ഡാര്‍ലിംഗ്ടണ്‍ മെമ്മോറിയല്‍ ഹോസ്പിറ്റലില്‍ വനിതകളുടെ ചേഞ്ചിംഗ് റൂം ട്രാന്‍സ്‌ജെന്‍ഡര്‍ സഹജീവനക്കാരനൊപ്പം ഉപയോഗിക്കേണ്ടി വരുന്നതില്‍ പരാതിപ്പെട്ട നഴ്‌സുമാരെ പാഠം പഠിപ്പിക്കാന്‍ എന്‍എച്ച്എസ് മേധാവികള്‍ പിടിവാശി പിടിച്ചതായി റിപ്പോര്‍ട്ട്. പുരുഷനായി ജനിച്ച സ്വയം സ്ത്രീയായി അവകാശപ്പെട്ട സഹജീവനക്കാരനെ ഉപയോഗിച്ച് ട്രാന്‍സ്‌ജെന്‍ഡര്‍ വിഷയങ്ങളില്‍ നഴ്‌സുമാര്‍ക്ക് ക്ലാസെടുക്കാനാണ് എന്‍എച്ച്എസ് മേധാവികള്‍ ശ്രമിച്ചത്.
സംഭവത്തില്‍ നഴ്‌സുമാര്‍ ഉന്നയിച്ച പരാതിയില്‍ ട്രിബ്യൂണല്‍ വിചാരണ തിങ്കളാഴ്ച ആരംഭിക്കാന്‍ ഇരിക്കവെയാണ് ഈ വിവരങ്ങള്‍ പുറത്തുവരുന്നത്. തങ്ങളുടെ ചേഞ്ചിംഗ് റൂമില്‍ കറുത്ത ടൈറ്റ് ബോക്‌സര്‍ ഷോര്‍ട്‌സ് ധരിച്ച് നിന്ന ട്രാന്‍സ് സഹജീവനക്കാരന്‍ റോസ് ഹെന്‍ഡേഴ്‌സണ്‍ തങ്ങളുടെ ശ്രദ്ധ പിടിച്ചുപറ്റാനും, വസ്ത്രം മാറുമ്പോള്‍ തുറിച്ച് നോക്കി അസ്വസ്ഥരാക്കുകയും, സ്തനങ്ങളെ കുറിച്ച് കമന്റടിക്കുകയും ചെയ്‌തെന്നാണ് നഴ്‌സുമാരുടെ ആരോപണം.
എന്നാല്‍ ഇതിനെതിരെ പരാതിപ്പെട്ടപ്പോള്‍ മാനേജര്‍മാര്‍ ഞെട്ടിക്കുന്ന സമീപനമാണ് സ്വീകരിച്ചത്. പ്രത്യേകിച്ച് ഹെന്‍ഡേഴ്‌സനെ തന്നെ ഉപയോഗിച്ച് ക്ലാസെടുത്ത് ആളുകളെ അംഗീകരിക്കാന്‍ പഠിപ്പിക്കുമെന്നാണ് പറഞ്ഞത്. ട്രിബ്യൂണല്‍ മുന്‍പാകെ ഈ വാദങ്ങള്‍ അവതരിപ്പിക്കപ്പെടും.
തങ്ങളുടെ സ്വകാര്യതയ്ക്കുള്ള അവകാശം സംരക്ഷിക്കുന്നതില്‍ പരാജയപ്പെട്ടെന്നാണ് കൗണ്ടി ഡുര്‍ഹാം & ഡാര്‍ലിംഗ്ടണ്‍ എന്‍എച്ച്എസ് ഫൗണ്ടേഷന്‍ ട്രസ്റ്റിനെതിരെ ആശുപത്രിയിലെ എട്ട് ഡേ സര്‍ജറി നഴ്‌സുമാര്‍ പരാതി ഉന്നയിക്കുന്നത്. ട്രാന്‍സ്‌ജെന്‍ഡറായ ഹെന്‍ഡേഴ്‌സന് വനിതകളുടെ ചേഞ്ചിംഗ് റൂം ഉപയോഗിക്കാന്‍ അവകാശം നല്‍കിയത് വഴി തങ്ങളുടെ അവകാശം നിഷേധിക്കുകയും, ലൈംഗിക പീഡനം, വിവേചനം തുടങ്ങിയ പരാതികളും നഴ്‌സുമാര്‍ കൂട്ടിച്ചേര്‍ത്തു.