ചൊവ്വയിലെ ഉപരിതലത്തിലുള്ള പാറ തുരന്നു പൊടി ശേഖരിക്കുന്നതില് ക്യൂരിയോസിറ്റി വിജയിച്ചതായി നാസയിലെ ശാസ്ത്രജ്ഞര് വ്യക്തമാക്കി.
ഇതാദ്യമായാണു പാറ തുരക്കല് ദൗത്യത്തില് ക്യൂരിയോസിറ്റി ലക്ഷ്യം കാണുന്നത്. ചൊവ്വയിലെ ശിലാതലത്തില് ആറു സെന്റീമീറ്റര് വ്യാസമുള്ള ദ്വാരമാണ് ക്യൂരിയോസിറ്റി കുഴിച്ചത്. ഇതില്നിന്നു ലഭിച്ച ചാരനിറത്തിലുള്ള പൊടി വാഹനത്തില്ത്തന്നെയുള്ള ലാബിലേക്കു നീക്കും. ഇതിനു മുമ്പായി പൊടി അരിച്ചെടുക്കുന്ന ദൗത്യവും ക്യൂരിയോസിറ്റി നിര്വഹിക്കും.
വാഹനത്തിന്റെ 2.2 മീറ്റര് നീളമുള്ള റോബോട്ടിക് െകെകളുടെ അഗ്രത്തില് ഘടിപ്പിച്ചിരിക്കുന്ന തുരക്കല് സാമഗ്രിയാണു ലക്ഷ്യം കണ്ടത്. തുരക്കല് ദൗത്യത്തിനു മുന്നോടിയായി കഴിഞ്ഞയാഴ്ച പരീക്ഷണമെന്നോണം പാറയില് രണ്ടു സെന്റീമിറ്റര് വ്യാസമുള്ള ദ്വാരമാണ് ആദ്യം കുഴിച്ചത്. ഇതില്നിന്നു ലഭിച്ച പൊടി പരീക്ഷണവിധേയമാക്കാമെന്നു തിരിച്ചറിഞ്ഞ ശാസ്ത്രജ്ഞര് മറ്റൊരു കുഴി കൂടിയെടുക്കാനുള്ള നിര്ദേശം നല്കുകയായിരുന്നു.
അന്യഗ്രഹ പര്യവേഷണത്തിലെ നിര്ണായക നാഴികക്കല്ലാണു ക്യൂരിയോസിറ്റിയുടെ ദൗത്യത്തിലൂടെ ലക്ഷ്യത്തിലെത്തിയിരിക്കുന്നതെന്ന് നാസ ഗവേഷകര് പറഞ്ഞു. ഭൂമിയല്ലാതെ മറ്റൊരു ഗ്രഹോപരിതലത്തിലെ പാറ തുരന്നു പൊടി ശേഖരിക്കുന്നതില് ഇതുവരെ വിജയിച്ചിട്ടില്ലെന്നതും ക്യൂരിയോസിറ്റിയുടെ നേട്ടം അപൂര്വങ്ങളില് അപൂര്വമാക്കുന്നു.
ചൊവ്വയിലെ ജീവന്റെ സാന്നിധ്യം സംബന്ധിച്ച ചോദ്യങ്ങള്ക്ക് ഉത്തരം ലഭിക്കാന് വിക്ഷേപിക്കപ്പെട്ട ക്യൂരിയോസിറ്റി കഴിഞ്ഞ ഓഗസ്റ്റിലാണു ചൊവ്വയിലിറങ്ങിയത്. പാറകളുടെ ഉള്ഭാഗം തുരക്കാനുള്ള ദൗത്യത്തില് ജയം കണ്ടതോടെ ഗതകാലങ്ങളിലെപ്പോഴെങ്കിലും ചൊവ്വയില് ജീവന് നിലനിന്നിരുന്നോയെന്നതു സംബന്ധിച്ച് ചില സൂചനകളെങ്കിലും ലഭിക്കുമെന്നാണു ഗവേഷകരുടെ പ്രതീക്ഷ.