
















ചേരാനല്ലൂരില്‍ 17കാരന്‍ ഓടിച്ച കാറിടിച്ച് തട്ടുകടക്കാരന്‍ ജയബാലകൃഷ്ണന്‍ മരിച്ച സംഭവത്തില്‍ പൊലീസിന്റെ ഭാഗത്തുനിന്നുണ്ടായ ഗുരുതര വീഴ്ചയെന്ന് റിപ്പോര്‍ട്ട്. ഉദ്യോഗസ്ഥരെ സസ്‌പെന്‍ഡ് ചെയ്തുള്ള ഉത്തരവിലാണ് പൊലീസ് നടപടികളിലുണ്ടായ വീഴ്ചകള്‍ വിശദീകരിക്കുന്നത്.
എസ്എച്ച്ഒ, സിഐ അടക്കമുള്ള നാല് ഉദ്യോഗ സ്ഥര്‍ ഔദ്യോഗിക കൃത്യനിര്‍വഹണത്തില്‍ വീഴ്ചവരുത്തിയെന്നും പൊലീസിന്റെ പ്രതിഛായ കളങ്കപ്പെടുത്തിയെന്നും പൊലീസ് മേധാവി റാവാഡ എ ചന്ദ്രശേഖര്‍ ചൂണ്ടിക്കാട്ടി. എഡിജിപി പി.വിജയന്‍ പൊലീസ് സ്റ്റേഷനിലെത്തി നടത്തിയ തെളിവെടുപ്പിന് ശേഷം സമര്‍പ്പിച്ച റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തിലാണ് ഉദ്യോഗസ്ഥരെ സസ്‌പെന്‍ഡ് ചെയ്തത്.
ഉദ്യോഗസ്ഥരായ സിഐ കെ എസ് ശ്യാംകുമാര്‍, സ്റ്റേഷന്റെ ചുമതല വഹിച്ച എസ്‌ഐ വി.എസ്.വിശ്വജിത്ത്, ഗ്രേഡ് എഎസ്‌ഐ കെ.ടി.മനോജ്, സീനിയര്‍ സിപിഒ ടി.ജെ. അരുണ്‍ ജോഷി എന്നിവര്‍ക്കെതിരായ വകുപ്പുതല അന്വേഷണത്തിന് ജില്ലാ ക്രൈം റെക്കോര്‍ഡ്സ് ബ്യൂറോ അസിസ്റ്റന്റ് കമ്മിഷണറെ ചുമതലപ്പെടുത്തി. ഇവര്‍ക്കെതിരായ ചാര്‍ജ് മെമ്മോ രണ്ടാഴ്ചയ്ക്കകം തയാറാക്കും. 60 ദിവസത്തിനകം അന്വേഷണ റിപ്പോര്‍ട്ട് സമര്‍പ്പിക്കാന്‍ നിര്‍ദ്ദേശിച്ചു.