ബജറ്റില്‍ ഭവനഉടമകളെ പിഴിയാന്‍ ചാന്‍സലര്‍ തയ്യാറാകുമെന്ന് റിപ്പോര്‍ട്ട്. ആയിരക്കണക്കിന് ഭവനഉടമകളെ കുരുക്കുന്ന പുതിയ കൗണ്‍സില്‍ ടാക്‌സ് ബാന്‍ഡ് വഴി ഉയര്‍ന്ന മൂല്യമുള്ള വീടുകളെ ലക്ഷ്യമിടുമെന്നാണ് ട്രഷറി വൃത്തങ്ങളെ ഉദ്ധരിച്ച് മെയില്‍ റിപ്പോര്‍ട്ട് ചെയ്യുന്നത്.
ലണ്ടനിലെ വീടുകളില്‍ കഴിയുന്നവരും, സൗത്ത് ഈസ്റ്റിലെ ഭവനഉടമകളുമാണ് പ്രധാനമായി ഇതിന് ഇരകളാകുക. ലേബര്‍ ഗവണ്‍മെന്റിന്റെ കണക്കുപുസ്തകം സന്തുലിതമാക്കാന്‍ 42 ബില്ല്യണ്‍ പൗണ്ട് കണ്ടെത്താനുള്ള ശ്രമത്തിലാണ് ചാന്‍സലര്‍ റേച്ചല്‍ റീവ്‌സ്.
ഉയര്‍ന്ന മൂല്യമുള്ള വീടുകളെ ലക്ഷ്യം വെയ്ക്കുന്ന പുതിയ കൗണ്‍സില്‍ ടാക്‌സ് ബാന്‍ഡുകള്‍ ട്രഷറിക്കും സന്തോഷമുള്ള കാര്യമാണ്. മെച്ചപ്പെട്ട വരുമാനമുള്ള ആളുകളില്‍ നിന്നും കൂടുതല്‍ നികുതി വരുമാനം നേടാമെന്നതാണ് ഇതിന്റെ പോസിറ്റീവ് കാര്യമായി കണക്കാക്കുന്നത്.
ഈ പാര്‍ലമെന്റ് കാലയളവില്‍ വീടുകളുടെ പുനര്‍മൂല്യം നടത്തില്ലെന്ന ഹൗസിംഗ് സെക്രട്ടറി സ്റ്റീവ് റീഡിന്റെ വാഗ്ദാനം മറികടക്കാതെ തന്നെ ഇത് സാധിക്കുമെന്നതും റീവ്‌സിന് ഗുണമാണ്. പുതിയ ബാന്‍ഡ് വഴി ലോക്കല്‍ അധികൃതര്‍ക്ക് പണം ലഭിക്കുമെന്നതും, ഗ്രാന്റുകള്‍ക്കായി ട്രഷറിയെ സമീപിക്കുന്ന രീതി കുറയ്ക്കാനും കഴിയുമെന്നതും ഇതിന്റെ മറ്റ് ഗുണങ്ങളായി കരുതുന്നു.
ഇംഗ്ലണ്ടില്‍ നിലവിലെ ഏറ്റവും ഉയര്‍ന്ന കൗണ്‍സില്‍ ടാക്‌സ് ബാന്‍ഡ് എച്ച് ആണ്. 1991-ല്‍ 320,000 പൗണ്ടിന് മുകളില്‍ മൂല്യമുള്ളതായി കണക്കാക്കിയ വീടുകള്‍ക്കാണ് ഇത് ബാധകം. ഇതിന് ശേഷം പുനര്‍മൂല്യനിര്‍ണ്ണം നടത്തിയിട്ടുമില്ല.