ഐപിഎസ് ഉദ്യോഗസ്ഥയ്ക്ക് കാരണം കാണിക്കല്‍ നോട്ടീസ്

വിഡിയോ സമൂഹമാധ്യമങ്ങളില്‍ വ്യാപക വിമര്‍ശനത്തിന് ഇടയാക്കിയതായും പൊലീസ് സേനയുടെ അന്തസ്സിനെ ബാധിച്ചെന്ന ആശങ്കയുണ്ടെന്നും പൊലീസ് ആസ്ഥാനം വ്യക്തമാക്കി.

ദസറ ആഘോഷത്തിനിടെ എകെ-47 തോക്ക് ഉപയോഗിച്ച് വെടിയുതിര്‍ക്കുന്ന വിഡിയോ വൈറലായതിനെ തുടര്‍ന്ന് ഛത്തീസ്ഗഢിലെ മുതിര്‍ന്ന ഐപിഎസ് ഉദ്യോഗസ്ഥയും രാജ്നന്ദ്ഗാവ് ജില്ലാ പൊലീസ് മേധാവിയുമായ അങ്കിത ശര്‍മയ്ക്ക് കാരണം കാണിക്കല്‍ നോട്ടീസ്. ആയുധം കൈകാര്യം ചെയ്യുന്നതിലെ സുരക്ഷാ ചട്ടങ്ങള്‍ ലംഘിച്ചെന്ന വിമര്‍ശനത്തെ തുടര്‍ന്നാണ് പൊലീസ് ആസ്ഥാനത്തിന്റെ നടപടി. സംഭവത്തില്‍ വിശദീകരണം നല്‍കാന്‍ ഉദ്യോഗസ്ഥയോട് ആവശ്യപ്പെട്ടിട്ടുണ്ട്.

വിഡിയോ സമൂഹമാധ്യമങ്ങളില്‍ വ്യാപക വിമര്‍ശനത്തിന് ഇടയാക്കിയതായും പൊലീസ് സേനയുടെ അന്തസ്സിനെ ബാധിച്ചെന്ന ആശങ്കയുണ്ടെന്നും പൊലീസ് ആസ്ഥാനം വ്യക്തമാക്കി. സുരക്ഷാ മാനദണ്ഡങ്ങള്‍ അവഗണിച്ചതായി തോന്നുന്ന നടപടിയെക്കുറിച്ചും വിശദീകരണം തേടിയിട്ടുണ്ട്.

അങ്കിത ശര്‍മയുടെ മറുപടി ലഭിച്ചശേഷം തന്റെ നിരീക്ഷണങ്ങള്‍ രേഖപ്പെടുത്തി പൊലീസ് ആസ്ഥാനത്തേക്ക് കൈമാറുമെന്നും അവിടെനിന്നുള്ള നിര്‍ദേശങ്ങള്‍ അനുസരിച്ച് തുടര്‍നടപടികള്‍ സ്വീകരിക്കുമെന്നും രാജ്നന്ദ്ഗാവ് റേഞ്ച് ഐജി അജയ് യാദവ് പറഞ്ഞു.

ആചാരപരമായ ചടങ്ങുകളില്‍ ആയുധങ്ങള്‍ കൈകാര്യം ചെയ്യുന്നതിലെ സുരക്ഷയെക്കുറിച്ച് സംഭവം സമൂഹമാധ്യമങ്ങളില്‍ ചര്‍ച്ചകള്‍ക്ക് വഴിവെച്ചിട്ടുണ്ട്. ചിലര്‍ അങ്കിത ശര്‍മയെ പിന്തുണച്ചപ്പോള്‍ മറ്റുചിലര്‍ അവരുടെ നടപടിയെ ചോദ്യം ചെയ്തു.

ആയുധപൂജയുടെ ഭാഗമായി വെടിയുതിര്‍ക്കേണ്ട ആവശ്യമില്ലെന്ന് വിരമിച്ച ഐപിഎസ് ഉദ്യോഗസ്ഥന്‍ ആര്‍.കെ. വിജ് പിടിഐയോട് പറഞ്ഞു. ആയുധങ്ങള്‍ പൂജിക്കുന്നതാണ് ആചാരത്തിന്റെ പ്രധാന ഭാഗമെന്നും വെടിയുതിര്‍ക്കുന്നത് അപകടസാധ്യത സൃഷ്ടിക്കുന്നതിനാല്‍ ഒഴിവാക്കണമെന്നും അദ്ദേഹം വ്യക്തമാക്കി.

 




കൂടുതല്‍വാര്‍ത്തകള്‍.