
















ബ്രിട്ടനിലെ വെയില്‍സ് രാജകുമാരന്‍ വില്യമിനൊപ്പം ഭാര്യയും വെയില്‍സ് രാജകുമാരിയുമായ കേറ്റ് മിഡില്‍ടണും ഇന്ത്യ സന്ദര്‍ശിക്കും. ഈ ആഴ്ച നടക്കുന്ന എര്‍ത്ത്ഷോട്ട് വാര്‍ഷിക പുരസ്‌കാര ചടങ്ങില്‍ പങ്കെടുക്കുന്നതിനായാണ് ഇരുവരും ഇന്ത്യയിലെത്തുന്നത്. 2024-ല്‍ കാന്‍സര്‍ ചികിത്സയ്ക്ക് വിധേയയായതിന് ശേഷം കേറ്റ് നടത്തുന്ന ഏറ്റവും പ്രധാനപ്പെട്ട വിദേശ സന്ദര്‍ശനമാണിത്. മൂന്ന് ദിവസത്തെ സന്ദര്‍ശനത്തിനായാണ് വില്യമും കേറ്റും മുംബൈയിലെത്തുന്നത്. ചൊവ്വാഴ്ച നടക്കുന്ന എര്‍ത്ത്ഷോട്ട് പുരസ്‌കാരദാന ചടങ്ങാണ് സന്ദര്‍ശനത്തിലെ പ്രധാന പരിപാടി.മാപ്പുകള്‍ കാണുക
2024-ല്‍ കാന്‍സറിനെതിരായ പ്രതിരോധ കീമോതെറാപ്പിക്ക് വിധേയയായ കേറ്റിന്റെ വിദേശ സന്ദര്‍ശനങ്ങളില്‍ ഏറ്റവും ശ്രദ്ധേയമായ ഒന്നായിരിക്കും ഇത്. നിലവില്‍ കാന്‍സര്‍ രോഗമുക്തിയുടെ ഘട്ടത്തിലാണെങ്കിലും രോഗം ഇപ്പോഴും തന്റെ ജീവിതത്തെ ബാധിക്കുന്നുണ്ടെന്ന് കേറ്റ് നേരത്തെ വ്യക്തമാക്കിയിരുന്നു. പിതാവ് ചാള്‍സ് രാജാവിനെപ്പോലെ പരിസ്ഥിതി സംരക്ഷണ പ്രവര്‍ത്തനങ്ങള്‍ക്ക് വലിയ പ്രാധാന്യം നല്‍കുന്ന വില്യം 2020-ലാണ് എര്‍ത്ത്ഷോട്ട് വാര്‍ഷിക പുരസ്‌കാരം പ്രഖ്യാപിച്ചത്. കാലാവസ്ഥാ വ്യതിയാനത്തിന് പരിഹാരം കണ്ടെത്തുന്നതിനുള്ള നൂതന ആശയങ്ങള്‍ പ്രോത്സാഹിപ്പിക്കുകയാണ് പുരസ്‌കാരത്തിന്റെ ലക്ഷ്യം. പദ്ധതികള്‍ കൂടുതല്‍ വിപുലീകരിക്കുന്നതിനായി ഓരോ വര്‍ഷവും അഞ്ച് വിജയികള്‍ക്ക് പത്ത് ലക്ഷം പൗണ്ട് (ഏകദേശം 13 ലക്ഷം ഡോളര്‍) വീതം സമ്മാനമായി നല്‍കുന്നു.
എര്‍ത്ത്ഷോട്ട് പുരസ്‌കാര ചടങ്ങില്‍ ഇന്ത്യന്‍ ക്രിക്കറ്റ് ഇതിഹാസം സച്ചിന്‍ ടെന്‍ഡുല്‍ക്കര്‍, ബോളിവുഡ് താരം ആലിയ ഭട്ട്, നടന്‍ റാമി മാലെക് തുടങ്ങിയ പ്രമുഖരും പങ്കെടുക്കും. ബ്രിട്ടീഷ് പോപ്പ് സംഗീത ബാന്‍ഡായ ടേക്ക് ദാറ്റും ചടങ്ങില്‍ സംഗീതപരിപാടി അവതരിപ്പിക്കും. ഇതാദ്യമായാണ് സംഘം ഇന്ത്യയില്‍ പരിപാടി അവതരിപ്പിക്കുന്നത്. എര്‍ത്ത്ഷോട്ട് പുരസ്‌കാര ചടങ്ങിന് പുറമെ ബുധനാഴ്ച ഇരുവരും പ്രധാനമന്ത്രി നരേന്ദ്ര മോദിയുമായി കൂടിക്കാഴ്ച നടത്തും. പ്രതിരോധം, സാങ്കേതികവിദ്യ തുടങ്ങിയ മേഖലകളില്‍ ഇന്ത്യയും ബ്രിട്ടനും തമ്മിലുള്ള ഉഭയകക്ഷി ബന്ധത്തിന്റെ പ്രാധാന്യമാണ് കൂടിക്കാഴ്ചയിലൂടെ പ്രതിഫലിക്കുന്നതെന്ന് കെന്‍സിങ്ടണ്‍ കൊട്ടാര വക്താവ് പറഞ്ഞു. ആഗോളതലത്തില്‍ വില്യം കൂടുതല്‍ സജീവമായ പങ്കുവഹിക്കുന്നതിന്റെ ഭാഗമായാണ് കൂടിക്കാഴ്ചയെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
രോഗബാധയ്ക്ക് ശേഷം കേറ്റ് ഔദ്യോഗിക പരിപാടികളിലെ പങ്കാളിത്തം ഗണ്യമായി കുറച്ചിരുന്നു. ഓരോ ദിവസവും അതത് സാഹചര്യങ്ങള്‍ക്കനുസരിച്ച് മുന്നോട്ടുപോകാനാണ് ശ്രമിക്കുന്നതെന്നും അവര്‍ വ്യക്തമാക്കിയിരുന്നു. പൊതുപരിപാടികളിലെ സാന്നിധ്യം ക്രമേണ വര്‍ധിപ്പിച്ചെങ്കിലും വില്യമിന്റെ മുന്‍ വിദേശ സന്ദര്‍ശനങ്ങളില്‍ കേറ്റ് പങ്കെടുത്തിരുന്നില്ല. 2024-ന് ശേഷം കേറ്റിന്റെ ശ്രദ്ധേയമായ വിദേശ സന്ദര്‍ശനം ഈ വര്‍ഷം മേയില്‍ ഇറ്റലിയിലേക്കുള്ള യാത്രയായിരുന്നു. 'ആശുപത്രിയില്‍വെച്ച് എന്റെ രോഗമുക്തി ഒരു നേര്‍രേഖയിലൂടെയായിരിക്കില്ലെന്ന് ഡോക്ടര്‍മാര്‍ പറഞ്ഞിരുന്നു. നല്ല ദിവസങ്ങളും മോശം ദിവസങ്ങളും ഉണ്ടാകും. പൂര്‍ണമായി സുഖം പ്രാപിക്കാന്‍ സമയമെടുക്കും' എന്ന് വില്യം അതിഥി പത്രാധിപരായിരുന്ന കണ്‍ട്രി ലൈഫ് മാസികയ്ക്ക് നല്‍കിയ അഭിമുഖത്തില്‍ കേറ്റ് പറഞ്ഞിരുന്നു.