
















യുകെ മലയാളികളുടെ ഏറ്റവും വലിയ കലാമാമാങ്കമായ പതിനേഴാമത് യുക്മ ദേശീയ കലാമേളയ്ക്ക് കേരള സര്‍ക്കാരിലെ സാംസ്കാരിക, സിനിമ, ടൂറിസം വകുപ്പ് മന്ത്രി പി. സി. വിഷ്ണുനാഥ് മുഖ്യാതിഥിയായി എത്തുന്നു. നവംബര്‍ 07 ശനിയാഴ്ച ഗ്ലോസ്റ്റര്‍ഷെയറിലെ ചെല്‍റ്റന്‍ഹാം ക്ലീവ് സ്കൂളില്‍ പ്രത്യേകം സജ്ജീകരിക്കുന്ന സലിംകുമാര്‍ നഗറില്‍ നടക്കുന്ന ദേശീയ കലാമേളയുടെ ഔപചാരിക ഉദ്ഘാടനം ബഹുമാനപ്പെട്ട മന്ത്രി പി. സി. വിഷ്ണുനാഥ് നിര്‍വഹിക്കും.

കേരള നിയമസഭയില്‍ കുണ്ടറ നിയോജകമണ്ഡലത്തെ പ്രതിനിധീകരിക്കുന്ന പി. സി. വിഷ്ണുനാഥ് യുക്മ ദേശീയ കലാമേളയുടെ ഉദ്ഘാടകനായി എത്തുന്നത് യുകെയിലെ മലയാളി സമൂഹത്തിനും യുക്മയുടെ കലാസാംസ്കാരിക പ്രവര്‍ത്തനങ്ങള്‍ക്കും അഭിമാനകരമായ മുഹൂര്‍ത്തമായിരിക്കും.
കേരളത്തിന്റെ സമ്പന്നമായ കലാപാരമ്പര്യവും സാംസ്കാരിക പൈതൃകവും പ്രവാസലോകത്തെ പുതുതലമുറയിലേക്ക് പകര്ന്നുനല്കുന്നതില് നിര്‍ണായക പങ്കുവഹിക്കുന്ന യുക്മ ദേശീയ കലാമേളയ്ക്ക് കേരള സാംസ്കാരിക വകുപ്പ് മന്ത്രിയുടെ സാന്നിധ്യം കൂടുതല്‍ പ്രാധാന്യം നല്‍കും.
ഇംഗ്ലണ്ട്, വെയില്‍സ്, സ്കോട്ട്ലന്‍ഡ്, നോര്‍ത്തേണ്‍ അയര്‍ലന്‍ഡ് എന്നിവിടങ്ങളിലായി പ്രവര്‍ത്തിക്കുന്ന നൂറ്റി അറുപതിലേറെ പ്രാദേശിക മലയാളി അസോസിയേഷനുകളുടെ കൂട്ടായ്മയായ യുക്മ (യൂണിയന് ഓഫ് യുണൈറ്റഡ് കിംഗ്ഡം മലയാളി അസോസിയേഷന്‍സ്) സംഘടിപ്പിക്കുന്ന ദേശീയ കലാമേള, പ്രവാസലോകത്തെ മലയാളികളുടെ ഏറ്റവും വലിയ കലാമത്സരങ്ങളില്‍ ഒന്നാണ്.
കേരളത്തിന്റെ സാംസ്കാരിക പൈതൃകം ലോകമെമ്പാടുമുള്ള മലയാളികള്‍ക്കിടയില്‍ പ്രചരിപ്പിക്കുന്നതിനും പ്രവാസി മലയാളികളുടെ പുതിയ തലമുറയെ മാതൃഭാഷയോടും കലകളോടും കൂടുതല്‍ അടുപ്പിക്കുന്നതിനും യുക്മ നടത്തുന്ന പ്രവര്‍ത്തനങ്ങള്‍ക്ക് മന്ത്രി പി. സി. വിഷ്ണുനാഥിന്റെ സാന്നിധ്യം വലിയ പ്രോത്സാഹനമാകുമെന്ന് യുക്മ ദേശീയ പ്രസിഡന്റ് അഡ്വ. എബി സെബാസ്റ്റ്യന്‍ അറിയിച്ചു.

കേരളത്തിലെ സ്കൂള്‍, കോളേജ് യുവജനോത്സവങ്ങളുടെ മാതൃകയില്‍ സംഘടിപ്പിക്കുന്ന യുക്മ ദേശീയ കലാമേള, കുട്ടികള്‍ക്കും മുതിര്‍ന്നവര്‍ക്കും തങ്ങളുടെ കലാപരമായ കഴിവുകള്‍ പ്രകടിപ്പിക്കുന്നതിനുള്ള മികച്ച വേദിയായി മാറിയിരിക്കുകയാണ്. മലയാള ഭാഷയോടും കേരളീയ കലാരൂപങ്ങളോടുമുള്ള പുതുതലമുറയുടെ ആഭിമുഖ്യം വര്‍ധിപ്പിക്കുന്നതിനൊപ്പം കേരളത്തിന്റെ സാംസ്കാരിക തനിമ പ്രവാസലോകത്ത് നിലനിര്‍ത്തുന്നതിലും യുക്മ കലാമേള വലിയ പങ്കുവഹിക്കുന്നു.
ഒക്ടോബര്‍ 3, 10, 17 തീയതികളിലായി നടന്ന റീജിയണല്‍ കലാമേളകളില്‍ വിജയികളായ നൂറുകണക്കിന് കലാകാരന്മാരും കലാകാരികളുമാണ് നവംബര്‍ 7ന് ചെല്‍റ്റന്‍ഹാമില്‍ നടക്കുന്ന ദേശീയ കലാമേളയില്‍ മാറ്റുരയ്ക്കുന്നത്. യുകെയുടെ വിവിധ ഭാഗങ്ങളില്‍ നിന്നായി മത്സരാര്‍ത്ഥികളും മാതാപിതാക്കളും അധ്യാപകരും കലാപ്രേമികളും യുക്മ പ്രവര്‍ത്തകരുമടക്കം വലിയൊരു ജനാവലി ദേശീയ കലാമേളയ്ക്ക് സാക്ഷ്യം വഹിക്കുമെന്നാണ് സംഘാടകരുടെ പ്രതീക്ഷ.
അന്തരിച്ച പ്രശസ്ത മലയാള ചലച്ചിത്ര നടന് സലിംകുമാറിന്റെ സ്മരണാര്‍ത്ഥം 'സലിംകുമാര്‍ നഗര്‍' എന്ന് നാമകരണം ചെയ്തിരിക്കുന്ന കലാമേള വേദിയില്‍ കേരളത്തിന്റെ കലാസാംസ്കാരിക രംഗത്തെ പ്രതിനിധീകരിക്കുന്ന മന്ത്രി പി. സി. വിഷ്ണുനാഥിന്റെ സാന്നിധ്യം ഈ വര്‍ഷത്തെ കലാമേളയുടെ പ്രത്യേകതയായിരിക്കും.
ദേശീയ കലാമേളയുടെ ഭാഗമായി നടത്തിയ ലോഗോ ഡിസൈന്‍ മത്സരത്തില്‍ കീത്ത്ലി മലയാളി അസോസിയേഷനിലെ ഫെര്‍ണാണ്ടസ് വര്‍ഗീസും നഗര്‍ നാമനിര്‍ദ്ദേശക മത്സരത്തില്‍ കവന്‍ട്രി കേരള കമ്മ്യൂണിറ്റിയിലെ ലിന്‍സിയ ജിനോയും വിജയികളായിരുന്നു. വിജയികള്‍ക്കുള്ള പുരസ്കാരങ്ങള്‍ ദേശീയ കലാമേള വേദിയില്‍ വിതരണം ചെയ്യും.
യുക്മ സൗത്ത് വെസ്റ്റ് റീജിയണ്‍ ആതിഥേയത്വം വഹിക്കുന്ന പതിനേഴാമത് ദേശീയ കലാമേളയ്ക്ക് തുടര്‍ച്ചയായ അഞ്ചാം വര്‍ഷമാണ് ചെല്‍റ്റന്‍ഹാം വേദിയാകുന്നത്. ദേശീയ കലാമേള ചരിത്രവിജയമാക്കുന്നതിനുള്ള വിപുലമായ ഒരുക്കങ്ങളാണ് യുക്മ ദേശീയ നേതൃത്വത്തിന്റെയും സൗത്ത് വെസ്റ്റ് റീജിയണിന്റെയും നേതൃത്വത്തില്‍ പുരോഗമിക്കുന്നത്.
കേരള സര്‍ക്കാരിലെ സാംസ്കാരിക, സിനിമ, ടൂറിസം വകുപ്പ് മന്ത്രി പി. സി. വിഷ്ണുനാഥ് ദേശീയ കലാമേള ഉദ്ഘാടനം ചെയ്യുന്നത് യുക്മയുടെ ചരിത്രത്തിലെ മറ്റൊരു ശ്രദ്ധേയമായ അധ്യായമായി മാറുമെന്ന് ജനറല്‍ സെക്രട്ടറി ജയകുമാര്‍ നായര്‍ അഭിപ്രായപ്പെട്ടു.
യുകെയുടെ വിവിധ ഭാഗങ്ങളില്‍ നിന്നെത്തുന്ന കലാകാരന്മാരെയും കലാകാരികളെയും മാതാപിതാക്കളെയും അധ്യാപകരെയും കലാപ്രേമികളെയും യുക്മ പ്രവര്‍ത്തകരെയും നവംബര്‍ 07ന് ചെല്‍റ്റന്‍ഹാമിലെ സലിംകുമാര്‍ നഗറിലേക്ക് ഹൃദയപൂര്‍വ്വം സ്വാഗതം ചെയ്യുന്നതായി യുക്മ ട്രഷറര്‍ ഷീജോ വര്‍ഗീസ്, ദേശീയ കലാമേള കണ്‍വീനര്‍ വര്‍ഗീസ് ഡാനിയല്‍ (വൈസ് പ്രസിഡന്റ്), സ്മിത തോട്ടം (വൈസ് പ്രസിഡന്റ്), സണ്ണിമോന്‍ മത്തായി (ജോയിന്റ് സെക്രട്ടറി), റെയ്മോള്‍ നിധീരി (ജോയിന്റ് സെക്രട്ടറി), പീറ്റര്‍ താണോലില്‍ (ജോയിന്റ് ട്രഷറര്‍) എന്നിവര്‍ അറിയിച്ചു.
കുര്യന് ജോര്‍ജ്ജ്
(നാഷണല്‍ പി.ആര്.ഒ. & മീഡിയ കോര്‍ഡിനേറ്റര്‍)