CURRENCY RATE -
1 GBP :
0.00 INR
1 EUR :
0.00 INR
1 USD :
0.00 INR
Last Updated :
1 Hours 13 Minutes 39 Seconds Ago
Breaking Now

ഇതെല്ലാം ബ്രിട്ടനില്‍ മാത്രം! പുരുഷ നഴ്‌സ് വനിതയായി വേഷമിട്ട് എ&ഇയില്‍ മാസങ്ങള്‍ ജോലി ചെയ്തു; തിരിമറി നടന്നത് കൊലയാളി നഴ്‌സ് ലൂസി ലെറ്റ്ബി ജോലി ചെയ്ത ആശുപത്രിയില്‍; മറ്റൊരു ഏജന്‍സി നഴ്‌സിന്റെ ഐഡന്റിറ്റിയുമായി ഹെല്‍ത്ത്‌കെയര്‍ അസിസ്റ്റന്റായി സേവനം ചെയ്ത കുടിയേറ്റക്കാരന് ശിക്ഷയില്ല

നൈജീരിയന്‍ വംശജയായ ജോര്‍ജ്ജ് തന്റെ പേര് ഉപയോഗിച്ച് ജോക്കുവിനെ ജോലി ചെയ്യാന്‍ അനുവദിക്കുകയായിരുന്നു

ഒരു പുരുഷ നഴ്‌സ് ഒരു വനിതാ നഴ്‌സിന്റെ ഐഡന്റിറ്റി അടിച്ചുമാറ്റി ആശുപത്രിയിലെ എ&ഇ യൂണിറ്റില്‍ ഗുരുതര രോഗബാധിതരെ പരിചരിച്ചുവെന്ന് കേട്ടാല്‍ ആരും മൂക്കത്ത് വിരല്‍വെയ്ക്കും. ഇതൊക്കെ നടക്കുമോ എന്ന് സംശയിക്കും. എന്നാല്‍ ഇത്തരമൊരു ഞെട്ടിക്കുന്ന വീഴ്ചയാണ് കൊലയാളി നഴ്‌സ് ലൂസി ലെറ്റ്ബി ജോലി ചെയ്ത എന്‍എച്ച്എസ് ആശുപത്രിയില്‍ അരങ്ങേറിയത്. 

കുടിയേറ്റക്കാരനായ പുരുഷ നഴ്‌സ് വനിതാ സുഹൃത്തിന്റെ ഐഡന്റിറ്റി ഉപയോഗിച്ചാണ് എ&ഇ യൂണിറ്റില്‍ പ്രവര്‍ത്തിച്ചത്. 33-കാരനായ ലൂസിയസ് ജോക്കുവാണ് ഏജന്‍സി നഴ്‌സ് ജോയ്‌സ് ജോര്‍ജ്ജിന്റെ പേര് വ്യാജമായി ഉപയോഗിച്ച് ചെസ്റ്ററിലെ കൗണ്ടസ് ഓഫ് ചെസ്റ്റര്‍ ആശുപത്രിയില്‍ ഹെല്‍ത്ത്‌കെയര്‍ അസിസ്റ്റന്റായി പ്രവര്‍ത്തിച്ചത്. 

ഈ ആശുപത്രിയില്‍ കുഞ്ഞുങ്ങളെ കൊലപ്പെടുത്തിയ കേസിലാണ് കൊലയാളി നഴ്‌സ് ലൂസി ലെറ്റ്ബി അകത്ത് കിടക്കുന്നത്. ഈ ആശുപത്രിയിലെ മൂന്ന് മുന്‍ സീനിയര്‍ മാനേജര്‍മാര്‍ അവഗണന മൂലമുള്ള നരഹത്യാ കുറ്റത്തില്‍ അന്വേഷണം നേരിടുകയാണ്. കെയര്‍ ക്വാളിറ്റി കമ്മീഷന്‍ ആശുപത്രിയുടെ നിലവാരം ഉയര്‍ത്താന്‍ ആവശ്യപ്പെട്ടിട്ടുണ്ട്. 

സ്ത്രീയുടെ പേരിലുള്ള എന്‍എച്ച്എസ് ബാഡ്ജ് ചിത്രത്തോടൊപ്പം ഉള്ളത് ധരിച്ചിട്ടും ജോക്കുവിനെ സഹജീവനക്കാര്‍ പോലും തിരിച്ചറിഞ്ഞില്ലെന്ന് ചെസ്റ്റര്‍ മജിസ്‌ട്രേറ്റ്‌സ് കോടതി വിചാരണയില്‍ വെളിപ്പെടുത്തി. ഒരു രോഗിക്ക് തോന്നിയ സംശയത്തില്‍ ചോദ്യം ചെയ്തപ്പോഴാണ് തന്റെ പേര് ജോയ്‌സ് എന്നാണെങ്കിലും താനൊരു പുരുഷനാണെന്ന് ഇയാള്‍ സമ്മതിച്ചത്. 

നൈജീരിയന്‍ വംശജയായ ജോര്‍ജ്ജ് തന്റെ പേര് ഉപയോഗിച്ച് ജോക്കുവിനെ ജോലി ചെയ്യാന്‍ അനുവദിക്കുകയായിരുന്നു. എന്നാല്‍ ഇയാള്‍ക്ക് എന്‍എച്ച്എസ് യൂണിഫോം എവിടെ നിന്നും ലഭിച്ചെന്ന് വ്യക്തമായിട്ടില്ല. ഇയാളുടെ ഭാര്യയും എന്‍എച്ച്എസില്‍ ജോലി ചെയ്യുന്നുണ്ട്. തട്ടിപ്പ് സമ്മതിച്ച ജോക്കുവിന് 16 മാസത്തെ ജയില്‍ശിക്ഷ 12 മാസത്തേക്ക് സസ്‌പെന്‍ഡ് ചെയ്ത് നല്‍കി. 80 മണിക്കൂര്‍ വേതനരഹിത ജോലിയും വിധിച്ചു. ഭാര്യയുടെ വര്‍ക്ക് വിസയില്‍ ഡിപ്പന്‍ഡന്റായി തുടരുന്നതിനാല്‍ ഇയാളെ നാടുകടത്താന്‍ സാധ്യത കുറവാണ്. അതേസമയം കൂട്ടുകാരി ജോയ്‌സ് ജോര്‍ജ്ജ് തട്ടിപ്പ് കുറ്റം ചുമത്തിയതോടെ നാടുവിട്ടു.




കൂടുതല്‍വാര്‍ത്തകള്‍.