
















യുകെയില്‍ ഒരു ഫുള്‍ടൈം ജോലിക്കാരന്റെ ശരാശരി വാര്‍ഷിക വരുമാനം ഔദ്യോഗികമായി പുറത്തുവിട്ട് നാഷണല്‍ സ്റ്റാറ്റിസ്റ്റിക്‌സ് ഓഫീസ്. ആദ്യമായി ശരാശരി വാര്‍ഷിക വരുമാനം 40,000 പൗണ്ട് കടന്നുവെന്നതാണ് ഒഎന്‍എസ് കണക്കുകളിലെ പ്രധാന മാറ്റം.
എന്നാല്‍ ഉയര്‍ന്ന പണപ്പെരുപ്പവും, മരവിപ്പിച്ച് നിര്‍ത്തിയ നികുതി പരിധികളും ചേര്‍ന്ന് ജോലിക്കാരുടെ ചെലവഴിക്കല്‍ ശേഷിയെ സാരമായി ബാധിക്കുന്നുണ്ട്. ഏപ്രില്‍ 2026-ലെ കണക്ക് അനുസരിച്ച് ശരാശരി വാര്‍ഷിക വരുമാനം 40,911 പൗണ്ടാണെന്ന് നാഷണല്‍ സ്റ്റാറ്റിസ്റ്റിക്‌സ് ഓഫീസ് കണക്കുകള്‍ വ്യക്തമാക്കുന്നു.
2025 ഏപ്രിലിലെ 39,157 പൗണ്ടില്‍ നിന്നും 4.5% വര്‍ദ്ധനവാണ് ഇത്. അതേസമയം സ്ത്രീകളും, പുരുഷന്‍മാരും തമ്മിലെ വരുമാന വ്യത്യാസം വലുതായി തുടരുന്നു. സ്ത്രീകള്‍ 37,471 പൗണ്ട് വരുമാനം നേടുമ്പോള്‍ പുരുഷന്‍മാരുടേത് 43,934 പൗണ്ടാണ്.
ഒഎന്‍എസ് കണക്ക് പ്രകാരം ഫുള്‍ ടൈം വീക്ക്‌ലി വരുമാനം 811.20 പൗണ്ടാണ്. 2025 ഏപ്രില്‍ മാസത്തില്‍ ഇത് 766.60 പൗണ്ടായിരുന്നു.
ഇതിനിടെ പാര്‍ട്ട്‌ടൈം ജോലിക്കാരുടെ ശരാശരി വരുമാനം 2.9% വര്‍ദ്ധിച്ച് 288.10 പൗണ്ടിലേക്കും ഉയര്‍ന്നു. ചാന്‍സലര്‍ ജോണ്‍ ഹീലി തന്റെ ബജറ്റ് അടുത്ത ആഴ്ച അവതരിപ്പിക്കാന്‍ ഇരിക്കവെയാണ് വരുമാനത്തിലെ വര്‍ദ്ധന പുറത്തുവരുന്നത്. എന്നാല്‍ ജോലിക്കാരെ ബാധിക്കുന്ന നികുതി ബാന്‍ഡുകളുടെ കാര്യത്തില്‍ ഇക്കുറിയും മാറ്റത്തിന് സാധ്യതയില്ലെന്നാണ് കരുതുന്നത്.