CURRENCY RATE -
1 GBP :
0.00 INR
1 EUR :
0.00 INR
1 USD :
0.00 INR
Last Updated :
2 Hours 52 Minutes 2 Seconds Ago
Breaking Now

ടൈഗര്‍ ഷ്‌റോഫിന് നേരെ വെടിയുതിര്‍ത്ത കേസ് ; അക്രമികളെ സഹായിച്ച എഞ്ചിനീയര്‍ പിടിയില്‍, ഇതുവരെ അറസ്റ്റിലായത് 2 സ്ത്രീകള്‍ ഉള്‍പ്പെടെ 11 പേര്‍

മുംബൈ ക്രൈംബ്രാഞ്ചും ഇന്‍ഡോര്‍ ക്രൈംബ്രാഞ്ചും സംയുക്തമായി അന്വേഷണത്തിലാണ് അറസ്റ്റ്.

ബോളിവുഡ് നടന്‍ ടൈഗര്‍ ഷ്‌റോഫിന് നേരെ വെടിയുതിര്‍ത്ത കേസില്‍ 11-ാമനും പിടിയില്‍. ഹരിയാനയിലെ സോനിപത് സ്വദേശിയും എന്‍ജിനീയറിംഗ് ബിരുദധാരിയുമായ പ്രാഞ്ജല്‍ തക്രാനെ (22) മധ്യപ്രദേശിലെ ഇന്‍ഡോറില്‍ നിന്നാണ് പൊലീസ് പിടികൂടിയത്. മുംബൈ ക്രൈംബ്രാഞ്ചും ഇന്‍ഡോര്‍ ക്രൈംബ്രാഞ്ചും സംയുക്തമായി അന്വേഷണത്തിലാണ് അറസ്റ്റ്. ഇതോടെ കേസില്‍ അറസ്റ്റിലായവരുടെ എണ്ണം 11 ആയി.

പക്ഷാഘാതം ബാധിച്ച സഹോദരന്റെ ചികിത്സയ്‌ക്കെന്ന പേരിലാണ് പ്രാഞ്ജല്‍ അഞ്ച് ദിവസം മുമ്പ് ഇന്‍ഡോറിലെത്തിയതെന്നാണ് അന്വേഷണസംഘത്തിന്റെ കണ്ടെത്തല്‍. ജുഹുവില്‍ നടന്ന അക്രമികള്‍ക്ക് ആവശ്യമായ സഹായങ്ങള്‍ ഒരുക്കുക, ആശയവിനിമയം ഏകോപിപ്പിക്കുക, മറ്റ് സൗകര്യങ്ങള്‍ ലഭ്യമാക്കുക തുടങ്ങിയ കാര്യങ്ങളില്‍ ഇയാള്‍ക്ക് നിര്‍ണായക പങ്കുണ്ടായിരുന്നുവെന്നാണ് സംശയം. ലോറന്‍സ് ബിഷ്‌ണോയിയുടെ നേതൃത്വത്തിലുള്ള കുറ്റകൃത്യ സംഘവുമായി ബന്ധമുള്ള പ്രധാന ഇടനിലക്കാരുമായി പ്രതി നേരിട്ട് ബന്ധപ്പെട്ടിരുന്നതായും പ്രാഥമിക അന്വേഷണത്തില്‍ കണ്ടെത്തിയിട്ടുണ്ട്.

ഇതുവരെ അറസ്റ്റിലായ 11 പേരില്‍ ഏഴുപേരും ഹരിയാനയിലെ സോനിപത് സ്വദേശികളാണ്. ആയുധങ്ങള്‍ ലഭ്യമാക്കുക, വിവരങ്ങള്‍ കൈമാറുക, ആക്രമണത്തിന് ആവശ്യമായ മറ്റ് സഹായങ്ങള്‍ നല്‍കുക തുടങ്ങിയ പ്രവര്‍ത്തനങ്ങള്‍ ഏകോപിപ്പിക്കുന്ന സംഘം ഈ മേഖല കേന്ദ്രീകരിച്ച് പ്രവര്‍ത്തിച്ചിരുന്നു. പ്രാഞ്ജലിന്റെ അറസ്റ്റിന് ഒരു ദിവസം മുന്‍പ് ഗുജറാത്തിലെ സൂറത്തില്‍ മുംബൈ ക്രൈംബ്രാഞ്ച് നടത്തിയ പരിശോധനയില്‍ രണ്ട് തോക്കുകളും പത്ത് വെടിയുണ്ടകളും കണ്ടെത്തിയിരുന്നു. രഹസ്യകേന്ദ്രത്തില്‍ നടത്തിയ റെയ്ഡിലാണ് ആയുധങ്ങള്‍ പിടിച്ചെടുത്തത്. മുംബൈയിലെ ആക്രമണത്തിനായി ആയുധങ്ങള്‍ എത്തിച്ച സംഘവുമായി ഇവര്‍ക്ക് ബന്ധമുണ്ടെന്നാണ് അന്വേഷണ ഉദ്യോഗസ്ഥരുടെ നിഗമനം.

പിടിച്ചെടുത്ത തോക്കുകളും വെടിയുണ്ടകളും ഫൊറന്‍സിക് പരിശോധനകള്‍ക്കായി അയച്ചിട്ടുണ്ട്. സംസ്ഥാനങ്ങള്‍ക്കിടയില്‍ ആയുധങ്ങള്‍ എത്തിക്കുന്നതിനും വിതരണം ചെയ്യുന്നതിനും നേതൃത്വം നല്‍കിയതായി സംശയിക്കുന്ന ജതിന്‍ എന്ന പ്രതിയെയും പൊലീസ് ചോദ്യം ചെയ്തുവരികയാണ്.

ആക്രമണത്തിന് ശേഷം രക്ഷപ്പെട്ട പ്രതികള്‍ തങ്ങളുടെ നീക്കങ്ങള്‍ സംബന്ധിച്ച വാര്‍ത്തകള്‍ തത്സമയം നിരീക്ഷിച്ചിരുന്നതായി അന്വേഷണത്തില്‍ കണ്ടെത്തിയിട്ടുണ്ട്. ടെലിവിഷന്‍ വാര്‍ത്തകളിലൂടെ ലഭിക്കുന്ന വിവരങ്ങള്‍ക്കനുസരിച്ച് രക്ഷപ്പെടാനുള്ള വഴികള്‍ മാറ്റിയിരുന്നതായാണ് അന്വേഷണ ഉദ്യോഗസ്ഥരുടെ കണ്ടെത്തല്‍.

 




കൂടുതല്‍വാര്‍ത്തകള്‍.