CURRENCY RATE -
1 GBP :
0.00 INR
1 EUR :
0.00 INR
1 USD :
0.00 INR
Last Updated :
11 Hours 31 Minutes 50 Seconds Ago
Breaking Now

മലയാളി അധ്യാപകന്‍ യുകെയിലെ വിമാനത്താവളത്തില്‍ കുഴഞ്ഞുവീണ് മരിച്ചു ; പിതാവിനെ സ്വീകരിക്കാന്‍ കാത്തുനിന്ന മകനെ തേടിയെത്തിയത് വിയോഗ വാര്‍ത്ത

വിമാനമിറങ്ങിയ ശേഷം ലഗേജുകള്‍ക്കായി കാത്തുനില്‍ക്കവേയാണ് അദ്ദേഹം പെട്ടെന്ന് കുഴഞ്ഞുവീണത്.

മലയാളി അധ്യാപകനും പ്രമുഖ വിദ്യാഭ്യാസ വിദഗ്ധനുമായ പ്രൊഫസര്‍ ഡോ ജോയി കൊച്ചുകണ്ടത്തിന്‍കര ജോസഫ് (72) ബര്‍മ്മിങ്ഹാം വിമാനത്താവളത്തില്‍ കുഴഞ്ഞുവീണ് മരിച്ചു. യുകെയിലെ റെഡ്ഡിച്ചില്‍ കുടുംബ സമേതം താമസിച്ചിരുന്ന അദ്ദേഹം നാട്ടില്‍ നിന്ന് മടങ്ങിയെത്തിയ വ്യാഴാഴ്ച വൈകുന്നേരമാണ് മരിച്ചത്.

വിമാനമിറങ്ങിയ ശേഷം ലഗേജുകള്‍ക്കായി കാത്തുനില്‍ക്കവേയാണ് അദ്ദേഹം പെട്ടെന്ന് കുഴഞ്ഞുവീണത്. വിമാനത്താവള അധികൃതര്‍ ഉടന്‍ സിപിആര്‍ ഉള്‍പ്പെടെയുള്ള അടിയന്തര ചികിത്സ നല്‍കി ജീവന്‍ രക്ഷിക്കാന്‍ ശ്രമിച്ചെങ്കിലും ഫലമുണ്ടായില്ല. പിതാവിനെ സ്വീകരിക്കാന്‍ വിമാനത്താവളത്തിലെത്തിയ മകനെ തേടിയെത്തിയത് ദുരന്ത വാര്‍ത്തയായിരുന്നു.

കോട്ടയം അരുവിത്തറ സ്വദേശിയായ ജോയി കൊച്ചുകണ്ടത്തിന്‍കര ജോസഫ് തിരുവനന്തപുരം കഴക്കൂട്ടത്ത് വീടുവച്ച് താമസിച്ചുവരികയായിരുന്നു. തിരുവനന്തപുരം തുമ്പ സെന്റ് സേവ്യേഴ്‌സ് കോളജില്‍ പ്രൊഫസറായി സേവനമനുഷ്ഠിച്ച അദ്ദേഹം പിന്നീട് യുകെയിലെത്തി അധ്യാപന ഗവേഷണ മേഖലയില്‍ സജീവമാകുകയായിരുന്നു. 

കുസാറ്റില്‍ നിന്ന് ബിരുദവും കേരള സര്‍വകലാശാലയില്‍ നിന്ന് പിഎച്ച്ഡിയും മദ്രാസ് സര്‍വകലാശാലയില്‍ നിന്ന് സൈക്കോളജിയില്‍ ബിരുദാനന്തര ബിരുദവും നേടിയിരുന്നു. യൂണിവേഴ്‌സിറ്റി ഓഫ് ഈസ്റ്റ് ലണ്ടന്‍, കവന്‍ട്രി യൂണിവേഴ്‌സിറ്റി, യൂണിവേഴ്‌സിറ്റി ഓഫ് വെയില്‍സ് തുടങ്ങിയ പ്രമുഖ ബ്രിട്ടീഷ് സര്‍വകലാശാലയില്‍ അധ്യാപന രംഗത്ത് പ്രവര്‍ത്തിച്ച അദ്ദേഹം ലണ്ടനിലെ ബിസിനസ് സ്‌കൂള്‍ ഓഫ് ഇംഗ്ലണ്ടില്‍ ഗവേഷണ വിഭാഗത്തിന്റെ മേല്‍നോട്ട ചുമതലയും വഹിച്ചിട്ടുണ്ട്.

അറിയപ്പെടുന്ന പ്രഭാഷകനും ഗവേഷകനുമായിരുന്നു. ജനീവയില്‍ നടന്ന ലോക സമാധാന സമ്മേളനത്തില്‍ പങ്കെടുത്ത് പ്രഭാഷണം നടത്തിയിട്ടുണ്ട്. കൗണ്‍സിലിങ് , പരിശീലനം, എഴുത്ത്, ഗവേഷണം തുടങ്ങിയ മേഖലകളിലും വ്യക്തിമുദ്ര പതിപ്പിച്ചു.

ഭാര്യ മേരി ജീന്‍ മക്കള്‍ ഷാരോണ്‍ ജോയി, റോമി ജോയി, റെമോ ജോയി. മരുമക്കള്‍ ; അഷേലി, അല്ലി സി കോശി, ജോസ്‌ന ജെയിംസ്. സംസ്‌കാരം സംബന്ധിച്ച വിവരങ്ങള്‍ പിന്നീട് അറിയിക്കുമെന്ന് കുടുംബം അറിയിച്ചു.




കൂടുതല്‍വാര്‍ത്തകള്‍.