CURRENCY RATE -
1 GBP :
0.00 INR
1 EUR :
0.00 INR
1 USD :
0.00 INR
Last Updated :
6 Hours 40 Minutes 15 Seconds Ago
Breaking Now

ചേരാനല്ലൂര്‍ വാഹനാപകടം; വാഹന ഉടമയായ ജഡ്ജിക്കെതിരെയും കേസെടുത്തു, 17കാരന്റെ ജാമ്യം റദ്ദാക്കാന്‍ പൊലീസ്

അപകടത്തിന് പിന്നാലെ കസ്റ്റഡിയിലെടുത്ത 17കാരനെ ഞായറാഴ്ച വൈകിട്ടോടെ പൊലീസ് സ്റ്റേഷന്‍ ജാമ്യത്തില്‍ വിട്ടയച്ചിരുന്നു.

ചേരാനല്ലൂരില്‍ 17കാരന്‍ ഓടിച്ച കാറിടിച്ച് സ്‌കൂട്ടര്‍ യാത്രക്കാരന്‍ മരിച്ച സംഭവത്തില്‍ വാഹന ഉടമയും പ്രായപൂര്‍ത്തിയാകാത്ത പ്രതിയുടെ പിതാവുമായ ജഡ്ജിക്കെതിരെയും കേസെടുത്തു. ഹൈക്കോടതിയുടെ അനുമതി തേടിയ ശേഷമാണ് പൊലീസ് നടപടി. അപകടത്തില്‍ പ്രതിയായ 17കാരന് അനുവദിച്ച ജാമ്യം റദ്ദാക്കണമെന്നാവശ്യപ്പെട്ട് എറണാകുളം ജില്ലാ സെഷന്‍സ് കോടതിയിലും അപേക്ഷ നല്‍കും. മഞ്ഞാലി സ്വദേശി ജയബാലകൃഷ്ണന്‍ (55) ആണ് ഞായറാഴ്ച പുലര്‍ച്ചെയുണ്ടായ അപകടത്തില്‍ മരിച്ചത്.

അപകടത്തിന് പിന്നാലെ കസ്റ്റഡിയിലെടുത്ത 17കാരനെ ഞായറാഴ്ച വൈകിട്ടോടെ പൊലീസ് സ്റ്റേഷന്‍ ജാമ്യത്തില്‍ വിട്ടയച്ചിരുന്നു. ഇതിനെതിരെ പ്രതിഷേധം ശക്തമായതോടെയാണ് ജാമ്യം റദ്ദാക്കാനുള്ള നീക്കം. അപകടമുണ്ടാക്കിയ വിദ്യാര്‍ത്ഥി സ്ഥിരമായി കാര്‍ ഓടിക്കുന്നയാളാണെന്നാണ് പൊലീസിന്റെ കണ്ടെത്തല്‍. അതിവേഗത്തില്‍ കാര്‍ ഓടിക്കുന്നതിന്റെ റീല്‍ ചിത്രീകരിക്കാനായി രാത്രി വൈകി വാഹനവുമായി ഇറങ്ങിയതാണെന്നും പൊലീസ് പറയുന്നു.

അപകടത്തിന് മുമ്പ് 17കാരന്‍ മണിക്കൂറില്‍ 104 കിലോമീറ്റര്‍ വേഗത്തില്‍ കാര്‍ ഓടിക്കുന്നതിന്റെ ദൃശ്യങ്ങള്‍ പൊലീസിന് ലഭിച്ചിട്ടുണ്ട്. ലൈസന്‍സില്ലാതെ വാഹനം ഓടിച്ചതിനും അമിതവേഗത്തില്‍ വാഹനം ഓടിച്ചതിനും മോട്ടോര്‍ വാഹന നിയമത്തിലെ 181, 183 വകുപ്പുകള്‍ പ്രകാരമാണ് പ്രതിക്കെതിരെ നടപടിയെടുത്തിരിക്കുന്നത്. അപകടത്തില്‍ ഉപയോഗിച്ച ബെന്‍സ് കാറിന്റെ ഉടമസ്ഥതയും സംഭവത്തിലെ ഉത്തരവാദിത്തവും സംബന്ധിച്ചും അന്വേഷണം തുടരുകയാണ്.

അതേസമയം, പ്രതിയെ സ്റ്റേഷന്‍ ജാമ്യത്തില്‍ വിട്ടയച്ചതിനെതിരെ ജയബാലകൃഷ്ണന്റെ കുടുംബം ചേരാനല്ലൂര്‍ പൊലീസ് സ്റ്റേഷന് മുന്നില്‍ പ്രതിഷേധിച്ചു. മകളടക്കമുള്ള കുടുംബാംഗങ്ങള്‍ സ്റ്റേഷന് മുന്നില്‍ കുത്തിയിരുന്ന് നീതി ആവശ്യപ്പെട്ടു. പ്രതിഷേധത്തിനിടെ ജയബാലകൃഷ്ണന്റെ മകള്‍ തളര്‍ന്നുവീണു. സംഭവത്തില്‍ നീതി ലഭിക്കുന്നതിനായി ഏതറ്റംവരെയും പോകുമെന്നാണ് മകള്‍ പ്രതികരിച്ചത്.

വാഹന ഉടമയായ ജഡ്ജിക്കെതിരായ കേസും 17കാരന്റെ ജാമ്യം റദ്ദാക്കണമെന്ന അപേക്ഷയും ഇനി നിര്‍ണായകമാകും. അപകടത്തിന്റെ സാഹചര്യങ്ങള്‍, പ്രായപൂര്‍ത്തിയാകാത്തയാള്‍ സ്ഥിരമായി വാഹനം ഓടിച്ചിരുന്നെന്ന ആരോപണം, അപകടത്തിന് മുമ്പുള്ള വേഗതയുടെ ദൃശ്യങ്ങള്‍ എന്നിവ കേന്ദ്രീകരിച്ചാണ് പൊലീസ് അന്വേഷണം മുന്നോട്ടുകൊണ്ടുപോകുന്നത്.

 




കൂടുതല്‍വാര്‍ത്തകള്‍.