വര്‍ഷാവര്‍ഷം നടക്കുന്ന ക്ലോക്കിലെ സമയമാറ്റത്തിന് ഇനി ദിവസങ്ങള്‍ മാത്രമാണ് ബാക്കി. ഒക്ടോബറിലെ അവസാന ഞായറാഴ്ച യുകെയിലെ ക്ലോക്കുകള്‍ ഒരു മണിക്കൂര്‍ പിന്നിലേക്ക് മാറും. തണുപ്പ് കാലത്തിന്റെ വരവറിയിച്ചുള്ള ഈ സമയമാറ്റം ഇരുട്ടേറിയ പുലര്‍ച്ചകളും, വൈകുന്നേരങ്ങളുടെയും സൂചനകളാണ്.
എന്നാല്‍ ഇതോടൊപ്പം കാലാവസ്ഥ മാറുന്നുവെന്നതും ശ്രദ്ധേയമാണ്. ക്ലോക്കിലെ സമയം മാറാന്‍ ഒക്ടോബര്‍ 26 എത്തുമെങ്കിലും യുകെയില്‍ ഈയാഴ്ച മുതല്‍ തന്നെ കാലാവസ്ഥ മാറുകയും, തണുപ്പ് പ്രവേശിച്ച് തുടങ്ങുകയും ചെയ്യുമെന്നാണ് മുന്നറിയിപ്പ്. തണുത്തുറഞ്ഞ കാലാവസ്ഥ വ്യാപകമായി തന്നെ അനുഭവപ്പെട്ട് തുടങ്ങും.
വ്യാഴം, വെള്ളി ദിവസങ്ങളിലായി താപനില താഴ്ന്ന് തുടങ്ങും. താപനില ഒറ്റ അക്കത്തിലേക്ക് താഴുമെന്നാണ് സൂചന. പീക്ക് ഡിസ്ട്രിക്ടിലെ പെന്നൈന്‍സില്‍ ഇത് ഫ്രീസിംഗ് പോയിന്റിലേക്കും താഴും. കൗണ്ടി ഡുര്‍ഹാം, കംബ്രിയ, നോര്‍ത്തംബര്‍ലാന്‍ഡ് എന്നിവിടങ്ങളില്‍ താപനില -1 സെല്‍ഷ്യസ് വരെ കുറയുമെന്നാണ് കരുതുന്നത്.
വരും ദിവസങ്ങളില്‍ രാജ്യത്തിന്റെ എല്ലാ ബാഗത്തും ശക്തമായ, ചില ഘട്ടങ്ങളില്‍ ഇടിമിന്നലോട് കൂടിയ മഴ പെയ്യുമെന്ന് മെറ്റ് ഓഫീസ് പ്രവചിക്കുന്നു. ഇതോടെ രാത്രി കാലങ്ങളില്‍ തണുപ്പ് സാരമായി വ്യാപിക്കും. ഐസ് നിറഞ്ഞ സാഹചര്യത്തിലേക്കും, ചില ഭാഗങ്ങളില്‍ മഞ്ഞുവീഴ്ചയ്ക്കും സാധ്യതയുണ്ട്.
രാത്രിയോടെ തന്നെ താപനില കുറയാന്‍ സാധ്യതയുള്ളതിനാല്‍ ജനങ്ങള്‍ ഇതിനെ നേരിടാനുള്ള തയ്യാറെടുപ്പുകളും നടത്താനാണ് നിര്‍ദ്ദേശം. സ്‌കോട്ട്‌ലണ്ടിലെ ഗ്രാമീണ മേഖലകളില്‍ താപനില -7 സെല്‍ഷ്യസ് വരെ താഴാന്‍ ഇടയുള്ളപ്പോള്‍, ഇംഗ്ലണ്ടിലെ മറ്റ് റൂറല്‍ മേഖലകളില്‍ ഇത് -3 സെല്‍ഷ്യസ് വരെ താഴാം.